കഠ്മണ്ഡു; ‘ജെൻ സീ’ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി രാജിവയ്ക്കുകയും സൈന്യം നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്കു സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിയെ പിന്തുണച്ചു കഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ.
5000ലേറെ യുവാക്കൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ഇടക്കാല പ്രധാനമന്ത്രിക്കായുള്ള നിർദേശങ്ങൾ ഉയർന്നത്. സുശീല കാർകിക്ക് പിന്തുണ പ്രഖ്യാപിച്ച ബാലേന്ദ്ര ഷാ, എത്രയും വേഗം ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് രാംചന്ദ്ര പൗഡേലിനോട് ആവശ്യപ്പെട്ടു.ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ട പേരുകളിലൊന്നാണ് യുവാക്കൾക്കിടയിൽ ഏറെ സ്വാധീനമുള്ള ബാലേന്ദ്ര ഷായുടേത്. എന്നാൽ, ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിലൂടെ താൻ സുശീല കാർകിയെ പിന്തുണയ്ക്കുന്നതായി ഷാ പ്രഖ്യാപിക്കുകയായിരുന്നു. ‘‘ഇടക്കാല സർക്കാറിനെ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകി നയിക്കണമെന്ന നിങ്ങളുടെ നിർദേശത്തെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു.
ചരിത്രത്തിൽ ഇതുവരെയില്ലാത്ത സാഹചര്യത്തിലൂടെയാണു നേപ്പാൾ കടന്നുപോകുന്നത്. സുവർണഭാവിയിലേക്കുള്ള കാൽവയ്പ്പാണ് നിങ്ങൾ നടത്തിയത്.ഇനി വരുന്ന ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് നടപ്പാക്കും. രാജ്യത്തിന് പുതിയ ജനവിധി സമ്മാനിക്കുകയെന്നതാണ് ഇടക്കാല സർക്കാരിന്റെ ചുമതല. നിങ്ങളുടെ ചിന്തകളും അഭിനിവേശവും രാജ്യത്തിന് എന്നും ആവശ്യമുള്ളതാണ് എന്നാണ് എന്റെ സുഹൃത്തുക്കളോടു പറയാനുള്ളത്.
അതിനായി തിരഞ്ഞെടുപ്പ് നടക്കും, തിരക്ക് കൂട്ടേണ്ടതില്ല. പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ട് താൽക്കാലിക സർക്കാരിനു ചുമതല കൈമാറണം’’ –ബാലേന്ദ്ര ഷാ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. നേപ്പാളിൽ ദിവസങ്ങളായി തുടർന്ന കലാപാന്തരീക്ഷത്തിൽ മാറ്റം വന്നെന്നാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് അടച്ച കഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ഇന്നലെ തുറന്നു. കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്റർനെറ്റ് നിരോധനം നിലവിലില്ല.
അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനുമെതിരെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിലും തുടർന്നുള്ള പൊലീസ് നടപടിയിലും 30 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റു.2008ൽ രാജവാഴ്ച അവസാനിപ്പിക്കാനായി നടന്ന പ്രക്ഷോഭത്തിനുശേഷം നേപ്പാൾ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്.
കഴിഞ്ഞ രണ്ടു വർഷമായി യുവതലമുറയ്ക്കിടയിൽ പുകഞ്ഞ അമർഷത്തിനുമേൽ അടിച്ച അവസാന ആണിയായിരുന്നു സമൂഹമാധ്യമ നിരോധനം. അഴിമതി, തൊഴിലില്ലായ്മ, ഏകാധിപത്യത്തിലേക്കു നീങ്ങുന്ന സർക്കാർ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ അതൃപ്തി പുകഞ്ഞിരുന്നു. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയത്. ഇതിനെതിരെ പുതുതലമുറ പ്രതിഷേധം ആരംഭിച്ചു.
പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു. പ്രക്ഷോഭകർ പാർലമെന്റ് സമുച്ചയത്തിലും സുപ്രീം കോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും തീയിട്ടു. പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ എന്നിവരുടേത് അടക്കം ഉന്നത രാഷ്ട്രീയനേതാക്കളുടെ വസതികൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടു.
തിങ്കളാഴ്ച പൊലീസ് നടപടിയിൽ 19 പേർ കൊല്ലപ്പെട്ടശേഷം, സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരെയുള്ള പോരാട്ടമായി തുടരുകയാണ്. ‘ജെൻ സി മുന്നേറ്റം’ എന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഓഫിസ് ഉപരോധിക്കുകയും വസതി ആക്രമിച്ചു തീയിടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.