മല്ലപ്പള്ളി: ആശ പ്രവർത്തകയായ വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിന് തീവെച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. കീഴ്വായ്പൂർ പുളിമല വീട്ടിൽ രാമൻകുട്ടിയുടെ ഭാര്യ ലതാകുമാരിയുടെ (61) വീടിന് തീപിടിച്ച് ഇവർക്ക് പൊള്ളലേറ്റ സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ സുമയ്യ സുബൈറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ഓൺലൈൻ ട്രേഡിൽ പണം നഷ്ടപ്പെട്ട് അമ്പതുലക്ഷം രൂപയോളം കടബാധ്യതയിലായ സുമയ്യ പണം കണ്ടെത്താൻ ആസൂത്രണം ചെയ്തതാണ് ക്രൂരകൃത്യം. നാലരപ്പവൻ വരുന്ന ആഭരണങ്ങൾ തട്ടിയെടുത്തശേഷം തെളിവ് നശിപ്പിക്കാനാണ് തീയിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ലതാകുമാരിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി വീട്ടിലെത്തിയ സുമയ്യ സ്വർണാഭരണങ്ങൾ ലതാകുമാരിയോട് ആവശ്യപ്പെട്ടു. നൽകാത്തതിനെത്തുടർന്ന് കഴുത്തിൽ കത്തികൊണ്ട് കുത്തുകയും വളയും മാലയും ഊരിയെടുത്തശേഷം കട്ടിലിൽ കിടന്ന മെത്തക്ക് തീയിട്ട് കടന്നുകളയുകയുമായിരുന്നു.ലതാകുമാരിയുടെ നെഞ്ച്, വയറ്, ഇടുപ്പുഭാഗം എന്നിവിടങ്ങളിൽ സാരമായി പൊള്ളലേറ്റു. ഇടതുകണ്ണിന് താഴെയും കഴുത്തിലും മുറിവുണ്ടായിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട ആഭരണങ്ങൾ ഇവരുടെ വീടിന്റെ ശൗചാലയത്തിലെ ഫ്ലഷ് ടാങ്കിൽനിന്ന് കണ്ടെടുത്തു. ലതാകുമാരിയുടെ മകളും കുടുംബവും ലണ്ടനിലാണ്. സുമയ്യ കോയിപ്രം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ്.
സുമയ്യയുടെ സാമ്പത്തിക ഇടപാടുകളും ബാധ്യതയും ഭർത്താവ് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇവർ കീഴ്വായ്പൂർ പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. കീഴ്വായ്പൂർ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.