സമാധാനത്തിനു മുകളിൽ രാഷ്ട്രീയം പ്രതിഷ്ടിച്ചു, നൊബേൽ കമ്മിറ്റിയ്ക്ക് വൈറ്റ്ഹൗസ്ന്റെ വിമർശനം.. .

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, താനാണ് സമാധാന നൊബേലിന് ഏറ്റവും അർഹനെന്ന അവകാശവാദം ആവർത്തിക്കുന്നതിനിടെയാണ് നൊബേൽ കമ്മിറ്റി വെള്ളിയാഴ്ച പുരസ്കാരം പ്രഖ്യാപിച്ചത്. ജേതാവായത് വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിനോ മചാഡോയും. വെനസ്വേലൻ ജനതക്ക് ഏകാധിപത്യത്തിൽനിന്ന് മോചനം നൽകി,

ആ രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായി പ്രവർത്തിച്ചതാണ് അവരെ പുരസ്കാര നേട്ടത്തിന് അർഹയാക്കിയതെന്ന് നൊബേൽ കമ്മിറ്റി പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുരസ്കാര കമ്മിറ്റി അന്തിമ യോഗം ചേർന്നത്. ചരിത്രകാരനും സമാധാന പുരസ്കാര വിദഗ്ധനുമായ അസിൽ സ്വീൻ, ട്രംപിന് പുരസ്കാരം കിട്ടാൻ സാധ്യതയില്ലെന്ന് പ്രഖ്യാപനത്തിനു മുമ്പു പറഞ്ഞത് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ‘നൊബേൽ കമ്മിറ്റി ആർക്ക് പുരസ്കാരം സമ്മാനിക്കണമെന്ന കാര്യത്തിൽ നേരത്തെതന്നെ തീരുമാനമെടുത്തിട്ടുണ്ട്. ഗസ്സയിൽ വെടിനിർത്തലിന് ട്രംപ് ഇടപെട്ടത് പുരസ്കാരത്തിന് പരിഗണിക്കാൻ കാരണമാകില്ല. ട്രംപിന് ഇത്തവണ പുരസ്കാരം കിട്ടാൻ സാധ്യതയില്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്’ -എന്നിങ്ങനെയായിരുന്നു അസിൽ സ്വീൻ പറഞ്ഞത്. പുരസ്കാര നിർണയം നേരത്തെ പൂർത്തിയായതിനാൽ ട്രംപിനെ പരിഗണിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ സമാധാന നൊബേലിന് താൻതന്നെയാണ് അർഹനാണെന്ന് ട്രംപ് വീണ്ടും പറഞ്ഞിരുന്നു. സിറ്റിങ് യു.എസ് പ്രസിഡന്‍റായിരിക്കെ തിയോഡർ റൂസ്വെൽറ്റ് (1906), വുഡ്രോ വിൽസൺ (1919), ബറാക് ഒബാമ (2009) എന്നിവർക്ക് സമാധാന നൊബേൽ ലഭിച്ചിട്ടുണ്ട്. ജിമ്മി കാർട്ടർ 2002ലും മുൻ വൈസ് പ്രസിഡന്‍റ് അൽഗോർ 2007ലും പുരസ്കാരത്തിന് അർഹരായി. ഒബാമയുടെ സ്ഥിരം വിമർശകനായ ട്രംപ്, ഒബാമക്ക് ഒന്നുംചെയ്യാതെ വെറുതെ ഇരുന്നതിനാണ് പുരസ്കാരം നൽകിയതെന്ന് ആക്ഷേപിച്ചിരുന്നു.

അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താന്‍, കംബോഡിയ-തായ്‌ലാന്‍ഡ്, കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട, ഇസ്രായേല്‍-ഇറാന്‍, ഈജിപ്ത്-ഇത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍/ യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. അതിനാൽ സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന അവകാശവാദവും ഡോണൾഡ് ട്രംപ് നിരന്തരം ആവര്‍ത്തിച്ചു

താൻ പുരസ്കാരത്തിന് അർഹനാണെന്ന് ട്രംപ് പറയുമ്പോഴും അദ്ദേഹത്തിന് സ്വന്തം രാജ്യത്തുപോലും വൻതോതിൽ ജനപ്രീതി ഇടിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത. വിസ ചട്ടങ്ങളിൽ മാറ്റം വരുത്തിയതും കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തിയതും ട്രംപിന് അന്താരാഷ്ട്ര തലത്തിൽ അപ്രീതി നേടിക്കൊടുത്തു. ആഭ്യന്തര പ്രതിഷേധങ്ങൾ അടിച്ചമർത്താൻ നാഷനൽ ഗാർഡിനെ ഉപയോഗിച്ചു. ആഗോളതാപത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കുമ്പോൾ, പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് യു.എസ് പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വ്യാപാരം തകിടംമറിയുംവിധം താരിഫ് പരിഷ്കരണങ്ങളും ട്രംപ് കൊണ്ടുവന്നതിൽ എതിർപ്പുള്ള വലിയ വിഭാഗം അമേരിക്കയിൽ തന്നെയുണ്ട്.

338 പേരെയാണ് ഇത്തവണത്തെ സമാധാന പുരസ്കാരത്തിനായി ശിപാർശ ചെയ്തത്. ഈ പട്ടിക 50 വർഷത്തിനു ശേഷം മാത്രമേ പുറത്തുവിടൂ. കഴിഞ്ഞ വർഷത്തെ പുരസ്കാരം ജാപ്പനീസ് സമാധാന സംഘടനയായ നികോൺ ഹിഡാൻക്യോയാണ് സ്വന്തമാക്കിയത്. പ്രശസ്തിപത്രം, സ്വർണമെഡൽ, 1.2 ദശലക്ഷം ഡോളർ എന്നിവയുൾപ്പെടുന്നതാണ് പുരസ്കാരം. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ തിങ്കളാഴ്ച പ്രഖ്യാപിക്കും. പുരസ്കാര നേട്ടത്തിൽ മരിയ കൊറിന

അതേസമയം വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊറിന മചോഡോക്ക്, അവർ നടത്തിയ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾ പരിഗണിച്ചാണ് നൊബേൽ പുരസ്കാരം സമ്മാനിച്ചത്. ‘വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്’ -നൊബേല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

തെക്കേ അമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളാണ് മരിയ കൊറിന മചാഡോ. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ഇവർ വഹിച്ചത്. വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന 2002ലാണ് രാഷ്ട്രീയത്തിലെത്തിയത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മചാഡോ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി

2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ൽ നിക്കോളാസ് മഡുറോ സർക്കാരിനെതിരായ വെനസ്വേലൻ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 2018ൽ ബി.ബി.സി തെരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തിരഞ്ഞെടുത്തപ്പോഴും അവർ ഉൾപ്പെട്ടു. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കോറിന മചാഡോ മറ്റൊരു വെനസ്വേലന്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയക്കൊപ്പം പങ്കുവെച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !