നമ്മുടെ വീടും സ്ഥലവുമൊക്കെ ഭൗതിക സ്വത്താണങ്കിൽ നമ്മുടെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും കലാസൃഷ്ടികളും ബൗദ്ധിക സ്വത്ത് ആണ് (ഇന്റലക്ച്വൽ പ്രോപ്പർട്ടി അഥവാ ഐ.പി). ഇവയെ നിയമപരമായി സംരക്ഷിക്കുന്നതിനാണ് ബൗദ്ധിക സ്വത്തവകാശ നിയമം. ഓരോ വ്യക്തിക്കും അവരുടെ ശാസ്ത്രീയവും സാഹിത്യപരവും കലാപരവുമായ സൃഷ്ടികളിൽ നിന്നുള്ള ഭൗതികവും ധാർമികവുമായ താൽപര്യങ്ങൾ സംരക്ഷിക്കാൻ അവകാശമുണ്ടെന്ന് പറയുന്ന സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 27ൽ ഊന്നിപ്പറയുന്ന അടിസ്ഥാന അവകാശം കൂടിയാണ് ഈ നിയമം.
ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു കമ്പനിയുടെ ഏറ്റവും വലിയ ആസ്തി കെട്ടിടങ്ങളോ പണമോ അല്ല, മറിച്ച് അവരുടെ തലച്ചോറിൽ വിരിഞ്ഞ ആശയങ്ങളാണ്. അതുകൊണ്ടുതന്നെ, ഈ ആശയങ്ങളെ സംരക്ഷിക്കാൻ അറിയുന്ന പ്രഫഷനലുകൾക്ക് ലോകമെമ്പാടും വലിയ ഡിമാൻഡാണ്. നിങ്ങൾ വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന, വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളാണെങ്കിൽ, ഈ ആധുനിക നിയമശാഖയിലെ സാധ്യതകൾ നിങ്ങൾക്കുള്ളതാണ്.ഐ.പി പ്രധാനമായും ആറുതരം അവകാശങ്ങളാണ്
1. പേറ്റന്റ് പുതിയ കണ്ടുപിടിത്തത്തിന് (ഉൽപന്നമോ, പ്രക്രിയയോ) നിശ്ചിത കാലത്തേക്ക് സർക്കാർ നൽകുന്ന കുത്തകാവകാശം. ആ കാലയളവിൽ മറ്റാർക്കും ഉടമയുടെ അനുവാദമില്ലാതെ അത് നിർമിക്കാനോ വിൽക്കാനോ ഉപയോഗിക്കാനോ കഴിയില്ല. ഉദാ: ഔഷധ കമ്പനികൾ പുതിയ മരുന്നുകൾ കണ്ടെത്തുമ്പോൾ വർഷങ്ങളോളം അതിന് പേറ്റന്റ് സംരക്ഷണം നേടുന്നു.
2. ട്രേഡ്മാർക്ക് ഒരു കമ്പനിയുടെ ഉൽപന്നത്തെയോ സേവനത്തെയോ മറ്റുള്ളവയിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്ന വാക്ക്, ചിഹ്നം, ഡിസൈൻ, അല്ലെങ്കിൽ ഇവയുടെയെല്ലാം സംയോജനം.
3. പകർപ്പവകാശം സാഹിത്യം, സംഗീതം, സിനിമ, കല, ഫോട്ടോഗ്രഫി, കമ്പ്യൂട്ടർ പ്രോഗ്രാം തുടങ്ങിയ മൗലികമായ സർഗാത്മക സൃഷ്ടികൾക്ക് നിയമം നൽകുന്ന അവകാശം.
4. വ്യാപാര രഹസ്യം ഒരു കമ്പനിക്ക് മറ്റുള്ളവരേക്കാൾ മുൻതൂക്കം നൽകുന്ന, രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങൾ. ഇതിന് രജിസ്ട്രേഷൻ ഇല്ല, രഹസ്യമായി സൂക്ഷിക്കുന്നിടത്തോളം കാലം സംരക്ഷണമുണ്ടാകും. കൊക്കകോളയുടെ ഫോർമുല ലോകത്തിലെ ഏറ്റവും പ്രശസ്തമായ വ്യാപാര രഹസ്യമാണ്.
5. ഭൗമ സൂചികകൾ ഒരു പ്രത്യേക ഭൗമപ്രദേശത്ത് ഉത്ഭവിച്ചതും, ആ സ്ഥലത്തിന്റെ തനിമയും ഗുണമേന്മയും ഉള്ളതുമായ ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകാരം. ഉദാ: ആറന്മുള കണ്ണാടി, മലബാർ പെപ്പർ, ഡാർജിലിങ് ചായ.
6. വ്യവസായ ഡിസൈൻ ഒരു ഉൽപന്നത്തിന്റെ പുറമെയുള്ള രൂപത്തിന്, അതായത് അതിന്റെ ഡിസൈനിനും ആകൃതിക്കും നൽകുന്ന സംരക്ഷണം. എങ്ങനെ ഈ രംഗത്തെത്തും
വഴി 1: നിയമത്തിന്റെ വഴി നിയമമാണ് നിങ്ങളുടെ പാതയെങ്കിൽ, അടിസ്ഥാന നിയമബിരുദത്തിന് ശേഷം ഈ മേഖലയിൽ സ്പെഷലൈസ് ചെയ്യാം. എൽഎൽ.ബിക്ക് ശേഷം ഐ.പി നിയമത്തിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് (എൽഎൽ.എം) എടുക്കുന്നത് നിങ്ങളെ ഒരു സ്പെഷലിസ്റ്റ് ആക്കി മാറ്റും. ഇത് മികച്ച തൊഴിലവസരങ്ങൾക്കുള്ള വാതിൽ തുറക്കും.
ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങൾ
രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ, ഐ.ഐ.ടി ഖരഗ്പൂർ: ടെക്നോളജിയും നിയമവും ഒരുമിച്ച് പഠിക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച ഇടം. ഒരു ഐ.ഐ.ടി കാമ്പസിൽ നിയമം പഠിക്കുന്നതിലൂടെ ലഭിക്കുന്ന സാധ്യതകൾ വളരെ വലുതാണ്. ലിങ്ക്: www.iitkgp.ac.in/department/IP നാഷനൽ ലോ സ്കൂൾ, ബാംഗ്ലൂർ: ഇന്ത്യയിലെ ഒന്നാം നമ്പർ നിയമ കോളജ്. ഇവരുടെ ഡിസ്റ്റൻസ് പി.ജി ഡിപ്ലോമ കോഴ്സിനും വലിയ അംഗീകാരമുണ്ട്. ലിങ്ക്: www.nls.ac.in/ നൽസാർ, ഹൈദരാബാദ്: രാജ്യത്തെ മറ്റൊരു മുൻനിര നിയമ സർവകലാശാല. ലിങ്ക്: www.nalsar.ac.in ദ വെസ്റ്റ് ബംഗാൾ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസസ്, കൊൽക്കത്ത : https://www.nujs.edu/
ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ : jgu.edu.in/jgls സിംബയോസിസ് ലോ സ്കൂൾ : www.symlaw.ac.in
വഴി 2: സയൻസിന്റെ വഴി സയൻസ് അല്ലെങ്കിൽ എൻജിനീയറിങ് ബിരുദധാരിയാണെങ്കിലും ഈ ഫീൽഡിൽ താരം ആകാം. നിയമബിരുദം ഇല്ലാതെ തന്നെ പേറ്റന്റ് ഏജന്റ് എന്ന തകർപ്പൻ ജോലി നേടാം. സയൻസ്, എൻജിനീയറിങ്, ടെക്നോളജി, ഫാർമസി തുടങ്ങിയ വിഷയങ്ങളിലെ ബിരുദമാണ് വേണ്ട യോഗ്യത. ഇന്ത്യൻ പേറ്റന്റ് ഓഫിസ് നടത്തുന്ന പേറ്റന്റ് ഏജന്റ് എക്സാമിനേഷൻ എന്ന പരീക്ഷ പാസാകണം. ഇതിന് രണ്ട് പേപ്പറുകളാണുള്ളത്: ഒന്ന് നിയമവശങ്ങളെക്കുറിച്ചും മറ്റൊന്ന് നിങ്ങളുടെ സാങ്കേതിക അറിവ് ഉപയോഗിച്ച് പേറ്റന്റ് രേഖകൾ തയാറാക്കുന്നതിനെക്കുറിച്ചും (ഡ്രാഫ്റ്റിങ്). പരീക്ഷയെക്കുറിച്ചുള്ള എല്ലാ ഔദ്യോഗിക വിവരങ്ങൾക്കും https://ipindia.gov.in സന്ദർശിക്കുക.
പ്രായോഗിക പരിശീലനം ഈ മേഖലയിൽ പ്രായോഗിക പരിചയത്തിന് സ്വർണവിലയാണ്. പഠിക്കുന്ന സമയത്തുതന്നെ ഇന്റേൺഷിപ് ചെയ്യുന്നതിലൂടെ മികച്ച തൊഴിലവസരങ്ങൾ ഉറപ്പിക്കാം. വെറുതെ ഒരു ബയോഡേറ്റ അയക്കാതെ, എന്തുകൊണ്ട് നിങ്ങൾക്ക് ഐ.പിയിൽ താൽപര്യമുണ്ടെന്ന് വ്യക്തമാക്കുന്ന നല്ല കവർ ലെറ്റർ തയാറാക്കണം. നിങ്ങൾ ചെയ്ത പ്രോജക്ടുകളെക്കുറിച്ചോ പങ്കെടുത്ത സെമിനാറുകളെക്കുറിച്ചോ അതിൽ പറയാം.ഇന്റേൺഷിപ്പിനായി സമീപിക്കാവുന്ന ചില പ്രമുഖ സ്ഥാപനങ്ങൾ
ആനന്ദ് ആൻഡ് ആനന്ദ് (www.anandandanand.com/careers/) കെ ആൻഡ് എസ് പാർട്ണേഴ്സ് (www.knspartners.com/careers) റെംഫ്രൈ ആൻഡ് സാഗർ (www.remfry.com/careers) ചദ്ദ ആൻഡ് ചദ്ദ ഐപി (www.chadha-chadha.com/careers) എസ്.എസ്. റാണ ആൻഡ് കോ (ssrana.in/careers/internship) സിറിൽ അമർചന്ദ് മംഗൾദാസ് (www.cyrilshroff.com/careers)
എന്തൊക്കെയാണ് ജോലികൾ ഐ.പി നിയമരംഗം വളരെ വിശാലമാണ്. ഓരോന്നിനും വൈദഗ്ധ്യം ആവശ്യമാണ്. പ്രധാന റോളുകൾ വിശദമായി പരിചയപ്പെടാം. ഐ.പി അഡ്വക്കേറ്റ് ഇവരാണ് കോടതിയിലെ താരങ്ങൾ. ഒരു കമ്പനിയുടെ ലോഗോ മറ്റൊരാൾ കോപ്പിയടിച്ചാൽ, ഒരു സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയാൽ, ഒരു കണ്ടുപിടിത്തം അനുവാദമില്ലാതെ ഉപയോഗിച്ചാൽ ഇവർ നിയമയുദ്ധം നയിക്കും.പേറ്റന്റ് ഏജന്റ്/ അറ്റോർണി ഇതൊരു സാധാരണ വക്കീൽ പണിയല്ല, ടെക്നോ-ലീഗൽ റോളാണ്. സയൻസിലോ എൻജിനീയറിങ്ങിലോ ബിരുദമുള്ളവർക്കാണ് ഈ മേഖലയിൽ തിളങ്ങാൻ കഴിയുക. ഒരു ശാസ്ത്രജ്ഞൻ പുതിയൊരു മരുന്ന് കണ്ടെത്തിയാൽ, ആ കണ്ടുപിടിത്തം വിശദമായി മനസ്സിലാക്കി, അതിന് മുമ്പ് ലോകത്ത് മറ്റാരെങ്കിലും സമാനമായ കണ്ടുപിടിത്തം നടത്തിയിട്ടുണ്ടോ എന്ന് റിസർച് ചെയ്ത്, സങ്കീർണമായ നിയമ-സാങ്കേതിക ഭാഷയിൽ പേറ്റന്റിനുള്ള അപേക്ഷ തയാറാക്കി ഫയൽ ചെയ്യുന്നത് ഇവരാണ്. ക്ഷമയും സൂക്ഷ്മതയും സാങ്കേതികജ്ഞാനവും ഒരുപോലെ വേണ്ട ജോലിയാണിത്.
ട്രേഡ്മാർക്ക് അറ്റോർണി ഒരു ബിസിനസ് തുടങ്ങുമ്പോൾ ഏറ്റവും പ്രധാനം അതിനൊരു പേരും ലോഗോയുമാണ്. ആ പേര് മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും, അത് നിയമപരമായി രജിസ്റ്റർ ചെയ്യാനും, ആരെങ്കിലും അത് ദുരുപയോഗം ചെയ്താൽ അവർക്കെതിരെ നടപടിയെടുക്കാനും സഹായിക്കുന്നത് ട്രേഡ്മാർക്ക് അറ്റോർണിയാണ്.ഐ.പി മാനേജർ/ കൺസൾട്ടന്റ് റിലയൻസ്, ടാറ്റ, ഇൻഫോസിസ് പോലുള്ള വലിയ കമ്പനികൾക്ക് ആയിരക്കണക്കിന് പേറ്റന്റുകളും ട്രേഡ്മാർക്കുകളും ഉണ്ടാകും. ഇവയെല്ലാം സൂക്ഷിക്കുകയും, പുതിയവക്ക് അപേക്ഷിക്കുകയും, ആവശ്യമെങ്കിൽ മറ്റുള്ളവർക്ക് ലൈസൻസ് നൽകി പണമുണ്ടാക്കുകയും ചെയ്യുന്ന ജോലിയാണ് ഐ.പി മാനേജർമാരുടേത്.
കോപ്പിറൈറ്റ് വിദഗ്ധൻ സിനിമ, സംഗീതം, സാഹിത്യം, ഫോട്ടോഗ്രഫി, സോഫ്റ്റ്വെയർ കോഡിങ് തുടങ്ങിയ സർഗാത്മക മേഖലകളിലാണ് ഇവരുടെ ലോകം. ഒരു സിനിമയുടെ കഥാകൃത്തിന് അവകാശം ഉറപ്പാക്കുക, സംഗീതജ്ഞന്റെ ട്യൂൺ കോപ്പിയടിക്കുന്നത് തടയുക, സോഫ്റ്റ്വെയർ പൈറസിക്ക് ഇരയാവാതെ സംരക്ഷിക്കുക എന്നിവയെല്ലാം ഇവരുടെ ഉത്തരവാദിത്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.