കഠ്മണ്ഡു : സമൂഹമാധ്യമങ്ങളെ നിരോധിച്ചതിനു പിന്നാലെ നേപ്പാളിൽ ആരംഭിച്ച പ്രക്ഷോഭം രണ്ടാം ദിവസം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭകർ അക്രമാസക്തരായതിനെ തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ രാജി പ്രക്ഷോഭകർ ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ വീട് പ്രക്ഷോഭകാരികൾ തകർത്തു. ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകർക്കപ്പെട്ടു. പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും ചില മന്ത്രിമാരുടെയും വസതിക്കു തീയിട്ടു. സർക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും, കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു.
കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കലാപത്തിൽ ഇന്നലെ 19 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നും രൂക്ഷമായ സംഘർഷമാണ് ഉണ്ടായത്.
വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകൾ കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ നിരോധിച്ചതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. ഐടി, വാർത്താവിനിമയ മന്ത്രാലയത്തിൽ സൈറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ വന്നതോടെയാണു സർക്കാർ നടപടിയെടുത്തത്.
ടിക്ടോക് ഉൾപ്പെടെ ചില സമൂഹമാധ്യമങ്ങൾ റജിസ്ട്രേഷൻ എടുത്തു പ്രവർത്തിക്കുന്നുണ്ട്. വ്യാജവാർത്തകളും വിദ്വേഷപ്രചരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളെ ചട്ടവിധേയമാക്കാനാണു റജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്നാണ് സർക്കാർ വിശദീകരിച്ചത്. എന്നാൽ, ഇത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനുമുള്ള നീക്കമാണെന്നു വിമർശിച്ചാണ് യുവജനങ്ങൾ രംഗത്തിറങ്ങിയത്. നിരോധനം പിൻവലിക്കാനാവശ്യപ്പെട്ട് ‘ജെൻ സി’ (ജനറേഷൻ സെഡ്) ബാനറുമായി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ച ചെറുപ്പക്കാർ, സർക്കാർവിരുദ്ധ മുദ്രാവാക്യമുയർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.