തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്നേഹമാണ് ഇതിനു പിന്നിലെന്നും സതീശന് പറഞ്ഞു.
ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എല്‍ഡിഎഫും. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്.
ആ സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുകയാണ്. അതു പിന്‍വലിക്കാന്‍ തയാറുണ്ടോ എന്നതാണ് ആദ്യ ചോദ്യം. അന്ന് ആചാരസംരക്ഷണത്തിനായി നടത്തിയ നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതു പിന്‍വലിക്കാൻ സര്‍ക്കാര്‍ തയാറുണ്ടോ?ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് തീര്‍ഥാടനം പ്രതിസന്ധിയിലായത്.
മുന്‍പുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡിനു നല്‍കേണ്ടത് എ.കെ.ആന്റണി സര്‍ക്കാര്‍ അത് 82 ലക്ഷമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടതുസര്‍ക്കാര്‍ ആ പണം നല്‍കുന്നില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വി.എസ്.ശിവകുമാര്‍ ദേവസ്വം മന്ത്രിയും ആയിരുന്നപ്പോള്‍ 112 ഏക്കര്‍ ശബരിമല വികസനത്തിനായി ഏറ്റെടുത്തിരുന്നു. അതിനു പകരം ഇടുക്കിയില്‍ 112 ഏക്കര്‍ വനംവകുപ്പിനു നല്‍കുകയും ചെയ്തിരുന്നു. പല വികസന പരിപാടികളാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയത്. കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഒരു വികസനവും നടത്താത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പ സംഗമവുമായി വരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും ഈ ചോദ്യങ്ങള്‍ക്കു മറുപടി പറയണമെന്നും സതീശന് ആവശ്യപ്പെട്ടു.
തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ പണമെടുത്ത് വികസന സദസ് നടത്താന്‍ പോകുകയാണ്. അതുമായി ഒരുതരത്തിലും സഹകരിക്കില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 9000 കോടി കൊടുക്കേണ്ട സ്ഥലത്ത് ആറായിരം കോടി മാത്രമാണ് കൊടുത്തിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളെ കഴുത്തു ഞെരിച്ചുകൊന്ന സര്‍ക്കാര്‍ ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് എടുത്ത് വികസനസദസ് നടത്തുന്നത് രാഷ്ട്രീയപ്രചാരണം ലക്ഷ്യമിട്ടുള്ളതാണ്. അതിനോടു യോജിക്കാന്‍ കഴിയില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.