പട്ന: നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് എത്തിയ ബിഹാറിൽ മുന്നണികളുടെ കണക്കുകൂട്ടലുകൾ തകൃതിയാണ്.
എൻഡിഎയും ഇന്ത്യാ സഖ്യവും ബലാബലം മത്സരിക്കുമ്പോൾ കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും മത്സരം കടുക്കും. ഇന്ത്യാ സഖ്യം ജയിച്ചാൽ താനാകും മുഖ്യമന്ത്രിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനു നഷ്ടമായ മുഖ്യമന്ത്രി പദം ഇക്കുറി സ്വന്തമാക്കുകയാണ് ലാലുപുത്രന്റെ ലക്ഷ്യം.അതേസമയം, എൻഡിഎ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി? രണ്ടു പതിറ്റാണ്ടായി ബിഹാർ ഭരിക്കുന്ന നിതീഷ് കുമാർ തുടരുമെന്നു പറയുമ്പോഴും ഇക്കാര്യത്തിൽ ഉറപ്പില്ല. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നു മുന്നണി പ്രഖ്യാപിച്ചിട്ടുമില്ല. ബിഹാറിൽ മുഖ്യമന്ത്രി പദം ബിജെപിയും കൊതിക്കുന്നതിനാൽ അഭ്യൂഹങ്ങൾ പലതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മാധ്യമപ്രവർത്തകർ ഈ ചോദ്യമുന്നയിച്ചിരുന്നു, എൻഡിഎ വിജയിച്ചാൽ നിതീഷ് കുമാർ തന്നെയാകുമോ മുഖ്യമന്ത്രിയെന്ന്.
ഇതിന് അമിത് ഷാ നൽകിയ മറുപടിയാണ് വീണ്ടും ചർച്ചകൾക്കു കാരണമായത്. തിരഞ്ഞെടുപ്പിനു ശേഷം സഖ്യകക്ഷികൾ എല്ലാം ചേർന്നു മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുമെന്നായിരുന്നു ഷായുടെ മറുപടി. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടയാൾ ഞാനല്ല. ഇപ്പോൾ, നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
തിരഞ്ഞെടുപ്പു കഴിയുമ്പോൾ സഖ്യകക്ഷികൾ എല്ലാവരും ഒരുമിച്ചിരുന്നു തീരുമാനിക്കും ആരാകണം മുഖ്യമന്ത്രി എന്നത്’’ –അമിത് ഷാ പറഞ്ഞു. 2020ലെ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപിയിൽ നിന്നു മുഖ്യമന്ത്രിയെ വേണമെന്ന നിർദേശവുമായി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നുവെന്നും ഷാ വെളിപ്പെടുത്തി.
ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റ് ബിജെപി നേടിയ പശ്ചാത്തലത്തിലായിരുന്നത്രെ ഇത്. സീറ്റ് പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട് എൻഡിഎയ്ക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രചരണവും അമിത് ഷാ തള്ളി. മൂന്നു ദിവസത്തെ പ്രചാരണത്തിനായി അമിത് ഷാ ബിഹാറിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.