കൊച്ചി∙ വാഹനക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഭൂട്ടാൻ സർക്കാരിന്റെ സഹായം തേടുമ്പോഴും കസ്റ്റംസിനു മുന്നിലുള്ളത് വലിയ പ്രതിബന്ധങ്ങൾ. അതിലേറ്റവും മുഖ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു കടത്തിയ ആയിരത്തോളം വാഹനങ്ങൾ എവിടെ നിന്ന്, എങ്ങനെ എത്തിച്ചു എന്നതാണ്. അതിൽ ഭൂട്ടാൻ വഴി കടത്തിയ വാഹനങ്ങൾ എത്രയുണ്ടെന്ന് അറിയേണ്ടതും പ്രധാനമാണ്.
അന്വേഷണം വിപുലപ്പെടുത്തിയാൽ ഭൂട്ടാനു പുറമെ ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളും തേടേണ്ടി വരുമെന്നു ചുരുക്കം. ഭൂട്ടാൻ സൈന്യം ഉപയോഗിച്ച ശേഷം ആക്രിയായി വിൽക്കുന്ന വാഹനങ്ങൾ ചെറിയ വില കൊടുത്ത് വാങ്ങി ഇന്ത്യയിലേക്ക് കടത്തി റജിസ്ട്രേഷൻ നടത്തി വൻ വിലയ്ക്ക് വിൽക്കുന്നു എന്ന വിവരമാണ് ഇതുവരെ പുറത്തുവന്നത്. പർവതമേഖലകളിൽ പട്രോളിങ്ങിനും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഭൂട്ടാൻ ആർമി മൂന്നോ നാലോ വർഷം കഴിയുമ്പോൾ ഉപേക്ഷിക്കുന്നത്എന്നാൽ കഴിഞ്ഞ 13 വർഷത്തിനിടെ ഭൂട്ടാൻ സൈന്യം ഇത്തരത്തിൽ ലേലം ചെയ്തിട്ടുള്ളത് വെറും 117 വാഹനങ്ങൾ മാത്രമമാണെന്ന് അറിയുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാവുക. അതായത്, ഭൂട്ടാൻ സൈന്യത്തിന്റേത് എന്ന പേരിൽ ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ റജിസ്ട്രേഷനോടെ വിറ്റഴിച്ച വാഹനങ്ങൾ ഭൂരിഭാഗവും മറ്റു രാജ്യങ്ങളിൽനിന്ന് ഭൂട്ടാൻ വഴിയോ അല്ലെങ്കിൽ, ഇന്ത്യൻ തുറമുഖങ്ങൾ വഴിയോ എത്തിച്ചതായിരിക്കാം എന്നാണ് വിവരം.കേരളത്തിൽ മാത്രം 200ഓളം ആഡംബര വാഹനങ്ങൾ ഇത്തരത്തിൽ എത്തിയുണ്ട് എന്നാണ് കസ്റ്റംസ് പറയുന്നത്. അതിൽ 39 എണ്ണം മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായതും. ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പഴക്കം ചെന്ന പ്രീമിയം കാറുകൾ ഇത്തരത്തിൽ ഭൂട്ടാനിലേക്കോ നേരിട്ട് ഇന്ത്യയിലേക്കോ എത്തിച്ചിരിക്കാം എന്നതാണ് ഒരു നിഗമനം. സിംഗപ്പൂർ, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങൾ വഴിയും ഇത്തരത്തിൽ വാഹനങ്ങൾ എത്തിച്ചിരിക്കാൻ സാധ്യതയുണ്ട്. 2016–17ൽ യുകെയിൽ നിന്ന് മോഷണം പോയ 30 ആഡംബര വാഹനങ്ങൾ തായ്‍ലൻഡിലെ ബാങ്കോക്കിൽ കണ്ടെത്തിയത് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട വാർത്തയായിരുന്നു
കഴിഞ്ഞ വര്‍ഷമാണ് ഇത് യുകെയിലേക്ക് തിരികെ എത്തിച്ചത്. യുകെയിൽ നിന്ന് മോഷ്ടിച്ചതോ മറ്റു മാർഗങ്ങളിലൂടെ കരസ്ഥമാക്കുകയോ ചെയ്ത വാഹനങ്ങൾ വ്യാജരേഖകൾ ഉപയോഗിച്ച് വിമാനമാർഗം സിംഗപ്പൂരിലും കപ്പൽ മാർഗം ബാങ്കോക്കിലും എത്തിക്കുകയായിരുന്നു. ഒരു പക്ഷേ ഇത്തരത്തിൽ കൊറിയ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിൽ നിന്ന് മോഷണം പോവുകയോ പഴക്കം ചെന്ന് ആക്രിവിലയ്ക്ക് വിൽക്കുകയോ ചെയ്യുന്ന വാഹനങ്ങളായിരിക്കാം കടൽ കടന്ന് ഇന്ത്യയിലേക്ക് എത്തുന്നത്.പ്രീമിയം കാറുകൾ ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഇന്ത്യയിലെ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിൽ ഏറ്റവും ജനപ്രിയ ബ്രാൻഡായ ടൊയോട്ട ലാൻഡ് ക്രൂസർ കാറുകൾ 765 എണ്ണമാണ് ഈ വർഷം ഇതുവരെ ജപ്പാനിൽ നിന്നു മോഷണം പോയത്. വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ പക്കലുള്ള പട്ടികയിൽ വലിയൊരു സംഖ്യ ലാൻഡ് ക്രൂസറാണ്.
മലയാളികൾക്കും ഇന്ത്യക്കാർക്കു പൊതുവേയും ഈ വാഹനത്തോടുള്ള ഭ്രമം വാഹനക്കടത്തുകാർ മുതലെടുക്കുകയും ചെയ്തിട്ടുണ്ട്. 2024ൽ 688, 2023ൽ 383 ലാൻഡ് ക്രൂസറുകളാണ് ജപ്പാനിൽ മോഷണം പോയത്. ഇന്ത്യൻ നിരത്തുകളിലോടുന്ന പല ആഡംബര വാഹനങ്ങളുടെയും ചരിത്രം ചികഞ്ഞാൽ ചിലപ്പോൾ ഈ രാജ്യങ്ങളിലാവും എത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.