ചാലിശ്ശേരി: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച്, ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പോൾവാൾട്ട് താരം കെ.യു. യദുകൃഷ്ണൻ ഇന്ന് (തിങ്കളാഴ്ച) മത്സരത്തിനിറങ്ങും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മണിക്കാണ് യദുവിന്റെ പോൾവാൾട്ട് ഇനത്തിലെ പോരാട്ടം.
സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട്, ഞായറാഴ്ച തന്നെ തിരുവനന്തപുരത്തെത്തിയ യദു തീവ്ര പരിശീലനത്തിലാണ്. കഴിഞ്ഞ വർഷം സംസ്ഥാന കായികമേളയിൽ അഞ്ചാം സ്ഥാനം നേടിയ യദുകൃഷ്ണന് ഇത്തവണ സുവർണ്ണ നേട്ടം സ്വന്തമാക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് സ്കൂളും ചാലിശ്ശേരി ഗ്രാമവും.
ഉയരം കീഴടക്കിയ പോരാളി
ഉറച്ച മനസ്സും സ്വന്തം കായികശേഷിയും കൈമുതലാക്കി, മുളത്തണ്ട് ഉപയോഗിച്ച് ചാടിത്തുടങ്ങിയ യദു കൃഷ്ണൻ, കഴിഞ്ഞ രണ്ടു വർഷവും പാലക്കാട് ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത ഉറപ്പിച്ചത്. 2023-ൽ കുന്നംകുളത്ത് നടന്ന കായികമേളയിൽ മുളത്തണ്ട് ഉപയോഗിച്ച് 2.80 മീറ്റർ ഉയരം ചാടി യദു ഏഴാം സ്ഥാനത്തെത്തിയിരുന്നു.
എന്നാൽ, എം.പി. സുരേഷ് ഗോപി സ്കൂളിന് സമ്മാനിച്ച ആധുനിക പോൾവാൾട്ട് സംവിധാനം ഉപയോഗിച്ച് യദുവിന്റെ പ്രകടനം കുതിച്ചുയർന്നു. കഴിഞ്ഞ ആഴ്ച നടന്ന പാലക്കാട് ജില്ലാ കായികോത്സവത്തിൽ സീനിയർ പോൾവാൾട്ട് വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും താരം സ്വർണം നേടി. അന്ന് കുറിച്ച 3.50 മീറ്റർ ഉയരം യദുവിന്റെ നിലവിലെ ഫോം വ്യക്തമാക്കുന്നു.
ദേശീയ വേദിയിലെ തിളക്കം
സ്‌കൂൾ കായികമേളയ്ക്ക് പുറമെ, ദേശീയ തലത്തിലും യദു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ എറണാകുളത്ത് നടന്ന 69-ാമത് കേരള സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ-20 പുരുഷ വിഭാഗത്തിൽ വെള്ളി മെഡൽ നേടി. കൂടാതെ, രണ്ടാഴ്ച മുമ്പ് ഒഡീഷയിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മത്സരത്തിൽ കേരളത്തിന് വേണ്ടി ഒമ്പതാം സ്ഥാനത്തും എത്തി.
കായികാധ്യാപികയായ ഷക്കീല മുഹമ്മദ്, കോച്ച് മാരായ ഉണ്ണികൃഷ്ണൻ, വിജേഷ് എന്നിവരുടെ മികച്ച പരിശീലനമാണ് യദുകൃഷ്ണന്റെ ഈ നേട്ടങ്ങൾക്ക് പിന്നിലെ ഊർജ്ജം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.