പത്തനംതിട്ട: തന്നെ കുടുക്കിയവരും നിയമത്തിന് മുന്നിൽ വരുമെന്ന് ശബരിമല സ്വർണക്കൊള്ളയിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. എല്ലാം അന്വേഷണത്തിൽ തെളിയുമെന്നും ശബരിമല സ്വർണപ്പാളി തട്ടിപ്പ് കേസിൽ അറസ്റ്റിലായ പോറ്റി പറഞ്ഞു. റാന്നി കോടതിയിൽ ഹാജരാക്കിയശേഷം അന്വേഷണസംഘം മടക്കിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം
കോടതിയിൽനിന്ന് പുറത്തേക്ക് ഇറക്കിയപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ചെരിപ്പേറുണ്ടായി. പ്രാദേശിക ബി.ജെ.പി പ്രവർത്തകനായ സിനു ആണ് ചെരുപ്പെറിഞ്ഞത്. ഏറ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശരീരത്തിൽ കൊണ്ടോ എന്ന് വ്യക്തമല്ല. ചെരുപ്പെറിഞ്ഞത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അല്ലെന്നും സർക്കാറിനെതിരെയുള്ള പ്രതിഷേധം എന്നനിലയിൽ ആ സമയത്തെ വികാരംകൊണ്ട് ചെയ്തതാണെന്നും സിനു പറഞ്ഞുഅതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി ഒളിവിൽ പോകാൻ ശ്രമിച്ചതായും ഇതിനെതുടർന്നാണ് അതിവേഗം കസ്റ്റഡിയിലെടുത്തതെന്നും പ്രത്യേക അന്വേഷണസംഘം. ഇയാൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിച്ച് ഓഫായിരുന്നു. ഇതോടെ വ്യാഴാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരം കിളിമാനൂർ പുളിമാത്തെ വിട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.നഷ്ടമായ സ്വർണം ഉടൻ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പ്രതിയെ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവ് ശേഖരിക്കണം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. പ്രതി സമൂഹത്തിൽ സ്വാധീനമുള്ളതിനാൽ കേസിലെ സാക്ഷികളെ സ്വധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ അന്വേഷണസംഘം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ദ്വാരപാലക ശിൽപപ്പാളികളിൽനിന്ന് മാത്രം ഒന്നരകിലോയോളം സ്വർണം ഇയാൾക്ക് തട്ടിയെടുത്തതായും റിപ്പോർട്ടിലുണ്ട്. വിവിധ സ്പോൺസറിൽമാരിൽനിന്ന് സ്വർണം വാങ്ങിയെങ്കിലും ഇതിലും വലിയയൊരുഭാഗം സ്വന്തമാക്കി. ദേവസ്വം ബോർഡിനെ കുരുക്കുന്ന പരാമർശങ്ങളും ഇതിലുണ്ട്. പാളികൾ അയച്ചത് ദേവസ്വം ചട്ടവും കോടതി ഉത്തരവും ലംഘിച്ചാണ്. ഭാരം നോക്കാതെ കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ അവസരമൊരുക്കി. ഉദ്യോഗസ്ഥ വീഴ്ചയും വിശദമായി വിവരിക്കുന്നുണ്ട്. പാളികൾ കൊണ്ടുപോയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ മഹസറിൽ ഏഴുതിച്ചേർത്തു. അന്നത്തെ ബോർഡ് സെക്രട്ടറി പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ രേഖകളിൽ തിരുത്തൽ വരുത്തി. മുരാരി ബാബു വാസ്തവ വിരുദ്ധമായ റിപ്പോർട്ട് നൽകി. സ്വർണ്ണം പൊതിഞ്ഞ തകിടുകൾ വെറും ചെമ്പ് തകിടുകൾ എന്ന് രേഖപ്പെടുത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, അടുത്തദിവസങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരു, സന്നിധാനം എന്നിവിടങ്ങളിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. മുരാരി ബാബു ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും സംഘം ഉടന്‍ ചോദ്യം ചെയ്യും.പോറ്റി സ്വർണം നൽകിയെന്ന് പറഞ്ഞ കല്‍പേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ചെന്നൈ സ്വദേശിയെന്ന് കരുതുന്ന ഇയാൾക്കായി തിരച്ചിലും തുടങ്ങിയിട്ടുണ്ട്. അതേസമയം, കട്ടിളയിൽ സ്വർണം പൂശിയപ്പോൾ മൂന്ന് ലക്ഷത്തോളം രൂപ നഷ്ടം വന്നുവെന്ന ഉണ്ണികൃഷ്ണന്‍റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുത്തിട്ടില്ല. ഇതോടെയാണ് ദ്വാരപാലകശില്‍പപ്പാളി സ്വര്‍ണം പൂശാനുള്ള ആശയം ഉണ്ടാകുന്നതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.