അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി മന്ത്രിസഭ പുനഃസംഘടനയിൽ താരമായി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയുടെ ഭാര്യ റിവാബ ജദേജ. ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ്‍വി പുതിയ ഉപമുഖ്യമന്ത്രിയായി 25 അംഗ മന്ത്രിസഭ വെള്ളിയാഴ്ച രാവിലെയാണ് അധികാരമേറ്റത്. മുൻ മന്ത്രിസഭയിലെ മൂന്നു പേരെ മാത്രം നിലനിർത്തുകയും, 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്ത് പുനഃസംഘടിപ്പിച്ച മന്ത്രിസഭയിലേക്ക് 34കാരിയായ റിവാബയുടെ അപ്രതീക്ഷിത കടന്നുവരവാണ് ചർച്ചയാകുന്നത്
ബാറ്റിങ്ങിലും ബൗളിങ്ങിലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഉൾപ്പെടെ എല്ലാ ഫോർമാറ്റിലും ഓൾറൗണ്ട് സാന്നിധ്യമായി റോക് സ്റ്റാറായ രവീന്ദ്ര ജദേജയുടെ മാതൃകയിൽ രാഷ്ട്രീയത്തിലെ റോക് സ്റ്റാറായി റിവാബ ജദേജയെ വിശേഷിപ്പിക്കുന്നു. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ റിവാബ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല വഹിക്കും.2019ൽ മാത്രം ബി.ജെ.പിയിൽ ചേർന്ന്, സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഇവർ, ചുരുങ്ങിയ കാലത്തിനുള്ളിലാണ് മന്ത്രിസഭയിലും അംഗമായി മാറുന്നത്. ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള ഗുജറാത്തിൽ അഞ്ചു വർഷം മുമ്പു മാത്രം പാർട്ടിയിൽ അംഗത്വമെടുത്ത റിവാബയെ മന്ത്രിയാക്കാനുള്ള തീരുമാനത്തെ അപ്രതീക്ഷിത നീക്കമായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ റിവാബയുടെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം കോൺഗ്രസായിരുന്നു. രാജ്കോട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഹരിസിങ് സോളങ്കി അമ്മാവനാണ്. പഠനം പുർത്തിയാക്കിയതിനു പിന്നാലെ സാമൂഹിക സേവനങ്ങളിലും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും സജീവമായ റിവാബ 2016ൽ ജദേജയുടെ ജീവിതത്തിലേക്ക് കടന്നുവന്നതോടെയാണ് താരപദവിയിലെത്തുന്നത്
രാജ്യമെങ്ങും ആരാധകരുള്ള ക്രിക്കറ്റ് താരത്തിന്റെ ഭാര്യയെന്നതിനൊപ്പം സേവന പ്രവർത്തനങ്ങളിലുമായി റിവാബ സജീവമായി. രജപുത് സംഘടനയായ കർണി സേനയിലൂടെ പൊതു പ്രവർത്തനങ്ങളിലേക്ക് അരങ്ങേറ്റം കുറിച്ച ഇവർ അതേ വർഷം കർണി സേന വനിതാ വിങ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവത്’ സിനിമക്കെതിരെ പ്രതിഷേധങ്ങളുമായി രജപുത് സംഘടനകളുടെ നേതൃ നിരയിലുമുണ്ടായിരുന്നു. ഇതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിൽ സന്ദർശിച്ചതിനു പിന്നാലെയാണ് 2019ൽ ബി.ജെ.പിയിൽ അംഗത്വമെടുത്ത് റിവാബ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്രാജ്കോട്ട് ആസ്ഥാനമായി മാതൃശക്തി ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ച് വനിതാ ശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവമായി, ക്രിക്കറ്ററുടെ ഭാര്യ എന്ന മേൽവിലാസത്തിൽനിന്നും പുറത്തു കടന്നതിനു പിന്നാലെയാണ് 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കളത്തിലിറക്കുന്നത്. ജാംനഗർ നോർത് മണ്ഡലത്തിൽ മത്സരിച്ച് എ.എ.പി സ്ഥാനാർഥിയെ 40,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിച്ച് നിയമസഭയിലുമെത്തി. മൂന്നു വർഷത്തിനിപ്പും മന്ത്രിസഭയിലും അംഗമായിരിക്കുന്നു ജദേജയുടെ ഭാര്യ. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത് പ്രകാരം 100 കോടി രൂപയുടെ ആസ്തിയുമായി ഗുജറാത്തിലെ സമ്പന്നരായ എം.എൽ.എമാരിൽ ഒരാളുമാണ് ഇവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.