ന്യൂയോർക്ക്: ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ചതിനു പിന്നാലെ പണംകൊയ്യാൻ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ അർജന്റീന ഫുട്ബാളിന് തിരിച്ചടി. കളിയറിയാത്ത സംഘാടകരും, പ്രഫഷണൽ ക്വാളിറ്റിയില്ലാത്ത മത്സരങ്ങളും, ലോകചാമ്പ്യന്മാർക്ക് പാകമാകാത്ത ദുർബലരായ എതിരാളികളുമായി കഴിഞ്ഞ സൗഹൃദ മത്സരങ്ങൾ വെറും ‘വേസ്റ്റ്’ എന്ന് വിമർശനം
ലോകകപ്പ് യോഗ്യതാ മത്സരങ്ങളുമായി യൂറോപ്യൻ ടീമുകൾ സജീവമാകുന്നതിനിടെ, ലോകചാമ്പ്യന്മാർ എന്ന അർജന്റീനയുടെ ബ്രാൻഡിനെ തന്നെ ദോഷമായി ബാധിക്കുന്നതാണ് ഒക്ടോബർ വിൻഡോയിൽ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളുമെന്ന് ‘ന്യൂയോർക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ എക്വഡോറിനെതിരായ മത്സരത്തോടെ ലോകകപ്പ് യോഗ്യത പൂർത്തിയാക്കിയ അർജന്റീന,ഒക്ടോബർ 10ന് വെനിസ്വേലയെയും, 14ന് പ്യൂർടോ റികയെയുമാണ് നേരിട്ടത്. രണ്ട് കളിയിലും ടീം വിജയിച്ചുവെങ്കിലും അർജന്റീന ഫുട്ബാൾ അസോസിയേഷൻ സംഘാടനത്തിൽ തൃപ്തരല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.രണ്ട് മത്സരങ്ങളിലും റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ദുർബലരായ എതിരാളികളും, അവസാന മണിക്കൂറുകളിലെ വേദിമാറ്റവുമെല്ലാമായി അർജന്റീന ടീം ബ്രാൻഡിനും തിരിച്ചടിയാകുന്നതായിരുന്നു അമേരിക്കയിൽ നടന്ന മത്സരങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോകകപ്പ് മറന്ന് സൗഹൃദം; നിലവാരമില്ലെന്ന് വിമർശനം ലോകമെങ്ങും ആരാധകരുള്ള അർജൻറീന സൗഹൃദ മത്സരങ്ങളെ മാർക്കറ്റിങ് തന്ത്രമാക്കി മാറ്റുന്നത് 2017ഓടെയാണ്. ചൈനയിലും അമേരിക്കയിലും ജപ്പാനിലുമെത്തി കളിച്ച്, കാശുവാരാനുള്ള തന്ത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
2022ൽ ലോകകപ്പ് കിരീടവും, കോപ അമേരിക്ക കിരീടങ്ങളുമെല്ലമായി അർജന്റീന ലോകഫുട്ബാളിലെ പവർഹൗസായി മാറിയതോടെ സൗഹൃദ മത്സരങ്ങൾക്ക് ഡിമാൻഡും കൂടി. അതിന്റെ തുടർച്ചയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എ.എഫ്.എ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും മത്സരങ്ങൾക്ക് കരാറിലൊപ്പിട്ടു തുടങ്ങിയത്. പലപ്പോഴും തുല്യരായ എതിരാളികളില്ലാതെ സൗഹൃദ മത്സരം തമാശയായി മാറിയപ്പോൾ, ടീമിന്റെ മത്സര ഗുണനിലവാരത്തിനും തിരിച്ചടിയാവുന്നുവെന്നാണ് വിമർശനം. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു കഴിഞ്ഞയാഴ്ചയിലെ മാച്ചുകൾ.സെപ്റ്റംബറിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന 3-0ത്തിന് തോൽപിച്ച വെനിസ്വേലയായിരുന്നു അമേരിക്കയിലെ േഫ്ലാറിഡയിലെ ഹാർഡ് റോക് സ്റ്റേഡിയത്തിൽ എതിരാളികളായെത്തിയത്. ലോകകപ്പ് യോഗ്യത നേടാൻ കഴിയാത്ത എതിരാളികൾക്കെതിരെ മെസ്സിയില്ലാതെയിറങ്ങിയ അർജന്റീന 1-0ത്തിന് ജയിച്ചു. നാലു ദിവസത്തിനു ശേഷമായിരുന്നു ലോകറാങ്കിങ്ങിൽ 155ാം സ്ഥാനക്കാരായ പ്യൂർടോറികോയെ അർജന്റീന നേരിട്ടത്. മത്സരത്തിൽ 6-0ത്തിന് ജയിച്ച അർജന്റീനക്ക് കാര്യമായ പരീക്ഷണങ്ങളൊന്നുമില്ലാത്ത കളിയായി അത് മാറി.
ലോകചാമ്പ്യന്മാർ എന്ന നിലയിൽ ഫുട്ബാൾ ലോകത്ത് ഏറ്റവും കൂടുതൽ സ്പോൺസർഷിപ്പ് കരാറുകളുള്ള ടീമാണ് അർജന്റീന. 2024 ഡിസംബറിലെ കണക്കുകൾ പ്രകാരം 24 രാജ്യങ്ങളിലായി 64 സ്പോൺസർഷിപ്പ് ഡീലുകളാണുള്ളത്. ബ്രസീലിന് 40ഉം, സ്പെയിനിന് 45ഉം കരാറുകളാണുള്ളത്. അർജന്റീനയുടെ ഏറ്റവും വലിയ വിപണി ഏഷ്യയിലാണ് (30 ശതമാനം) കണക്കാക്കുന്നത്. ഒഴിഞ്ഞ ഗാലറി; അവസാന മണിക്കൂറിലെ വേദി മാറ്റം അർജന്റീന ഫുട്ബാൾ ബ്രാൻഡിനും സ്വീകാര്യതക്കും തിരിച്ചടിയാകുന്നതായിരുന്നു അമേരിക്കയിലെ രണ്ട് മത്സരങ്ങളുമെന്നാണ് നിരീക്ഷണം.
ഫ്ലോറിഡയിലെ മിയാമി ഹാർഡ് റോക് സ്റ്റേഡിയത്തിലും, ഷികാഗോയിലെ സോൾജിയർ ഫീൽഡ് സ്റ്റേഡിയത്തിലുമായിരുന്നു വെനിസ്വേല, പ്യൂർടോറികോ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തത്. മാച്ച് ടിക്കറ്റ് വാങ്ങാൻ ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും തന്നെ ആരാധകരോട് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. മെസ്സി ഉൾപ്പെടെ താരപ്പടയെത്തുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ ചൂടപ്പംപോലെ വിറ്റഴിയുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. എന്നാൽ, 65,000പേർക്ക് ഇരിപ്പിട സൗകര്യമുള്ള ഹാർഡ് റോകിലെ ടിക്കറ്റ് വിൽപന നനഞ്ഞ പടക്കമായത്രേ. ഇരു സ്റ്റേഡിയങ്ങളിലെ മത്സരത്തിന് ടിക്കറ്റുകൾ വിറ്റഴിഞ്ഞില്ല. ഒക്ടോബർ പത്തിന് സ്റ്റേഡിയത്തിലെത്തിയത് 20,000ത്തോളം പേർ മാത്രം.
ഒക്ടോബർ 13ന് നിശ്ചയിച്ച പ്യൂർടോറികക്കെതിരായ മത്സരം ഷികാഗോയിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ ഉയർത്തിക്കാട്ടി അവസാന നിമിഷം പുതിയ വേദിയിൽ പുതിയ തീയതിയിലേക്ക് മാറ്റി. 23,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള േഫ്ലാറിഡയിലെ ചേസ് സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം. സുരക്ഷയുടെ പേരിലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ടിക്കറ്റ്‍ വിൽപന ഇടിഞ്ഞതോടെ മത്സര വേദി മാറ്റുകയായിരുന്നുവെന്ന് ചികാഗോ പാർക് വക്താവിനെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും താരത്തിളക്കംകൊണ്ടു മാത്രം മത്സരങ്ങൾ ലാഭകരമായി മാറുന്നില്ലെന്നതിന്റെ സാക്ഷ്യം കൂടിയായിരുന്നു ഇത്.
മ്യൂസിക് ഷോ നടത്തിപ്പുകാർ ഫുട്ബാൾ സംഘാടകരായാൽ അന്താരാഷ്ട്ര തലത്തിലെ ഫുട്ബാൾ മത്സരങ്ങളുടെ സംഘാടനത്തിൽ ഒരു പരിചയവുമില്ലാത്ത സ്പോൺസർമാർക്ക് സംഘാടന ചുമതല നൽകിയതാണ് അർജന്റീനയുടെ രണ്ട് മത്സരങ്ങളും ദുരന്തമായി അവസാനിക്കാൻ വഴിയൊരുക്കിയതെന്നാണ് ആക്ഷേപം. മിയാമി ആസ്ഥാനമായി സംഗീത പരിപാടികളും കൺസേർട്ടുകളും സംഘടിപ്പിച്ച് മാത്രം പരിചയമുള്ള വി.എം.ജി സ്പോർട്സ് ആന്റ് എന്റർടെയ്ൻമെന്റ് കമ്പനിയായിരുന്നു രണ്ടു മത്സരങ്ങളുടെയും സംഘാടകർ.ഫുട്ബാളും സംഗീത പരിപാടിയും ചേർന്നുള്ള പാക്കേജായി അർജന്റീനയുടെ സൗഹൃദ മത്സരത്തെ മാർക്കറ്റ് ചെയ്യുകയായിരുന്നു സ്പോൺസർമാർ. കളിയുടെ ഇടവേളയിൽ പ്രമുഖ റിഗേറ്റൺ ഷോയും ഒരുക്കിയിരുന്നു. ഇനി കളിക്കുമോ... ഇല്ലേയില്ലെന്ന് അർജന്റീന വെനിസ്വേല, പ്യൂർടോറിക്കോ മത്സരങ്ങൾക്കു പിന്നാലെ അർജന്റീനയും പോർചുഗലും തമ്മിൽ സൗഹൃദ മത്സരം സംഘടിപ്പിക്കുമെന്നായിരുന്നു പ്രമോട്ടർമാരായ വി.എം.ജി സി.ഇ.ഒ ഹാവിയർ ഫെർണാണ്ടസിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ഇക്കാര്യം എ.എഫ്.എ പ്രതിനിധിയോട് ചോദിച്ചപ്പോൾ അമേരിക്കയിലെ കളിക്ക് പ്രാമുഖ്യം നൽകാത്ത പ്രമോട്ടർക്കു കീഴിൽ ഒരു മത്സരം പോലും ഇനിയില്ലെന്നായിരുന്നു ന്യൂയോർക് ടൈംസിനോടുള്ള പ്രതികരണം.
കേരളത്തിലേക്കുമില്ല ഒക്ടോബറിലേതിന് സമാനമാണ് നവംബറിലെയും അർജന്റീനയുടെ സൗഹൃദ മത്സര ഷെഡ്യൂളെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഫ്രിക്കയിൽ നിന്നും ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ അംഗോളയിലേക്കാണ് നവംബറിലെ ആദ്യ യാത്ര. എതിരാളികൾ ഉറപ്പിച്ചില്ലെങ്കിലും ആഫ്രിക്കൻ ടീമായിരിക്കും എതിരാളികൾ. ഇതിനു പിന്നാലെ കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്ത മത്സരവും റദ്ദാക്കപ്പെട്ടതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നവംബർ 17ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അർജന്റീന മാധ്യമങ്ങൾ കേരള ടൂർ റദ്ദാക്കിയതായും, ടീം നവംബറിൽ ആഫ്രിക്കയിൽ മറ്റൊരു ടീമുമായി കളിക്കാനാണ് താൽപര്യപ്പെടുന്നതെന്നും അറിയിച്ചു. കേരളത്തിലെ സംഘാടകർ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നും, അതിനാൽ മത്സരം മറ്റൊരു തീയതിയിലേക്ക് നീട്ടുന്നത് പരിഗണിക്കുന്നതായും ‘ദി നേഷൻ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നവംബറിൽ മത്സരം നടത്താൻ സാധ്യമായതെല്ലാം ചെയ്തതായും തങ്ങളുടെ ടീം കേരളം സന്ദർശിച്ച് വിലയിരുത്തിയതായും എ.എഫ്.എ പ്രതിനിധിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, മത്സരവും മുൻനിശ്ചയ പ്രകാരം തന്നെ നടക്കുമെന്നാണ് കേരളത്തിലെ സംഘാടകർ ആവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.