തൊടുപുഴ: പരീക്ഷാഹാളില്‍ വെച്ച് പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്കിയ കേസില്‍ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി.
മൂന്നാര്‍ ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു.2014 ആഗസ്റ്റ് 27നും സെപ്റ്റംബര്‍ അഞ്ചിനുമിടയില്‍ കോളേജില്‍ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്സാമിനര്‍ കൂടിയായ ആനന്ദ് വിശ്വനാഥ് പിടികൂടിയിരുന്നു.സംഭവം സര്‍വകലാശാലയ്ക്ക് റിപോര്‍ട്ട് ചെയ്യാന്‍ ഇന്‍വിജിലേറ്ററെ ചുമതലപ്പെടുത്തി. എന്നാല്‍, ഇന്‍വിജിലേറ്റര്‍ നിര്‍ദേശം അനുസരിച്ചില്ല. വിദ്യാര്‍ഥിനികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരായിരുന്നതിനാലാണ് ഇടത് അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയായ ഇന്‍വിജിലേറ്റര്‍ ഇതിന് തയ്യാറാകാതിരുന്നത് എന്ന് ആരോപണം അപ്പോള്‍ തന്നെ ഉയര്‍ന്നു. ഇതിന് പിന്നാലെ പീഡന ആരോപണം ഉന്നയിച്ച് അഞ്ച് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കുകയായിരുന്നു.ആനന്ദ് വിശ്വനാഥന് പരീക്ഷാഹാളില്‍ വെച്ച് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസില്‍ കുടുക്കുമെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിച്ചത്. മൊഴികളുടെ അടിസ്ഥാനത്തില്‍ നാല് കേസുകളാണ് മൂന്നാര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്ട്രേറ്റ് കോടതിയില്‍ നാല് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ രണ്ടുകേസില്‍ ആനന്ദ് വിശ്വനാഥനെ വെറുതെവിട്ടു.
എന്നാല്‍, മറ്റ് രണ്ടു കേസില്‍ പെണ്‍കുട്ടികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ഈ വിധികള്‍ക്കെതിരേ ആനന്ദ് വിശ്വനാഥന് 2021ല്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്കി. വിശദമായി വാദം കേട്ടും തെളിവുകള്‍ പരിശോധിച്ചുമാണ് കേസിലെ രാഷ്ട്രീയ ഗൂഡാലോചന കോടതി കണ്ടെത്തിയത്. മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി നിരപരാധിയെ കുറ്റക്കാരനാക്കിയ പോലിസിനെയും കോടതി വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.