അയർലണ്ട് : ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ, നോർത്തേൺ അയർലൻഡിലെ പോർട്രഷ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം മലയാളി യുവാക്കൾക്ക് നേരെ ആക്രമണം നടന്നു. പ്രദേശത്തെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന യുവാക്കളാണ് ശനിയാഴ്ച രാത്രി ആക്രമണത്തിന് ഇരയായത്.
പോലീസ് സുരക്ഷാ കാരണങ്ങളാൽ പരുക്കേറ്റവരുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് സാക്ഷിയായവരെ കണ്ടെത്താൻ, കോളറൈൻ ബാലികാസിൽ റോഡിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന് ഇരയായവരുടെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഹോട്ടൽ ഉടമയാണ് ജീവനക്കാരായ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാഗ്യവശാൽ, പരുക്കുകൾ ഗുരുതരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ആക്രമണത്തിന് ഇരയായവർ പറഞ്ഞത് പ്രകാരം, ജോലി കഴിഞ്ഞ് രാത്രി ഭക്ഷണം കഴിക്കാൻ പുറത്ത് എത്തിയപ്പോഴാണ് സമീപ പബ്ബിൽ നിന്ന് മദ്യപിച്ചെത്തിയ സംഘം ചോദ്യം ചെയ്ത് ആക്രമിച്ചതെന്ന്. “എവിടെ നിന്നുള്ളവർ?” എന്ന് ചോദിച്ച ശേഷം “ഗോ ഹോം” എന്നു വിളിച്ചുകൊണ്ട് പിന്തുടർന്നുവെന്നും അവർ പറഞ്ഞു. ഒരാളുടെ തലയ്ക്ക് അടിയേറ്റതോടെ വീണതിനുശേഷം മർദനവും, മറ്റൊരാളെ നിലത്ത് വീഴ്ത്തി ചവിട്ടി പരുക്കേൽപ്പിച്ചതും വിവരിച്ചിട്ടുണ്ട്.
20 വയസ്സിനു മുകളിലുള്ള അഞ്ച് പേരിലധികം വരുന്ന സംഘം തന്നെയാണ് ആക്രമിച്ചതെന്ന് ഇരകൾ വ്യക്തമാക്കി. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ നോർത്തേൺ അയർലൻഡിലും പ്രതിഷേധങ്ങൾ നടന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിക്കുന്നതെന്ന് സൂചന. കഴിഞ്ഞ മാസം ആൻട്രിമിൽ മലയാളികളുടെ കാറുകൾക്കെതിരെ ആക്രമണമുണ്ടായിരുന്നുവെന്നും, വാഹനങ്ങളിൽ കറുത്ത പെയിന്റ് പുരട്ടി കുടിയേറ്റ വിരുദ്ധ പാർട്ടികളുടെ പേരുകൾ എഴുതി വെച്ചതായും റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടെ, മലയാളി സംഘടനകളും മുതിർന്ന നേതാക്കളും സമൂഹത്തോട് ജാഗ്രതാപരമായ ആഹ്വാനവുമായി രംഗത്തെത്തി. തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളും പൊതു സ്ഥലങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് അവർ നിർദ്ദേശിച്ചു. താമസ കേന്ദ്രങ്ങളിലും പാർക്കിങ് സൗകര്യങ്ങളിലും കൂട്ടായ്മകൾ നടത്തുമ്പോൾ പരസ്‌പര ബഹുമാനത്തോടെ ഇടപെടണമെന്നുമാണ് അവരുടെ നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.