റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ കെട്ടിട വാടക വർധനവ് അടുത്ത അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് മന്ത്രിസഭ സുപ്രധാനമായ നിയമനിർമ്മാണം നടത്തി.
ഭവനച്ചെലവ് സ്ഥിരപ്പെടുത്തുന്നതിനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിൽ നീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഈ നടപടി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് നടപ്പിലാക്കിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ റിയാദിൻ്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക അഞ്ച് വർഷത്തേക്ക് വർധിപ്പിക്കുന്നത് തടയും. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ ശുപാർശ പ്രകാരം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ പരിഷ്കാരം വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
റിയാദിലെ വാടക വിപണിയിൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ ചട്ടങ്ങളിലുള്ളത്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കും ഫ്ലാറ്റുകൾക്കും നേരത്തെ രജിസ്റ്റർ ചെയ്ത ഏറ്റവും ഒടുവിലത്തെ കരാറിലെ വാടക ആയിരിക്കും പുതിയ വാടക. എന്നാൽ ആദ്യമായി വാടകയ്ക്ക് നൽകുന്ന കെട്ടിടങ്ങളുടെയോ ഫ്ലാറ്റുകളുടെയോ വാടക കെട്ടിട ഉടമയ്ക്കും വാടകക്കാർക്കും സ്വതന്ത്രമായി തീരുമാനിക്കാം.
രാജ്യത്തുടനീളമുള്ള എല്ലാ വാടകക്കരാറുകളും 'ഈജാർ' പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്തിരിക്കണം. കരാർ വിവരങ്ങൾക്കെതിരെ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ ഉന്നയിക്കാം. ആക്ഷേപമില്ലെങ്കിൽ കരാർ സാധുവായി കണക്കാക്കും. കരാർ കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുമ്പെങ്കിലും ഏതെങ്കിലും ഒരു കക്ഷി അറിയിപ്പ് നൽകിയില്ലെങ്കിൽ കരാർ സ്വയമേവ പുതുക്കപ്പെടും.
വാടകക്കാർക്ക് കരാർ നീട്ടാൻ താൽപ്പര്യമുണ്ടെങ്കിൽ കെട്ടിട ഉടമയ്ക്ക് അത് നിരസിക്കാൻ കഴിയില്ല. എന്നാൽ, വാടക നൽകാതിരിക്കുക, കെട്ടിടങ്ങൾക്ക് സുരക്ഷയെ ബാധിക്കുന്ന ഘടനാപരമായ തകരാറുകൾ ഉണ്ടാക്കുക, കെട്ടിട ഉടമയുടെയോ അവരുടെ അടുത്ത ബന്ധുവിൻ്റെയോ സ്വകാര്യ ഉപയോഗത്തിനായി കെട്ടിടം ആവശ്യമുണ്ടാവുക എന്നീ മൂന്ന് സാഹചര്യങ്ങളിൽ ഉടമയ്ക്ക് ഒഴിവുകഴിവുകൾ അനുവദിച്ചിട്ടുണ്ട്.
കെട്ടിട ഉടമയുടെ നിയമലംഘനങ്ങൾക്ക് 12 മാസത്തെ വാടകയ്ക്ക് തുല്യമായ തുക വരെ പിഴയും വാടകക്കാർക്ക് നഷ്ടപരിഹാരവും നൽകേണ്ടിവരും. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴത്തുകയുടെ 20 ശതമാനം വരെ പാരിതോഷികമായി ലഭിക്കും. റീജിയനൽ ഹെഡ്ക്വാർട്ടേഴ്സ് പ്രോഗ്രാമിലൂടെ ആഗോള ബിസിനസ് ഹബ്ബായി മാറുന്ന റിയാദിൽ വാടക വർധനവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന കിരീടാവകാശിയുടെ കാഴ്ചപ്പാടാണ് പുതിയ പരിഷ്കാരങ്ങൾക്ക് പിന്നിൽ.
റിയൽ എസ്റ്റേറ്റ് മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നടപടികൾ. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഈ നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും വാടക വിലകൾ വിശകലനം ചെയ്യുകയും ചെയ്യും. ഈ നടപടികൾ റിയാദിൻ്റെ വാടക വിപണിയിൽ ഒരു വഴിത്തിരിവാകുമെന്നും സുരക്ഷിതവും നീതിയുക്തവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.