ഹൈദരാബാദ്: അതിസമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ പേരില്‍ ആഗോള ശ്രദ്ധ ആകര്‍ഷിച്ച നഗരമാണ് ഹൈദരാബാദ്. പരമ്പരാഗത കരകൗശലങ്ങള്‍, മുത്തുകള്‍, ചരിത്ര ഭൂമികകള്‍, തുടങ്ങിയവയ്ക്ക് ആഗോള അംഗീകാരം ലഭിച്ചിട്ടുമുണ്ട്.
പൈതൃക നിര്‍മ്മിതികളും പരമ്പരാഗത കലാരൂപങ്ങളുമെല്ലാം ഇതിനകം തന്നെ ലോക ശ്രദ്ധ നേടിയവയാണ്. ഇക്കൂട്ടത്തില്‍ മറ്റൊരു നാഴികകല്ല് കൂടി നഗരം സ്വന്തമാക്കിയിരിക്കുന്നു. പ്രശസ്തമായ ഹൈദരാബാദ് പേളിന് ഉടന്‍ തന്നെ ഭൗമ സൂചിക പദവി ലഭിക്കും.
നഗരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള കരകൗശലമായ ലാഡ് ബസാര്‍ ലക്വെയര് നേരത്തെ തന്നെ ഭൗമസൂചിക പദവി സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ പട്ടബസ്തി ലക്വയേഡ് ഗ്ലാസ്, പോച്ചമ്പള്ളി സാരി,തണ്ടൂര്‍ ചുണ്ണാമ്പ്കല്ലുകള്‍, തുടങ്ങിയവയ്ക്കും പ്രത്യേക ഭൗമസൂചിക പദവി ലഭിച്ചിരുന്നു. ഹൈദരാബാദ് മുത്തുകള്‍ക്കും ഈ അംഗീകാരത്തിനായി ദീര്‍ഘകാലമായി നഗരം കാത്തിരിപ്പിലായിരുന്നു.
അംഗീകാരം ആഗോള വിപണിയില്‍ ഇവയുടെ മൂല്യം ഉയര്ത്തുന്നതിനുമപ്പുറം നാനൂറിലേറെ വര്‍ഷങ്ങളായി ഈ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്ന പ്രാദേശിക കലാകാരന്മാരുടെയും കച്ചവടക്കാരുടെയും ആധികാരികത ഉറപ്പാക്കുകയും ചെയ്യും.
രാജ്യാന്തര അംഗീകാരത്തിന്റെ ചരിത്രം
അമേരിക്കയിലാണ് ഇത്തരം വാണിജ്യ അംഗീകാരത്തിന് തുടക്കം കുറിച്ചത്. ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്, ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, ഫ്രാന്‍സിലെ ഈഫല്‍ഗോപുരം, ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പേറഹൗസ്, തുടങ്ങിയവയ്ക്കും ഈ അംഗീകാരം ലഭിച്ചു. ഇന്ത്യയില്‍ ഈ അംഗീകാരം ചരിത്ര-സാംസ്കാരിക നിര്‍മ്മിതികള്‍ക്കും കിട്ടി.
മുംബൈയിലെ താജ് മഹല്‍ ഹോട്ടല്‍, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയവയ്ക്കാണ് രാജ്യത്ത് ആദ്യമായി ഭൗമസൂചിക പദവി കിട്ടിയത്. ഇപ്പോള്‍ ഒസ്മാനിയ സര്‍വകലാശാലയിലെ ആര്‍ട്സ് കോളജിനും ഈ പദവി കിട്ടിയിട്ടുണ്ട്. ഇവയുടെ മാതൃകയില്‍ സ്വകാര്യ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിതികള്‍ നടത്താനാകില്ല. അനുമതിയില്ലാതെ ഇത്തരം നിര്‍മ്മിതികള്‍ നടത്തിയാല്‍ നിയമ നടപടി നേരിടേണ്ടി വരും.
ഹൈദരാബാദിന്റെ മുത്ത് പാരമ്പര്യത്തിന് കരുത്തേകും
നഗരത്തിന്റെ സാമ്പത്തിക-സാംസ്കാരിക ചരിത്രത്തില്‍ ഹൈദരാബാദ് മുത്തുകള്‍ക്ക് നിര്‍ണായക സ്ഥാനമാണ് ഉള്ളത്. നിരവധി കുടുംബംഗങ്ങളാണ് തലമുറകളായി മുത്ത് നിര്‍മാണ- വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഭൗമ സൂചിക പദവി ഇവരുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും.
പുതിയ അംഗീകാരം തങ്ങള്‍ക്ക് കൂടുതല്‍ വിപണി ഉണ്ടാക്കാനും ലാഭമുണ്ടാക്കാനും സഹായകമാകുമെന്നാണ് കച്ചവടക്കാരുടെയും കലാകാരന്മാരുടെയും പ്രതീക്ഷ. ഒപ്പം ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഹൈദരാബാദ് മുത്തുകളുടെ പാരമ്പര്യവും മൗലികതയും ഉറപ്പാക്കാനുമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.