ധാക്ക: ബംഗ്ലാദേശിൽ ആദിവാസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിൽ പ്രതിഷേധിച്ചുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു.
ഗോത്രമേഖലയായ ഖഗ്രച്ചാരിയിലാണ് സംഘർഷമുണ്ടായത്. ജുമ്മു സ്റ്റുഡന്റ്സ് എന്ന സംഘടന ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
മരിച്ചവർ ആരെല്ലാമാണെന്ന് കണ്ടെത്തിയിട്ടില്ല. പ്രതിഷേധക്കാർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ടു. സംഭവത്തിൽ ആഭ്യന്തര മന്ത്രായലയം ദുഃഖം രേഖപ്പെടുത്തി. പ്രതികൾക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്.
ഒരു കുറ്റവാളിയെയും വെറുതെവിടില്ലന്ന് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. മേഖലയിൽ എല്ലാ രീതിയിലുമുള്ള റാലികളും പ്രതിഷേധങ്ങളും ബംഗ്ലാദേശ് സർക്കാർ നിരോധിച്ചിരിക്കുകയാണ്.
ഇന്ത്യയും മ്യാൻമറും അതിർത്തി പങ്കിടുന്ന ചിറ്റഗോംഗ് കുന്നിലെ ഒരു ജില്ലയാണ് ഖഗ്രാച്ചാരി. ഇവിടെയുളള എട്ടാംക്ലാസുകാരിയെ ചൊവ്വാഴ്ച കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ചാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ചക്മ, മർമ ഗോത്രങ്ങളിൽപ്പെട്ടവർ ശനിയാഴ്ച ടയറുകളും മരക്കൊമ്പുകളും കത്തിച്ച് ഖഗ്രാച്ചാരി ജില്ലാ ആസ്ഥാനത്തെ റോഡ് ഉപരോധിച്ചു.
ഒരു സ്വകാര്യ ട്യൂഷൻ സെന്ററിൽ നിന്നുവരുന്നതിനിടയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. അർദ്ധരാത്രിയോടെ കുട്ടിയെ നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് മാതാപിതാക്കളും അയൽവാസികളും കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഒരു ആൺകുട്ടിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.