ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി ആറ് പതിറ്റാണ്ടിലേറെ സേവനമനുഷ്‌ഠിച്ച യുദ്ധവിമാനം മിഗ്-21 വിരമിക്കുന്നു. യുദ്ധക്കുതിരയ്‌ക്ക് സമാനമായി രാജ്യത്തെ വ്യോമസേനയുടെ നിർണായക ശക്തിയായി മാറിയ യുദ്ധവിമാനമാണ് മിഗ്-21.
ഇന്ത്യ പാകിസ്ഥാൻ യുദ്ധങ്ങൾ തൊട്ട് ഓപ്പറേഷൻ സിന്ദൂറിൽ വരെ മിഗ്-21 നിർണായക സ്വാധീനമായി. പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ച, ഇന്ത്യൻ വ്യോമസേനയുടെ ശക്തിയെ വാനോളം ഉയർത്തിയ ഇന്ത്യയുടെ പടക്കുതിരയ്‌ക്കാണ് രാജ്യം വിട നൽകുന്നത്.
"പാന്തേഴ്‌സ്" എന്ന് വിളിപ്പേരുള്ള 23-ാം നമ്പർ സ്ക്വാഡ്രണിൽ ഉൾപ്പെടുന്ന അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡ് വ്യോമസേനാ സ്റ്റേഷൻ വച്ചാണ് അവസാന വിടവാങ്ങൽ ചടങ്ങ് നടത്തുക. എയർ ചീഫ് മാർഷൽ സിങ് ആണ് മിഗ്-21നെ അവസാനമായി പറത്തുന്നത്. മിഗ് 21 ൻ്റെ പൈതൃകത്തെ ആദരിച്ചുകൊണ്ട്, ചീഫ് ഓഫ് എയർ സ്റ്റാഫ് മാർഷൽ എ പി സിങ് അടുത്തിടെ ഈ ഐതിഹാസിക യുദ്ധവിമാനത്തിൻ്റെ അവസാന സ്ക്വാഡ്രണായ നമ്പർ 23 സ്ക്വാഡ്രൺ "പാന്തേഴ്‌സ്" സന്ദർശിച്ചു. സ്ക്വാഡ്രൺ ലീഡർ പ്രിയയുടെ നിർദേശമനുസരിച്ച് പറക്കലും നടത്തി.
"സെപ്റ്റംബർ 26ന് ഞാൻ ചണ്ഡീഗഡിൽ ഉണ്ടാകും. വ്യോമസേനയുടെ മിഗ്-21ൻ്റെ ഡീകമ്മിഷൻ ചടങ്ങിൽ പങ്കെടുക്കും. അതിനായി കാത്തിരിക്കുന്നു." ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ എക്‌സിൽ കുറിച്ചിരുന്നു.
'ആറു പതിറ്റാണ്ടുകളുടെ സേവനം, എണ്ണമറ്റ ധീരതയുടെ കഥകൾ, ഒരു രാജ്യത്തിൻ്റെ അഭിമാനം ആകാശത്തേക്ക് ഉയർത്തിയ യുദ്ധക്കുതിര”. ഇത് ശരിക്കും അഭിമാനകരമായ നിമിഷമാണ്, പ്രത്യേകിച്ച് “പാന്തേഴ്‌സിന്” പ്രവർത്തന ശേഷിയിൽ അവസാനത്തെ മിഗ് 21 ഓപ്പറേറ്റിങ് സ്ക്വാഡ്രണാണ് ഞങ്ങൾ' -കമാൻഡിങ് ഓഫിസർ നമ്പർ 23 സ്ക്വാഡ്രൺ ഗ്രൂപ്പ് ക്യാപ്റ്റൻ നന്ദ രാജേന്ദർ പറഞ്ഞു.
'1965, 1971 ലെ യുദ്ധത്തിൽ ഏറ്റവും നൂതനമായ യുദ്ധവിമാനമായിരുന്നതിനാൽ, ഇന്ത്യ നടത്തിയ എല്ലാ സൈനിക നടപടികളുടെയും സ്ഥിര കാവൽ വിമാനമായി ഇത് തുടർന്നു. ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്തും ഇത് ഒരു പാരമ്പര്യ യുദ്ധവിമാനമായിരുന്നു. എന്നിരുന്നാലും, ഓപ്പറേഷണൽ റെഡിനസ് പ്ലാറ്റ്‌ഫോം (ORP) ചുമതലകൾക്കാണ് ഇത് നിയോഗിക്കപ്പെട്ടത്, ആവശ്യം ഉയർന്നാൽ ആകാശത്തെ പ്രതിരോധിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു,' -രാജേന്ദർ കൂട്ടിച്ചേർത്തു. ഇന്ത്യൻ വ്യോമസേനയിലെ മുൻനിര സൈനികർ വിരമിക്കൽ വേളയെ വൈകാരികമായിട്ടാണ് വിവരിച്ചത്.
യുദ്ധങ്ങളിൽ ഇന്ത്യയുടെ സ്വാധീന ശക്തി
1965 ലും 1971 ലും ഇന്ത്യ പാകിസ്ഥാനെതിരായി നടത്തിയ യുദ്ധങ്ങളിലും, 1999 ലെ കാർഗിൽ പോരാട്ടത്തിലും 2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിലും മിഗ് 21 ഒരു സംരക്ഷണ കവചമായി പ്രവർത്തിച്ചു. ഇന്ത്യയുടെ പ്രതിരോധം, രഹസ്യാന്വേഷണ ദൗത്യങ്ങൾ എന്നിവയിലും സജീവ പങ്കാളിയായി. ഇന്ത്യയിലെ ഏറ്റവും മികച്ച യുദ്ധ യുദ്ധവിമാനമായാണ് മിഗ്-21നെ വിശേഷിപ്പിക്കുന്നത്. പാകിസ്ഥാനുമായുള്ള നാല് സായുധ പോരാട്ടങ്ങളിലെ നായകൻ എന്ന് വേണമെങ്കിൽ നമുക്ക് മിഗ്-21നെ വിശേഷിപ്പിക്കാം. നിലവിൽ ഇന്ത്യയിലെ 2500-ലധികം യുദ്ധവിമാന പൈലറ്റുമാർ ഈ യുദ്ധ വിമാനം പറത്താൻ യോഗ്യത നേടിയിട്ടുണ്ട്.
"റഷ്യ ആദ്യമായി മിഗ് 21 നിർമിച്ചത് 1959 ലാണ്. 1961 ൽ ഞങ്ങൾ പൈലറ്റ് പരിശീലനത്തിനായി റഷ്യയിലേക്ക് പോയി. 1963 ൽ ഞങ്ങൾക്ക് ആദ്യത്തെ മിഗ് 21 സ്ക്വാഡ്രൺ ഉണ്ടായി, അതിനു ശേഷം നിരവധി മിഗ് വിമാനങ്ങൾ ഉണ്ടായി. എച്ച്‌സിഎൽ രാജ്യത്ത് മിഗ് നിർമിക്കാൻ തുടങ്ങി, റഷ്യ എല്ലാ സാങ്കേതികവിദ്യയും നൽകി. ഇന്ത്യയിൽ ഞങ്ങൾക്ക് 871 മിഗ് 21 വിമാനങ്ങൾ ഉണ്ടായിരുന്നു," -വ്യോമസേനാ എയർ മാർഷൽ ഒ പി തിവാരി ഇടിവി ഭാരതിനോട് പറഞ്ഞു.
മിഗ് 21 നിർത്തലാക്കുന്നത് തനിക്ക് വളരെ വൈകാരിക നിമിഷമാണെന്ന് പറഞ്ഞ തിവാരി, ഇന്ത്യയിൽ കുറഞ്ഞത് 600 മിഗ് 21 എങ്കിലും നിർമിച്ചിട്ടുണ്ട് എന്നും സൂചിപ്പിച്ചു. "വളരെക്കാലം ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ശക്തിയായിരുന്നു ഇത്. 2013 ൽ ഇന്ത്യ ഇതിൻ്റ ചില പതിപ്പുകൾ പിൻവലിച്ചു. പിന്നീട് ഇന്ത്യ നിരവധി പരിഷ്‌കാരങ്ങളോടെ മിഗ് 21 ബൈസൺ നിർമിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു. തിവാരിയുടെ അഭിപ്രായത്തിൽ, മിഗ് 21 ആണ് ഏറ്റവും മികച്ച യുദ്ധവിമാനം. ലോകമെമ്പാടുമായി 10,000-ത്തിലധികം മിഗ് 21 യുദ്ധവിമാനങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്.
"1971-ൽ, ഇത് ഒരു പ്രധാന പങ്ക് വഹിച്ചു, പിന്നീട് കാർഗിൽ യുദ്ധത്തിലും മിഗ് 21 ഒരു പ്രധാന പങ്ക് വഹിച്ചു. ബാലകോട്ട് ആക്രമണമായാലും ഓപ്പറേഷൻ സിന്ദൂറായാലും മിഗ് 21 എല്ലായ്‌പ്പോഴും സജീവമായിരുന്നു," തിവാരി ഓർമിച്ചു.
ഇന്നത്തെ യുദ്ധം പൂർണ്ണമായും മാറിയിരിക്കുന്നുവെന്ന് പറഞ്ഞ തിവാരി, ഇന്നത്തെ യുദ്ധവിമാനങ്ങൾ കാര്യക്ഷമമായിരിക്കേണ്ടതുണ്ടെന്നും സൂചിപ്പിച്ചു. “റഷ്യ-യുക്രെയ്ൻ യുദ്ധം നമ്മൾ കണ്ടിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറും നമ്മൾ കണ്ടു. യുദ്ധവിമാനങ്ങൾ കൃത്യതയോടെ ഭാരം വഹിച്ചു. നമുക്ക് ആവശ്യത്തിന് വിമാനങ്ങളുണ്ട്, എല്ലാ വിമാനങ്ങളും കാലത്തിനനുസരിച്ച് പരിഷ്‌കരിക്കേണ്ടതുണ്ട്,” -അദ്ദേഹം പറഞ്ഞു.
ചണ്ഡീഗഡ് വ്യോമസേനാ സ്റ്റേഷനിൽ മിഗ്-21ൻ്റെ ഔദ്യോഗിക വിടവാങ്ങൽ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ ആചാരപരമായ ഫ്ലൈപാസ്റ്റും ഡീകമ്മിഷൻ ചെയ്യലും ഉണ്ടായിരിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ഉൾപ്പെടെയുള്ള മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
"ഇന്ന്, ആ അതികായനോട് വിടപറയാൻ ഒരുങ്ങുമ്പോൾ, നമ്മൾ ഒരു യന്ത്രത്തോട് വിട പറയുകയല്ല ചെയ്യുന്നത് ധൈര്യത്തിൻ്റെയും ത്യാഗത്തിൻ്റെയും നവീകരണത്തിൻ്റെയും എല്ലാറ്റിനുമുപരി മിഗ്-21 പറത്തുകയും പരിപാലിക്കുകയും അതിനോടൊപ്പം ജീവിക്കുകയും ചെയ്‌ത പുരുഷന്മാരുടെയും സ്ത്രീകളുടെയും ആത്മാവിൻ്റെ പൈതൃകത്തെ ആഘോഷിക്കുക കൂടിയാണ് ചെയ്യുന്നത്" ഇന്ത്യൻ വ്യോമസേനാ വിദഗ്‌ധൻ നിതിൻ സാഥെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.