മുംബൈ: അമേരിക്കയുടെ തുടർച്ചയായ സമ്മർദത്തിനിടയിലും ഇന്ത്യയിലേക്കുള്ള റഷ്യൻ അസംസ്കൃത എണ്ണയുടെ ഒഴുക്കു തുടരുന്നു. സെപ്റ്റംബറിലും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യതന്നെയാണ് മുന്നിൽ. എന്നാൽ, ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇറക്കുമതിയിൽ നേരിയ കുറവുണ്ടായിട്ടുണ്ടെന്ന് ആഗോളതലത്തിൽ എണ്ണനീക്കം സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്യുന്ന കെപ്ലറിന്റെ റിപ്പോർട്ടിൽ പറയുന്നു
അമേരിക്ക ചുമത്തിയ പിഴത്തീരുവയും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന തുടർച്ചയായുള്ള സമ്മർദവും അവഗണിച്ചാണ് ഇന്ത്യ എണ്ണയെത്തിക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നും റഷ്യയിൽനിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു, 33.8 ശതമാനം വരെ. 2025 ഏപ്രിലിലെ 40.26 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു കുറവാണ്.അതേസമയം, മധ്യേഷ്യയിലെ പരമ്പരാഗത രാജ്യങ്ങളിൽനിന്നുള്ള മൊത്തം ഇറക്കുമതി 44 ശതമാനം വരും. ഇറാഖിൽനിന്ന് 18.7 ശതമാനം, സൗദി അറേബ്യയിൽനിന്ന് 12.8 ശതമാനം, യുഎഇയിൽനിന്ന് 12.6 ശതമാനം എന്നിങ്ങനെയാണിത്. എണ്ണ സ്രോതസ്സ് വിപുലപ്പെടുത്താനും ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറിൽ നൈജീരിയ 4.9 ശതമാനം, അങ്കോള 2.7 ശതമാനം എന്നിങ്ങനെ എണ്ണയെത്തിച്ചു. അമേരിക്കയിൽനിന്നുള്ള ഇറക്കുമതി 4.3 ശതമാനമാണ്. അമേരിക്കയുടെ സമ്മർദം ഫലിക്കുന്നില്ലെന്ന് പറയാനാകില്ലെന്ന് കെപ്ലർ പറയുന്നുണ്ട്. റഷ്യയിൽനിന്നുള്ള ചരക്കുവരവിൽ കുറവുണ്ടായിട്ടുണ്ടെന്നത് കണക്കുകളിൽ വ്യക്തംഏകദേശം 15.98 ലക്ഷം വീപ്പ എണ്ണയാണ് ദിവസവും റഷ്യയിൽനിന്ന് ഇന്ത്യയിലേക്കു വരുന്നതെന്നാണ് കണക്ക്. ഓഗസ്റ്റിനെ അപേക്ഷിച്ച് പത്തുശതമാനംവരെ കുറവാണിത്. അമേരിക്കൻ സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എണ്ണസംസ്കരണ കമ്പനികൾ എണ്ണ വാങ്ങുന്നതിനുള്ള സ്രോതസ്സ് വിപുലമാക്കാൻ നിർബന്ധിതമാകുന്നതായും കെപ്ലർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.