ന്യൂഡല്‍ഹി: തന്ത്രപ്രധാനമായൊരു മിസൈല്‍ പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം ( Notice to Airmen -NOTAM) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15-നും 17-നും ഇടയില്‍ ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്ന മിസൈലിന്റെ ദൂരപരിധി 3500 കിലോമീറ്ററോളം ആകാമെന്നാണ് വിവരം.ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇരുരാജ്യങ്ങളും ഈ മിസൈല്‍ പരീക്ഷണത്തെ ശ്രദ്ധിക്കാന്‍ കാരണം നോട്ടാം മുന്നറിയിപ്പ് മൂന്നുതവണ പരിഷ്കരിച്ചുവെന്നതാണ്.ഒക്ടോബര്‍ ആറിന് ആദ്യമിറക്കിയ മുന്നറിയിപ്പില്‍ അപകടമേഖലയായി നിശ്ചയിച്ചിരുന്നത് 1480 കിലോ മീറ്റര്‍ ആയിരുന്നു. തൊട്ടടുത്ത ദിവസം ഈ മുന്നറിയിപ്പ് പുതുക്കി. അതില്‍ ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു. പിന്നാലെ ഇതുവീണ്ടും പുതുക്കി ദൂരപരിധി 3550 കിലോ മീറ്ററാക്കി വര്‍ധിപ്പിച്ചു. ഈ നീക്കമാണ് യുഎസിനെയും ചൈനയെയും മിസൈല്‍ പരീക്ഷണത്തെ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്.ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആകാമെന്നാണ് പ്രതിരോധ വിദഗ്ധര്‍ കരുതുന്നത്. എന്നാല്‍, എന്ത് മിസൈലാണ് പരീക്ഷിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞിട്ടില്ല. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള വെളിപ്പെടുത്തിയതില്‍ ഏറ്റവും ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ എന്നത് അഗ്നി-5 ആണ്. 5000 കിലോമീറ്ററാണ് ഇതിന്റെ പ്രഹരപരിധിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും അതിലുമധികം പ്രഹരപരിധിയുണ്ടെന്നാണ് ചൈനയും പാകിസ്താനും ആരോപിക്കുന്നത്.
നോട്ടാം മുന്നറിയിപ്പ് പ്രകാരം ഇന്ത്യ അഗ്നി-5 മിസൈലിന്റെ പ്രഹരപരിധി കൂടിയ പരിഷ്കരിച്ച പതിപ്പോ അല്ലെങ്കില്‍ അഗ്നി-6 എന്ന പുതിയ മിസൈലിന്റെ പരീക്ഷണമോ ആകാമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. അഗ്നി-6 മിസൈല്‍ വികസനഘട്ടത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെൻഡന്റ്ലി ടാര്‍ഗറ്റബില്‍ റീ എന്‍ട്രി വെഹിക്കിള്‍ (എം.ഐ.ആര്.വി) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മിസൈലാകും അഗ്നി-6 എന്നാണ് കരുതുന്നത്.
ഏഷ്യ വന്കരയ്ക്കുമപ്പുറമുള്ള പ്രദേശങ്ങള്‍ പ്രഹരപരിധിയില്‍ നിര്‍ത്തുന്ന തന്ത്രപ്രധാനമായ മിസൈലാകും അഗ്നി-6 എന്നാണ് കരുതുന്നത്. നിലവില്‍ അഗ്നി മിസൈല്‍ പരമ്പരയില്‍ ഇന്ത്യ നടത്തിയ അവസാന രണ്ട് പരീക്ഷണങ്ങളും വിജയകരമായിരുന്നു. സെപ്റ്റംബര്‍ 25-ന് ഭാരംകുറഞ്ഞ 2000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അഗ്നി പ്രൈം എന്ന മിസൈല്‍ പരീക്ഷിച്ചിരുന്നു. നിലവില്‍ ഉപയോഗത്തിലുള്ള അഗ്നി-1 മിസൈലിന് പകരക്കാരനായാണ് ഇതെത്തുക.
ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തുന്നത് നിരീക്ഷിക്കാന്‍ യുഎസിന്റെയും ചൈനയുടെയും നിരീക്ഷണ കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ട്. ചൈനീസ് നിരീക്ഷണ കപ്പലായ യുവാന്‍ വാങ് -5 എന്ന കപ്പല്‍ മലേഷ്യയിലെ ക്ലാങ് തുറമുഖത്തുനിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിന് പുറമെ യു.എസിന്റെ നിരീക്ഷണ കപ്പലായ ഓഷ്യന്‍ ടൈറ്റന് എന്ന കപ്പല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിനോടടുത്ത് എത്തിയിട്ടുണ്ട്.ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.ഇന്ത്യ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ചൈന നിരീക്ഷണം നടത്താറുണ്ട്. ഒരേസമയം ചൈനയ്ക്കും യു.എസിനും താത്പര്യമുള്ള ഒരു മിസൈല്‍ പരീക്ഷണം നടക്കാന്‍ പോകുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മറ്റ് രാജ്യങ്ങളിലെ പ്രതിരോധ വൃത്തങ്ങളുടെ ശ്രദ്ധയും ആകര്‍ഷിച്ചിട്ടുണ്ട്. ചൈനയുടെ ഇന്ത്യന്‍ മഹാസമുദ്ര മേഖയിലെ താത്പര്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യ പ്രത്യാക്രമണ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഇതിന്റെ ഭാഗമായി പ്രഹരപരിധി കൂടിയ മിസൈലുകളുടെ പരീക്ഷണം ഇന്ത്യ നടത്തുന്നുണ്ട്. ഇന്ത്യ ഇത്തവണ ഒരു ദീര്‍ഘദൂര, മള്‍ട്ടി വാര്‍ഹെഡ് മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായി നടത്തുന്നതെങ്കില്‍ അതിനര്‍ഥം, ഒരു തന്ത്രപ്രധാനമായ മറ്റൊരു ആയുധത്തിന് വേണ്ട വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്നതാണ് എന്നാണ് പ്രതിരോധവൃത്തങ്ങള്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.