മുംബൈ: പൽഘറിലെ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. നാല് പേർ പരിക്കേറ്റ് ചികിത്സയിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ലിംബാനി സാൾട്ട് ഇൻഡസ്ട്രീസ് കെമിക്കൽ ഫാക്‌ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. വൈകുന്നേരം 7.30ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ലോഹവും ആസിഡും കലർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ അഞ്ച് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ലോഹവും ആസിഡും കലർത്തുന്നത് അതീവ ജാഗ്രത വേണ്ടതും സ്ഫോടനത്തിന് സാധ്യതയുള്ളതുമായ പ്രക്രിയയാണെന്ന് പാൽഘർ ജില്ലാ ദുരന്ത നിവാരണ സെൽ മേധാവി വിവേകാനന്ദ് കദം പറഞ്ഞു. തൊഴിലാളികളിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൂടെ ജോലി ചെയ്യുകയായിരുന്ന നാല് പേരാണ് ചികിത്സയിൽ കഴിയുന്നത്.
കുറച്ച് അകലെ നിന്നിരുന്ന രണ്ട് തൊഴിലാളികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അവരുടെ നില തൃപ്‌തികരമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഗ്നിശമന സേനയും ദുരന്ത നിവാരണ സേനയും ഉൾപ്പെടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് ലോക്കൽ പൊലീസ് അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സമാന സംഭവം തെലങ്കാനയിലും
കഴിഞ്ഞ ജൂണിലാണ് സംഗാറെഡിജില്ലയിലെ സിഗാച്ചി ഫാർമ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 41 പേർ മരിച്ചത്. സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ നിർമാണ യൂണിറ്റിലെ മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് നിർമാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ജൂൺ 30നാണ് നിർമാണ പ്ലാൻ്റിൽ സ്ഫോടനം ഉണ്ടായത്. ടാബ്‌ലെറ്റുകളിലും കാപ്‌സ്യൂളുകളിലും ബൈൻഡിങ് ഏജൻ്റായി ഉപയോഗിക്കുന്ന മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് പൊടിയാണ് പ്ലാന്‍റിൽ ഉത്പാദിപ്പിക്കുന്നത്.
മരിച്ചവർ ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പൊലീസിൻ്റെ അകടമ്പടിയോടെ മൃതദേഹങ്ങൾ ആംബുലൻസുകളിൽ അവരുടെ ജന്മസ്ഥലങ്ങളിലേക്ക് എത്തിച്ചു നൽകിയിരുന്നു. അപകടത്തിൽ 61 പേർ സുരക്ഷിതരായി ഓടി രക്ഷപ്പെടുകയും ചെയ്‌തു. സംഭവത്തിൽ സിഗാച്ചി ഇൻഡസ്ട്രീസ് മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സയ്ക്കുള്ള എല്ലാ ചെലവുകളും കമ്പനി വഹിച്ചിരുന്നു.
നിരവധി പ്രമുഖർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ഒട്ടാകെ നടുക്കിയ ദാരുണ സംഭവമായിരുന്നു തെലങ്കാന ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനം. ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ചാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സംഗറെഡി ജില്ലയിലെ പട്ടാഞ്ചെരു മണ്ഡലത്തിലെ പശമൈലാറമിലാണ് ഫാക്‌ടറി പ്രവർത്തിക്കുന്നത്. സംവത്തിൻ്റെ ആഘാതം മാറുന്നതിന് മുൻപാണ് മഹാരാഷ്‌ട്രയിലെ പൽഘറിലെ കെമിക്കൽ ഫാക്‌ടറിയിലെ സ്‌ഫോടനം. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.