എടപ്പാൾ: അന്തരിച്ച ചിന്തകനും ഭാരതീയ വിചാര കേന്ദ്രം സ്ഥാപകനുമായ പി. പരമേശ്വരൻ ഒരു സമർപ്പണത്തിൻ്റെ പാഠപുസ്തകമാണ് എന്ന് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.കെ. അജിത് അഭിപ്രായപ്പെട്ടു. യുവതലമുറ പരമേശ്വർജിയുടെ ജീവിതം പഠിക്കാനും മനസ്സിലാക്കാനും അവസരമുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ വിചാര കേന്ദ്രം എടപ്പാളിൽ സംഘടിപ്പിച്ച പരമേശ്വർജി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എം.കെ. അജിത്.

യോഗത്തിൽ രാജൻ ആലങ്കോട് അധ്യക്ഷത വഹിച്ചു. പരമേശ്വർജിയുമായുള്ള വ്യക്തിപരമായ അനുഭവങ്ങൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. അദ്ദേഹത്തിൻ്റെ ലാളിത്യവും സ്നേഹത്തോടെയുള്ള പെരുമാറ്റവും ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണെന്നും രാജൻ ആലങ്കോട് പറഞ്ഞു.
പരമേശ്വർജിയെ അനുസ്മരിക്കേണ്ടത് അദ്ദേഹത്തിൻ്റെ ധൈഷണിക സംഭാവനകൾ വരും തലമുറയിലേക്ക് എത്തിച്ചുകൊണ്ടാകണം എന്ന് ചടങ്ങിൽ പങ്കെടുത്ത മലയത്ത് പരമേശ്വരൻ അഭിപ്രായപ്പെട്ടു.
പരമേശ്വർജി രചിച്ച 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ', 'വിവേകാനന്ദനും മാർക്സും', 'ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ', 'മാർക്സിൽ നിന്നും മഹർഷിയിലേക്ക്', 'മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും', 'ദിശാബോധത്തിന്റെ ദർശനം' തുടങ്ങിയ ഗ്രന്ഥങ്ങൾ എക്കാലത്തേക്കും ദിശാബോധം നൽകുന്നവയാണ് എന്ന് ചടങ്ങിൽ പങ്കെടുത്ത പി. കൃഷ്ണാനന്ദൻ അനുസ്മരിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ, സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖം എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പരമേശ്വരൻ. ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർ.എസ്സ്.എസ്സിന്റെ പ്രവർത്തനങ്ങളിലൂടെയാണ് പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളർച്ച ലക്ഷ്യമാക്കി അദ്ദേഹം സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രം മേധാവി, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എന്നീ സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചു. 2020 ഫെബ്രുവരി 9-ന് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒറ്റപ്പാലം പാലപ്പുറം പടിഞ്ഞാറേക്കര ആയുർവേദാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.
വിജയൻ കുമ്മറമ്പിൽ, ഉണ്ണികൃഷ്ണൻ , കെ., ശ്രീജേഷ് എന്നിവരും സമ്മേളനത്തിൽ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.