തിരുവനന്തപുരം ;പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തെങ്കിലും രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയം കോൺഗ്രസിനുള്ളിൽ നീറിപ്പുകയുന്നു.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുലിനെ ഒരുകാരണവശാലും പങ്കെടുപ്പിക്കാനാവില്ലെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറച്ചുനിൽക്കുകയാണ്. അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കണോയെന്ന കാര്യം തീരുമാനിക്കാനുള്ള അവകാശം എംഎൽഎയെന്ന നിലയിൽ രാഹുലിനുണ്ടെന്ന വാദം ഒരുവിഭാഗം ഉന്നയിക്കുന്നു.രാഹുൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വരുംദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വം യോഗം ചേരും.പങ്കെടുക്കേണ്ടെന്നാണു തീരുമാനമെങ്കിൽ അക്കാര്യം രാഹുലിനെ ഞായറാഴ്ച അറിയിക്കും. രാഹുൽ സഭയിലെത്തിയാൽ സമ്മേളനത്തിന്റെ ശ്രദ്ധ അദ്ദേഹത്തിലേക്കു തിരിച്ച് കോൺഗ്രസിനെ കടന്നാക്രമിക്കാൻ ഭരണപക്ഷം മുന്നിട്ടിറങ്ങുമെന്ന ചിന്ത കോൺഗ്രസ് നേതൃത്വത്തിനുണ്ട്.പൊലീസ് മർദനമടക്കം സർക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളുള്ളപ്പോൾ ചർച്ചകൾ രാഹുലിൽ കേന്ദ്രീകരിക്കുന്ന സാഹചര്യം പാർട്ടിക്കു ദോഷം ചെയ്യുമെന്നാണു വിലയിരുത്തൽ. ലൈംഗിക ആരോപണം നേരിടുന്ന ഭരണപക്ഷ എംഎൽഎമാരെ ഉന്നമിട്ട് രാഹുലിനു പ്രതിരോധം തീർക്കുന്ന പ്രതീതി സൃഷ്ടിക്കേണ്ടതില്ലെന്നാണു പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. രാഹുൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരാൾ പോലും ഇതുവരെ പൊലീസിനെ സമീപിക്കാത്ത സാഹചര്യത്തിൽ, അദ്ദേഹത്തെ പാർട്ടി തഴയുന്നതു ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.ഇക്കാര്യത്തിൽ സതീശൻ അനാവശ്യ കടുംപിടിത്തം കാട്ടുകയാണെന്നാണ് ഇവരുടെ പരാതി. എന്നാൽ, രാഹുലിനെതിരെ ഇതുവരെ പുറത്തുവന്നതിനെക്കാൾ ഗുരുതരമായ പരാതികൾ നേതൃത്വത്തിനു മുന്നിലുണ്ടെന്നു പറയുന്നവരുണ്ട്. കേസിൽ നിയമപരമായി മുന്നോട്ടുപോകാനോ വെളിപ്പെടുത്തലുകൾ നടത്താനോ താൽപര്യമില്ലെന്നറിയിച്ച് നേതൃത്വത്തിനു മുന്നിൽ പരാതിയറിയിച്ചവരുണ്ടെന്നാണ് നേതൃത്വത്തിലുള്ള ചിലർ സ്വകാര്യമായി പറയുന്നത്.പരാതികൾ വ്യാജമായിരുന്നെങ്കിൽ രാഹുൽ എന്തുകൊണ്ട് അവയൊന്നും ഇതുവരെ നിഷേധിച്ചില്ലെന്നും ഇവർ ചോദിക്കുന്നു. രാഹുലിനെതിരായ പരാതികളിൽ ഉചിതമായ നടപടിയെടുക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂട്ടായ ചർച്ചയിലൂടെയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
അതിനു പിന്നാലെ, സതീശനെ ഉന്നമിട്ട് സൈബർ ആക്രമണം ആരംഭിച്ചതു കോൺഗ്രസിനുള്ളിൽ ചർച്ചയായി. എത്ര ആക്രമിച്ചാലും രാഹുലിന്റെ കാര്യത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലാണു സതീശൻ. സൈബർ ആക്രമണം ഷാഫി പറമ്പിലടക്കം ചില നേതാക്കളുടെ അറിവോടെയാണെന്ന പ്രചാരണം ചില കോണുകളിൽ നിന്നുയർന്നിട്ടുണ്ടെങ്കിലും പാർട്ടി അതു തള്ളിക്കളയുന്നു.
പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെല്ലിൽ നിന്നു സതീശൻ ഇടപെട്ട് മുൻപ് പുറത്താക്കിയ ചിലർക്ക് ഇത്തരം പ്രചാരണങ്ങളിൽ പങ്കുണ്ടെന്നും ഷാഫിയും സതീശനും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമം അതിനു പിന്നിലുണ്ടെന്നും നേതൃത്വം കരുതുന്നു. സമൂഹമാധ്യമങ്ങളിൽ ‘ആൾബലത്തിൽ’ മുന്നിലുള്ള രാഹുലിന്റെ സൈബർ അനുകൂലികളും അദ്ദേഹത്തിനു പ്രതിരോധം തീർക്കാൻ രംഗത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.