എടപ്പാൾ: മലയാള സാഹിത്യത്തിലെ അതികായരായ മഹാകവി വള്ളത്തോൾ നാരായണമേനോൻ, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരുടെ കാവ്യജീവിതം സ്മരിച്ചുകൊണ്ട് വള്ളത്തോൾ വിദ്യാപീഠം നാല് ദിവസത്തെ വിപുലമായ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 13 മുതൽ 16 വരെ ശുകപുരം വള്ളത്തോൾ വിദ്യാപീഠത്തിൽ വെച്ചാണ് ഈ സാംസ്കാരിക മഹാസംഗമം നടക്കുന്നത്.
വള്ളത്തോൾ വിദ്യാപീഠത്തിന്റെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ, ആകാശവാണി, ദൂരദർശൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ സാഹിത്യോത്സവം ഒരുങ്ങുന്നത്. കവിസമ്മേളനം, പുസ്തകപ്രകാശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
സാഹിത്യോത്സവത്തിന്റെ വിശദാംശങ്ങൾ അറിയിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തിൽ വള്ളത്തോൾ വിദ്യാപീഠം പ്രസിഡന്റ് ഡോ. എം.ആർ. രാഘവവാര്യർ, സെക്രട്ടറി ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, സ്വാഗതസംഘം ചെയർമാൻ അഡ്വ. പി.പി. മോഹൻദാസ്, ജനറൽ കൺവീനർ ഡോ. അനിൽ വള്ളത്തോൾ എന്നിവർ പങ്കെടുത്തു.
വള്ളത്തോൾ: മലയാളഭാഷയുടെ കാവ്യാത്മക ബിംബം
മലയാള ഭാഷയുടെ ദേശീയചിന്തയെയും ആത്മീയ സൗന്ദര്യത്തെയും അതിന്റെ താളത്തിലും തീവ്രതയിലും കാവ്യരൂപത്തിൽ അവതരിപ്പിച്ച മഹാകവിയാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനിക മലയാള സാഹിത്യത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നായി ഇന്നും അദ്ദേഹത്തെ ആദരിക്കുന്നു. ബധിര വിലാപം', 'ബന്ധനസ്ഥനായ അനിരുദ്ധൻ', 'മഗ്ദലനമറിയം', 'ശിഷ്യനും മകനും' തുടങ്ങിയ കൃതികൾ മലയാള കവിതയ്ക്ക് നവജീവൻ നൽകി.സംസ്കൃത സാഹിത്യത്തിലെ പ്രധാന കൃതികളായ ഋഗ്വേദ തർജമ, ഭാസനാടകങ്ങളുടെ പരിഭാഷ എന്നിവയിലൂടെ അദ്ദേഹം മലയാളത്തിന് നൽകിയ സേവനം അതുല്യമാണ്.
കേരള കലാമണ്ഡലം സ്ഥാപിച്ചുകൊണ്ട് കലയെയും കലാകാരന്മാരെയും സംരക്ഷിച്ച വള്ളത്തോൾ, കേരളത്തിന്റെ സാംസ്കാരിക പുനരുജ്ജീവനത്തിന് അടിത്തറയിട്ട വ്യക്തിയാണ്.സാഹിത്യ അക്കാദമി അവാർഡ്, പദ്മഭൂഷൺ തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ച അംഗീകാരങ്ങളാണ്.
അക്കിത്തം — മാനവികതയുടെ ശബ്ദം
മലയാള കവിതയുടെ ആധുനിക പുനർജ്ജനിക്ക് മുഖ്യധാര നൽകിയ കവിയും മാനവികതയുടെ ശബ്ദവുമാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. മനുഷ്യന്റെ അന്തർസത്യത്തെയും സാമൂഹ്യബോധത്തെയും ആത്മീയതയെയും ആഴത്തിൽ അന്വേഷിച്ച അദ്ദേഹത്തിന്റെ രചനകൾക്ക് മലയാള മനസ്സിൽ ചിരപ്രതിഷ്ഠയുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' (1952) എന്ന വിഖ്യാത കൃതി മലയാള ആധുനിക കവിതയിലെ വഴിത്തിരിവായി കണക്കാക്കുന്നു.'ബാലസൂര്യൻ', 'അമ്മയും മകനും', 'നിമിഷക്ഷേത്രം' തുടങ്ങിയവ ആത്മീയതയും ഗൃഹാതുരതയും ചേർന്ന അനുഭൂതികൾ സമ്മാനിക്കുന്നു.ജ്ഞാനപീഠം (2019), പദ്മശ്രീ (2017) ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മനുഷ്യന്റെ ദുഃഖസന്തോഷങ്ങൾ കവിതയിലൂടെ ആഴത്തിൽ അനുഭവിപ്പിക്കാൻ പഠിപ്പിച്ച അക്കിത്തം, മലയാള കവിതയുടെ ചരിത്രത്തിൽ അക്ഷയമായ സ്ഥാനം നേടി
സാഹിത്യോത്സവത്തിന്റെ ഭാഗമായി 'മഹാകവി അക്കിത്തം ജന്മശതാബ്ദി ദ്വിദിന സെമിനാർ' നടക്കും. പ്രമുഖ എഴുത്തുകാരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സാഹിത്യോത്സവത്തിന് 2025 ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തുടക്കമാകും. മലയാള സാഹിത്യത്തിലെ സമകാലിക പ്രതിഭകളിൽ പ്രമുഖനും കവി, സൗന്ദര്യശാസ്ത്ര പണ്ഡിതൻ, ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനുമായ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് ചടങ്ങിൽ വെച്ച് '
പൗർണമി പുരസ്‌കാരം' നൽകി ആദരിക്കും. തുടർന്ന്, ഒക്ടോബർ 14, 15 തീയതികളിലായി നടക്കുന്ന *'മഹാകവി അക്കിത്തം ജന്മശതാബ്ദി ദ്വിദിന സെമിനാറി'*ന് ഒക്ടോബർ 14-ന് രാവിലെ തുടക്കമാകും. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു ഉദ്ഘാടന സമ്മേളനം നിർവഹിക്കുമ്പോൾ കെ.പി. രാമനുണ്ണി അധ്യക്ഷത വഹിക്കുകയും എസ്.കെ. വസന്തൻ, എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തുകയും കെ.ജി. പൗലോസ്
പരിപാടിയുടെ ഉദ്‌ഘാടനവും നിർവഹിക്കും .
ആദ്യ ദിവസത്തെ ഒന്നാമത്തെ സെമിനാറിൽ ഡോ. എം.എൻ. കാരശ്ശേരിയുടെ അധ്യക്ഷതയിൽ , ഡോ. കെ. പ്രസന്നരാജൻ, ശ്രീശൈലം ഉണ്ണികൃഷ്ണൻ തുടങ്ങിയ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും
രണ്ടാമത്തെ സെഷനിൽ പായിപ്ര രാധാകൃഷ്ണൻ, രമിളാദേവി പി.ആർ തുടങ്ങിയ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചടങ്ങിൽ ടി കെ സന്തോഷ് കുമാർ അധ്യക്ഷനാകും
ഇതിന് ശേഷം, ആകാശവാണി കോഴിക്കോട് അവതരിപ്പിക്കുന്ന "അക്കിത്തം: ജീവിച്ചിടുന്നു സ്മൃതിയിൽ" എന്ന പ്രത്യേക പരിപാടിയും നടക്കും. ഒക്ടോബർ 15-ന് നടക്കുന്ന മൂന്നാം സെഷനിൽ അക്കിത്തം കവിതയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ആത്മാരാമൻ ('അക്കിത്തം വിമർശിക്കപ്പെടുന്നു'), പദ്മദാസ് ('അക്കിത്തം കവിതയിലെ അശ്രുപരിചാരകം'), അജിത്ത് കൊളാടി ('വിശ്വമാനവികതയുടെ കവി'), ഡോ. ഉമർ തറമേൽ ('അക്കിത്തവും ആധുനികതയും'), വി. ദേവിപ്രസാദ് ('ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം: ഒരു കാവ്യാത്മക വായന'), ഡോ. കെ. ശുഭ ('കൃഷ്ണ സങ്കൽപം അക്കിത്തം കവിതയിൽ') എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വിവിധ സെഷനുകളിൽ ഡോ. കെ.പി. മോഹനൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ഇ.എം. കൃഷ്ണൻ നമ്പൂതിരി, ടി.കെ. സന്തോഷ് കുമാർ, എം.എൻ. കാരശ്ശേരി തുടങ്ങിയ പ്രമുഖർ അധ്യക്ഷത വഹിക്കും.
സാഹിത്യോത്സവത്തിന്റെ സമാപനസമ്മേളനം ഒക്ടോബർ 16 വ്യാഴാഴ്ച വൈകുന്നേരം 3.30-ന് നടക്കും. ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് സമാപന പ്രഭാഷണം നടത്തുകയും ദിലീപ് കുമാർ കെ. നന്ദി പ്രകാശിപ്പിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.