അദ്ദേഹം വെട്ടിക്കളഞ്ഞ നഖം പോലും താന്‍ എടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട് ; ആരാധന നിറഞ്ഞ കുറിപ്പുമായി നടി ലക്ഷ്മി പ്രിയ

ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ കുറിച്ച് ആരാധന നിറഞ്ഞ കുറിപ്പുമായി നടി ലക്ഷ്മി പ്രിയ. ലോകത്തെ മികച്ച അഭിനേതാവിന് നല്‍കാവുന്ന സകലമാന പുരസ്‌കാരങ്ങളും മോഹന്‍ലാലിന്റെ കാല്‍ച്ചുവട്ടില്‍ വെച്ച് നമസ്‌കരിച്ചാലും അതില്‍ അതിശയോക്തി ഇല്ലെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖം പോലും താന്‍ എടുത്ത് സൂക്ഷിച്ചുവെട്ടിട്ടുണ്ടെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച് രണ്ടുവരി കുറിക്കാന്‍ വൈകിയത്, നിറഞ്ഞ കുടത്തെ പറ്റിയും നിറഞ്ഞു കത്തുന്ന നിലവിളക്കിനെ പറ്റിയും കത്തുന്ന സൂര്യനെ പറ്റിയും താനെന്താണ് എഴുതേണ്ടത് എന്ന ചിന്തകൊണ്ടാണ്. അദ്ദേഹത്തെ കുറിച്ച് എന്തെഴുതിയാലും അത് അധികമായിപ്പോകുമെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലം മുതലേ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കണ്ടുവളര്‍ന്ന അനുഭവവും ലക്ഷ്മി പ്രിയ വിശദമായി കുറിച്ചിട്ടുണ്ട്.

കടലും ആനയും മോഹന്‍ലാലും മലയാളിയ്ക്ക് എന്നും വിസ്മയമാണ്. സിനിമ സിനിമ എന്ന് മിടിക്കുന്ന ഹൃദയമുള്ള വിസ്മയം. മോഹന്‍ലാല്‍ അവതരിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതിലും വലിയ എന്തു ഭാഗ്യം വേണം എന്നും ലക്ഷ്മി പ്രിയ കുറിച്ചു. ലക്ഷ്മി പ്രിയയുടെ കുറിപ്പ് ഹൃദയം നിറഞ്ഞു തുളുമ്പുന്ന ഈ ചിത്രത്തിനൊപ്പമുള്ള വീഡിയോ ഞാന്‍ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല.. 

മോഹന്‍ലാല്‍ എന്ന നടന് ഈ ലോകത്തെ മികച്ച അഭിനേതാവിന് നല്‍കാവുന്ന സകലമാന പുരസ്‌കാരങ്ങളും ആ കാല്‍ച്ചുവട്ടില്‍ വച്ച് നമസ്‌കരിച്ചാലും അതില്‍ അതിശയോക്തിയൊന്നും തന്നെയില്ല! അതെല്ലാം അദ്ദേഹം അര്‍ഹിക്കുന്നു......! എന്നിട്ടും രണ്ട് വരി കുറിക്കാന്‍ എന്തേ വൈകി എന്നു ചോദിച്ചാല്‍ നിറഞ്ഞ കുടത്തെപ്പറ്റി, നിറഞ്ഞു കത്തുന്ന നിലവിളക്കിനെപ്പറ്റി, കത്തുന്ന സൂര്യനെപ്പറ്റി ഞാനെന്താണ് എഴുതേണ്ടത്? എന്ത് എഴുതിയാലും പറഞ്ഞാലും അത് അധികമായിപ്പോകും....

ഞാന്‍ കണ്ട് ആസ്വദിക്കുകയായിരുന്നു... അദ്ദേഹത്തെ കേട്ട് ആസ്വദിക്കുകയായിരുന്നു...അദ്ദേഹം ഈ പുരസ്‌കാരത്തെ എങ്ങനെ നോക്കി കാണുന്നുവെന്ന്!അദ്ദേഹത്തെക്കുറിച്ച് എല്ലാവരും എന്താണ് പറയുന്നത് എന്ന്! ഓരോന്ന് കണ്ടും കേട്ടും പ്രാര്‍ത്ഥിക്കുകയായിരുന്നു, ഇനിയും പുരസ്‌കാരനേട്ടത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് അദ്ദേഹത്തെ നയിക്കേണമേ എന്ന്! മോഹന്‍ലാലിനൊപ്പം വളര്‍ന്നു വലുതായ ബാല്യ കൗമാരങ്ങളാണ് നമ്മുടേത്. ആദ്യമായി ഏത് ചിത്രമാണ് കണ്ടത് എന്ന് ചോദിച്ചാല്‍ അതോര്‍മ്മയില്ല എന്ന് തന്നെ പറയേണ്ടി വരും. തീയേറ്ററില്‍ ആദ്യം കണ്ട ചിത്രം അദ്വൈതമാണ്.1992 ല്‍. അതിനും മുന്‍പ് ഏതെങ്കിലും കണ്ടിട്ടുണ്ടാവാം.

പക്ഷേ ഓര്‍മ്മയില്ല.ഒരു അഭിനേതാവിനെ വിലയിരുത്തുന്നതിനുള്ള പ്രായം ആകാത്തതിനാല്‍ അദ്വൈതത്തിലെ കഥാപാത്രത്തെക്കാള്‍ എന്നിലെ ബാലികയെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിലെ നര്‍ത്തകനാണ്. ആനന്ദനടനമാടി പലയാവര്‍ത്തി വിസ്മയിപ്പിച്ചത് അയല്പക്കത്തെ ടീവിയില്‍ ചിത്രഗീതത്തിലൂടെ താടിയും അല്പ്പം തടിയുമായി ജുബ്ബയിട്ട് എന്റെ നൃത്ത അധ്യാപകനായ രാധാകൃഷ്ണാന്‍ മാഷേപ്പോലെ ഒരാള്‍.. അക്കാലത്തെ മോഹന്‍ലാല്‍ എനിക്ക് ശരിക്കുമൊരു നര്‍ത്തകനായിരുന്നു. കള്ള് കുടിയനായ ഡാന്‍സ് മാഷ്. അയാള് കുടിച്ചപ്പോ അയാളുടെ വിയര്‍ത്ത ജുബ്ബയ്ക്കൊപ്പം കള്ളിന്റെ മണവും കൂടി വന്നിട്ട് എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു... 

എന്നിട്ടും അയാളുടെ നൃത്തം ആസ്വദിക്കാന്‍ പിന്നെയും പിന്നെയും കമലദളവും അതിലെപ്പാട്ടുകളും കണ്ടു...... വിഷം കഴിച്ചവശനായി മാഷ് മരിച്ചപ്പോള്‍ ആ വിഷവും കള്ളും വിയര്‍പ്പും ചേര്‍ന്ന മണം അനുഭവിച്ചു കൊണ്ട് മാഷ് മരിക്കണ്ട എന്ന് എന്റെ കുഞ്ഞ് മനം തേങ്ങി........ പിന്നെ ഞാനയാളെ കണ്ടത് ഞങ്ങടെ നാട്ടിന്‍പുറത്ത് ടെന്റ് കെട്ടി മാസങ്ങളോളം സൈക്കിള്‍ യജ്ഞം നടത്താന്‍ വരുന്ന സൈക്കിള്‍ യജ്ഞക്കാരനായിട്ടാണ്.. വിഷ്ണു ലോകം എന്ന ചിത്രത്തില്‍. പാന്റ് മടക്കി വച്ച്, തലയില്‍ ഒരു കെട്ട് കെട്ടി, പാട്ടും കൂത്തുമൊക്കെയായി രസികനായ ചേട്ടന്‍... നേരത്തേ പറഞ്ഞ എന്റെ രാധാകൃഷ്ണന്‍ മാഷേപ്പോലെ എനിക്ക് നന്നായി അറിയുന്ന ആള്‍.

ആ ചേട്ടന്‍ പറമ്പിലെ ടെന്റ്റില്‍ ഉണ്ടോന്ന് എത്രയോ തവണ ഞാന്‍ ഒളിഞ്ഞു നോക്കിയിട്ടുണ്ട്. രാത്രിയില്‍ കളര്‍ പേപ്പര്‍ പതിപ്പിച്ചു കത്തിക്കുന്ന കളര്‍ ലൈറ്റുകളുടെ ചോട്ടില്‍ ഞങ്ങള്‍ കാണികളുടെ മുന്നിലേക്ക് സൈക്കിളുമായി ഇറങ്ങി വരാനായി ഞാന്‍ പ്രതീക്ഷയോടെ ഇരുന്നിട്ടുണ്ട്! പിന്നെ അയാള്‍ സമ്മാനിച്ചത് ഭയമാണ്. അതോര്‍ക്കുമ്പോ ഇന്നും ഭയം വരും. കുട്ടിക്കാലത്തെ ഭയപ്പെടുത്തുന്ന കഥകളില്‍ കേട്ടിട്ടുള്ള റിപ്പര്‍ ചാക്കോയെപ്പോലെ ഒരാള്‍... വരയ്ക്കുന്ന, പാടുന്ന എന്നെപ്പോലെയുള്ള കുട്ടികളോട് വേഗം ഇണങ്ങുന്ന ചേട്ടന്‍.. പക്ഷേ പക്ഷേ ആ ചേട്ടന്‍.... അയ്യോ വേണ്ട.... കൊല്ലുമ്പോഴുള്ള ആ ചിരി... ഞാന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു......വേണ്ട.....സദയം കൊട്ടാരത്തിലെ പാട്ടുകാരനായി ഹിസ് ഹൈനസ് അബ്ദുള്ള, അയാള്‍ പാടിയപ്പോള്‍ മറ്റൊരാള്‍ അയാള്‍ക്ക് വേണ്ടി പാടിയതാണ് എന്ന് തോന്നിയതേ ഇല്ല.

പിന്നെയും അയാളെ കണ്ടു അച്ഛനെ തല്ലുന്നത് കണ്ട് പോലീസുകാരനാകാന്‍ കാത്തിരുന്ന മകന്‍ തെരുവ് ഗുണ്ടയായി, മനോരോഗ ചികിത്സ തേടി എത്തിയ പെണ്‍കുട്ടിയാല്‍ പ്രണയിക്കപ്പെടുന്ന മനോരോഗ വിദഗ്ധനായി, കുട്ടിക്കാല ട്രോമയാല്‍ സിസോഫ്‌റീനിയ ബാധിതനായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നവനായി, വേശ്യയെ പ്രണയിക്കുന്നവനായി, പൊലീസുകാരനാകാന്‍ കാത്തിരുന്ന മകന്‍ സ്വന്തം അച്ഛനെ തല്ലുന്നത് കണ്ട് തെരുവ് ഗുണ്ടയായി അങ്ങനെ അങ്ങനെ എത്രയോ വട്ടം ഏതൊക്കെ വേഷങ്ങളില്‍ നമ്മള്‍ അയാളെക്കണ്ടിരിക്കുന്നു??

അയാള്‍ ശരിക്കും ഒരു അത്ഭുതമാണെന്നും അതൊരു മനുഷ്യനല്ല ഒരു വിദ്യാധരന്‍ മനുഷ്യ വേഷത്തില്‍ വന്നതാണ് നമ്മെ വിസ്മയിപ്പിക്കാന്‍ എന്നും എനിക്ക് മനസ്സിലായത് വാനപ്രസ്ഥം കണ്ടപ്പോഴാണ്....പൂതനയായി ഉണ്ണിയ്ക്ക് പാല് കൊടുക്കാനും മൂക്കും കണ്ണുമൊക്കെ വിറപ്പിച്ച് അങ്ങനെ തന്നെ മരിച്ചു വീഴാനും കഥകളി അഭ്യസിക്കാത്ത ഒരാള്‍ ചെയ്യണമെങ്കില്‍ അത് ഒരു മനുഷ്യനാവാന്‍ യാതൊരു സാധ്യതയുമില്ല.മെല്ലെ മെല്ലെ ആ മനുഷ്യനെ ഒരു വിസ്മയമായി വിദ്യാധരനായി - ഇതിഹാസമായി - പ്രതിഷ്ഠിച്ചു.. 

പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് അത്രനേരം വെയിലില്‍ നിന്നതു കൊണ്ട് കണ്ണില്‍ കയറിയ ഇരുട്ടുമായി വീടിന്റെ ഉള്ളിലേക്ക് കയറുകയും ഇരുട്ടില്‍ ഒരു ഭീമാകാരന്റെ നെഞ്ചില്‍ ഇടിച്ചു നില്‍ക്കുകയും ചെയ്തു. ഒന്നും മനസ്സിലായില്ല..തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് കണ്ണ് ചിമ്മി ചിമ്മി ഞാന്‍ നോക്കി... അയ്യോ ഇത് അദ്ദേഹമല്ലേ? നിലവിളിച്ചു കൊണ്ട് ഓരോട്ടമായിരുന്നു..... ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞ ഗുരു കൃപയുണ്ടായിരുന്ന നാല്പ്പത്തി അഞ്ച് ദിവസങ്ങള്‍........

ഒളിഞ്ഞും മറഞ്ഞും അദ്ദേഹത്തെ തന്നെ നോക്കി വിസ്മയം കൊണ്ട്..... ഹോഗ്ഗനക്കലെ കാട്ടില്‍ അദ്ദേഹം വെട്ടിക്കളഞ്ഞ നഖം പോലും ഞാനെടുത്തു സൂക്ഷിച്ചു വച്ചു എന്ന് പറയുമ്പോ ഊഹിക്കാമല്ലോ എനിക്ക് അദ്ദേഹത്തോടുള്ള ആരാധന? കടലും ആനയും മോഹന്‍ലാലും മലയാളിയ്ക്ക് എന്നും വിസ്മയമാണ്... സിനിമ സിനിമ എന്ന് മിടിക്കുന്ന ഹൃദയമുള്ള വിസ്മയം! നാം അതിനെ ' എന്റെ' എന്ന് ചേര്‍ത്തു വച്ച് 'എന്റെ ലാലേട്ടന്‍ ' എന്ന് സംബോധന ചെയ്യുന്നു........ അദ്ദേഹം അവതരിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതിലും വലിയ എന്തു ഭാഗ്യം വേണം നമുക്ക്? ഹന്തഃ ഭാഗ്യം ജനാനാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !