കടയ്ക്കൽ : വിവാഹത്തട്ടിപ്പിലൂടെ പ്രവാസി യുവതിയുടെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി.
ആൽത്തറമൂട് സംഗീത് ഭവനിൽ സംഗീതിന്റെയും രക്ഷകർത്താക്കളുടെയും പേരിലാണു പത്തനംതിട്ട കോന്നി സ്വദേശിയായ പ്രിൻസി രാജ് പരാതി നൽകിയത്. പരാതിയിൽ ഗാർഹിക പീഡനം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കടയ്ക്കൽ പൊലീസ് കേസെടുത്തു.2013ൽ സംഗീതും പ്രിൻസിയും യുഎഇയിൽ വച്ച് പരിചയപ്പെടുകയും ഒരുമിച്ചു താമസിച്ചുവരികയും ചെയ്തു. പിന്നീട് ഇരുവരും ഗുരുവായൂരിൽ വച്ച് വിവാഹിതരായി. ദുബായിൽ നല്ല ശമ്പളത്തിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്ന പ്രിൻസിയുടെ സമ്പാദ്യം മുഴുവൻ സംഗീത് സ്വന്തം പേരിലേക്കു മാറ്റിയെന്നാണു പരാതി.
കടയ്ക്കൽ ഗവ. യുപിഎസിനു സമീപം സംഗീതിന്റെ അമ്മയുടെ പേരിലുള്ള വസ്തുവിൽ സഹോദരിക്കു വീടു വച്ചു. ഇതിനായി ഇവരുടെ സമ്പാദ്യം വിനിയോഗിച്ചെന്നും പരാതിയിലുണ്ട്.
ഇതിനിടെ സംഗീതിനു ദുബായിലെ ജോലി നഷ്‍ടപ്പെട്ടു. തുടർന്നു നാട്ടിൽ സ്ഥിരതാമസമാക്കി. 2022 മുതൽ സംഗീതിന് ഒരു തുക മുടങ്ങാതെ അയച്ചിരുന്നായും പ്രിൻസി രാജ് പറയുന്നു. പിന്നീട് സംഗീതിന്റെ കുടുംബം ഇടപെട്ട് വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തു. രണ്ടാഴ്ച മുൻപ് ഭർത്താവ് താമസിച്ച ആൽത്തറമൂട്ടിലെ വീട്ടിലെത്തിയ പ്രിൻസിയെ വീട്ടിൽ കയറ്റിയില്ല.
രണ്ടാഴ്ചയായി പ്രിൻസി രാജ് വീടിനു മുന്നിലുണ്ട്. പൊതുപ്രവർത്തകരും പൊലീസും പറഞ്ഞിട്ടും വീടിനകത്ത് ഇവരെ കയറ്റാൻ കൂട്ടാക്കിയില്ല.പിന്നീട് പൊലീസ് ഇടപെട്ടാണു ശുചിമുറി തുറന്നുനൽകിയത്. വീടിന്റെ മുൻവശത്തു പ്രിൻസി രാജിന്റെ സത്യാഗ്രഹം തുടരുകയാണ്.
പ്രിൻസി രാജ് പറയുന്നതു വാസ്തവ വിരുദ്ധം ആണെന്നു സംഗീതിന്റെ അമ്മയും ബന്ധുക്കളും പറയുന്നു. 25 ലക്ഷം രൂപ വായ്പ എടുത്താണു വീട് വച്ചത്. ഇവർ പരാതി നൽകിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സംഗീതിന്റെ ബന്ധുക്കൾ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.