പെർത്ത്: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കായി ഇന്ത്യൻ ടീം തയാറെടുക്കുമ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രം വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയുമാണ്. ഏഴു മാസത്തെ ഇടവേളക്കുശേഷമാണ് ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ടെസ്റ്റ്, ട്വന്‍റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോഹ്ലിയും രോഹിത്തും നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്
2027 ഏകദിന ലോകകപ്പ് വരെ ഇരുവരും ടീമിലുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതോ ഓസീസ് പരമ്പര ഇന്ത്യക്കുവേണ്ടിയുള്ള അവസാന മത്സരമാകുമോ? മാർച്ചിൽ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലാണ് ഇരുവരും അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. 19ന് പെർത്തിലാണ് ആദ്യ ഏകദിനം. 23ന് അഡലെയ്ഡിലും 25ന് സിഡ്നിയിലും മത്സരമുണ്ട്.അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ കളി 29ന് നടക്കും. അതേസമയം, പരമ്പരയിൽ 36കാരനായ കോഹ്ലിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോഡുകളാണ്. ഒരു സെഞ്ച്വറി നേടിയാൽ ഏകദിന ക്രിക്കറ്റിൽ താരത്തിന്‍റെ സെഞ്ച്വറി റെക്കോഡ് 52ലെത്തും. 2023 ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കറെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന ചരിത്രം കുറിച്ചത്.
ക്രിക്കറ്റിന്‍റെ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. നിലവിൽ 51 സെഞ്ച്വറികളുമായി സചിനും (ടെസ്റ്റിൽ) കോഹ്ലിയും (ഏകദിനത്തിൽ) ഒപ്പത്തിനൊപ്പമാണ്. ഒരു സെഞ്ച്വറി കൂടി നേടുന്നതോടെ സചിനെ മറികടന്ന് കോഹ്ലി റെക്കോഡ് സ്വന്തം പേരിലാക്കും. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലുമായി കൂടുതൽ സെഞ്ച്വറികളെന്ന റെക്കോഡ് സചിനു തന്നെയാണ്, നൂറു സെഞ്ച്വറികൾ (ടെസ്റ്റിൽ 51ഉം ഏകദിനത്തിൽ 49ഉം). 82 സെഞ്ച്വറികളുമായി കോഹ്ലി രണ്ടാമതാണ് (ഏകദിനത്തിൽ 51, ടെസ്റ്റിൽ 30, ട്വന്‍റി20യിൽ ഒന്ന്).കൂടാതെ, ഏകദിനത്തിൽ ഓസീസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന സചിന്‍റെ റെക്കോഡിനൊപ്പമെത്താനും കോഹ്ലിക്ക് കഴിയും. ഓസീസിനെതിരെ ഒമ്പതു ഏകദിന സെഞ്ച്വറികളാണ് സചിന്‍റെ പേരിലുള്ളത്. എട്ടു സെഞ്ച്വറികളുമായി കോഹ്ലിയും രോഹിത്തുമാണ് രണ്ടാമതുള്ളത്. മൂന്നു ഫോർമാറ്റിലുമായി 17 സെഞ്ച്വറികളാണ് ഓസീസിനെതിരെ കോഹ്ലി നേടിയത്. 20 സെഞ്ച്വറികളുള്ള സചിനാണ് പട്ടികയിൽ ഒന്നാമത്.അതേസമയം, 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ രോഹിതും കോഹ്ലിയും ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉറപ്പ് പറയാനാകില്ലെന്നാണ് പരിശീലകൻ ഗൗതം ഗംഭീർ കഴിഞ്ഞദിവസം പ്രതികരിച്ചത്. ‘2027 ഏകദിന ലോകകപ്പിലേക്ക് ഇനിയും രണ്ടര വർഷം ദൂരമുണ്ട്. വർത്തമാനകാലത്ത് തുടരുക എന്നത് ഏറെ പ്രധാനമാണ്. കോഹ്ലിയും രോഹിതും യോഗ്യരായ താരങ്ങളാണ്. ആസ്ട്രേലിയയിൽ ഇരുവർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയട്ടെ’ -ഗംഭീർ പറഞ്ഞു.കോഹ്ലിയും രോഹിത്തും ഇന്ത്യയുടെ ലോകകപ്പ് പദ്ധതിയിലുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിൽനിന്ന് മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഒഴിഞ്ഞുമാറിയിരുന്നു. അതേസമയം, ഇവരിൽനിന്ന് വ്യത്യസ്ത നിലപാടാണ് നായകൻ ശുഭ്മൻ ഗിൽ സ്വീകരിച്ചത്. ഐ.സി.സി ടൂർണമെന്‍റുകളിലെ കോഹ്ലിയുടെയും രോഹിത്തിന്‍റെയും അനുഭവപരിചയവും മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവും ടീമിന് ആവശ്യമുണ്ടെന്നാണ് ഗിൽ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.