കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന് പിന്നാലെ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. മൂന്ന് താരങ്ങളുടെ വീടുകള്‍ ഉള്‍പ്പെടെ 19 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. രാവിലെ ആറരയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.ഭൂട്ടാനില്‍ നിന്നുള്ള കാര്‍ കടത്തലില് പ്രഥമദൃഷ്ട്യ ഫെമ നിയമങ്ങളുടെ (ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) മൂന്ന്, നാല്, എട്ട് എന്നീ വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനങ്ങള്‍ പിടിച്ചെടുത്ത വീടുകളില്‍ ഇഡിയും പരിശോധന നടത്തുന്നത്. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലുള്ള വീട്ടിലും ഇളംകുളത്തുള്ള വീട്ടിലുമാണ് ഇഡി പരിശോധന നടത്തുന്നത്.
കൊച്ചിയില്‍ പരിശോധന നടക്കുന്ന സമയത്ത് തന്നെ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചെന്നൈയിലുള്ള വീട്ടിലും ഇഡിയുടെ പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്മാന് നിലവില്‍ ചെന്നൈയിലാണ് ഉള്ളത്. ഇതിനുപുറമെ, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലുള്ള വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൊച്ചിക്ക് പുറമെ, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.
വാഹനം എത്തിച്ചതുമായി ബന്ധപ്പെട്ട പണമിടപാടാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വാഹനങ്ങളുടെ പൂര്‍ണമായ രേഖകള്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ എത്തിക്കുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്യുന്ന കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കും. ഓപ്പറേഷന് നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഭൂട്ടാനില്‍ നിന്ന് എത്തിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചത്. ഭൂട്ടാനില്‍ നിന്ന് 200-ഓളം എസ്യുവികള് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയില്‍ 39 വാഹനങ്ങളാണ് കേരളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ദുല്‍ഖര്‍ സല്മാന്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ നിന്ന് വാഹനം കണ്ടുകെട്ടിയിരുന്നു. 150 മുതല്‍ 200 വാഹനങ്ങള്‍വരെ ഭൂട്ടാനില്‍നിന്ന് കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരുന്നത്. ഇതില്‍ 90 ശതമാനത്തിന്റെയും രേഖകള്‍ വ്യാജമാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞു.ഇതിനുശേഷമായിരുന്നു വാഹനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന നടന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായ സംഘമാണ് ഇതിന് പിന്നില്‍. ഇവര്‍ ഭൂട്ടാനിലേക്ക് ഇന്ത്യന്‍ കറന്‍സി അയച്ചുകൊടുക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.