മുംബൈ :മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന ഡോക്ടറുടെ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാകുമ്പോഴാണ് കേസിന്റെ ഭയാനകമായ വിശദാംശങ്ങൾ വെളിപ്പെടുന്നത്.
26 വയസ്സുള്ള ഡോക്ടർ മരിക്കുന്നതിന് മുൻപ് എഴുതിയ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഒരു പാർലമെന്റ് അംഗം (എംപി) അടക്കമുള്ളവരുടെ ഭീഷണികളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് എംപി തന്നെ പരോക്ഷമായി ഭീഷണിപ്പെടുത്തിയതെന്ന് ഡോക്ടർ കുറിപ്പിൽ പറയുന്നു.
ഫൽട്ടാൻ ഉപജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്ടർ, പോലീസ് കേസുകളിലെ പ്രതികൾക്ക് വ്യാജ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ താൻ നിർബന്ധിതയായിരുന്നു എന്നും കത്തിൽ വെളിപ്പെടുത്തുന്നു. പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഒരു എംപിയിൽ നിന്നും അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റുമാരിൽ നിന്നും നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളെയും നിർബന്ധങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ കത്തിൽ പറയുന്നുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പോലീസ് സബ് ഇൻസ്പെക്ടർ ഗോപാൽ ബദ്നെ തന്നെ നാല് തവണ ബലാത്സംഗം ചെയ്യുകയും അഞ്ചു മാസത്തിലധികം മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തുവെന്ന് ഡോക്ടർ കൈവെള്ളയിൽ എഴുതിവെച്ചിരുന്നു. 23 മാസമായി ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർക്ക് നിർബന്ധിത ഗ്രാമീണ സേവന ബോണ്ട് പൂർത്തിയാക്കാൻ ഒരു മാസം കൂടി മതിയായിരുന്നു. അതിനുശേഷം ഉപരിപഠനത്തിനായി പോകാനാണ് അവർ പദ്ധതിയിട്ടിരുന്നത്.
സമ്മർദ്ദ തന്ത്രങ്ങൾ: പോലീസ് ഉദ്യോഗസ്ഥരും എംപിയും
മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കാത്ത പ്രതികൾക്ക് പോലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ പോലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയതായി യുവഡോക്ടർ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ ബദ്‌നെ ഉൾപ്പെടെയുള്ളവരുടെ പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നു.
ഒരു സംഭവം വിവരിക്കവെ, വ്യാജ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഒരു എംപിയുടെ രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാർ ആശുപത്രിയിൽ എത്തുകയും ഫോണിലൂടെ അദ്ദേഹവുമായി സംസാരിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും ഡോക്ടർ എഴുതി. എംപി തന്നെ പരോക്ഷമായി ഭീഷണിപ്പെടുത്തി എന്നും അവർ ആരോപിക്കുന്നു.
ബന്ധുവിന്റെ വെളിപ്പെടുത്തലുകൾ
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകാൻ ഡോക്ടർക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്ന് അവരുടെ ബന്ധുവും വെളിപ്പെടുത്തി. "രണ്ടോ മൂന്നോ തവണ അവർ പരാതി നൽകിയിരുന്നു. എസ്പിക്ക് (പോലീസ് സൂപ്രണ്ട്), ഡിഎസ്പിക്ക് (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്) എന്നിവർക്ക് കത്തെഴുതിയിട്ടും ഒരു നടപടിയും ഉണ്ടായില്ല," ബന്ധു വെള്ളിയാഴ്ച എൻഡിടിവിയോട് പറഞ്ഞു.
"തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരായിരിക്കും ഉത്തരവാദിയെന്ന് അവർ കത്തിൽ ചോദിച്ചിരുന്നു. ആശുപത്രി പരിസരത്തെ സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി, പക്ഷേ ഒന്നും സംഭവിച്ചില്ല. അവൾ ഡിഎസ്പിയെ വിളിച്ചപ്പോഴും തിരികെ വിളിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്, എന്നാൽ ആരും ഒരു നടപടിയും എടുത്തില്ല," ബന്ധു കൂട്ടിച്ചേർത്തു. വീട്ടുടമയായ പ്രശാന്ത് ബാങ്കർ മാനസികമായി പീഡിപ്പിച്ചതായും കത്തിൽ പരാമർശമുണ്ട്.
പോലീസ് നടപടിയും രാഷ്ട്രീയ കോലാഹലവും
സംഭവത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ഗോപാൽ ബദ്‌നെ, വീട്ടുടമ ബാങ്കർ എന്നിവർക്കെതിരെ ബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
"ഇതുവരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ അന്വേഷണം നടത്തുകയാണ്. സത്താറ ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു," കൊൽഹാപൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുനിൽ ഫുലാരി പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഡോക്ടറുടെ മരണം രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
"രക്ഷകനായിരിക്കേണ്ട പോലീസ് തന്നെ ചൂഷകരാകുമ്പോൾ നീതി എങ്ങനെ ലഭിക്കും? പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് ഒരു നടപടിയും എടുക്കാതിരുന്നത്? പോലീസ് അതിക്രമങ്ങൾ വർധിക്കാൻ കാരണം മഹാരാഷ്ട്ര സർക്കാർ പോലീസിനെ തുടർച്ചയായി സംരക്ഷിക്കുന്നതാണ്," കോൺഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡെട്ടിവാർ എക്‌സിലെഴുതിയ പോസ്റ്റിൽ പറയുന്നു.
എന്നാൽ, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ബിജെപി നേതാവ് ചിത്ര വാഗ് ഉറപ്പ് നൽകി. "സംഭവം നിർഭാഗ്യകരമാണ്, ഞാൻ സത്താറ പോലീസ് സൂപ്രണ്ടുമായി സംസാരിച്ചു. ഡോക്ടർ നേരത്തെ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേസിൽ എല്ലാ വിവരങ്ങളും അന്വേഷിക്കും," വാഗ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.