ബെയ്ജിങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി ചൈനയിലെ ബെയ്ജിങ്ങില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം ഇരുന്ന കസേരയും ഉപയോഗിച്ച ഗ്ലാസും ഉള്‍പ്പെടെ കിമ്മിന്റെ സ്പര്ശനമേറ്റ ഇടങ്ങളെല്ലാം ഇടനടി വൃത്തിയാക്കി കിമ്മിന്റെ അനുചരന്മാര്.
കിം ഇരുന്ന കസേരയുടെ പിറകും കൈപ്പിടികളും തുടച്ചു. സമീപത്തുണ്ടായിരുന്ന ചെറിയ മേശ പോലും ഒഴിവാക്കിയില്ല. കിം ഉപയോഗിച്ച ഗ്ലാസ് ഒരു ട്രേയില്‍ അപ്പോള്‍ത്തന്നെ അവിടെ നിന്ന് മാറ്റി. തകൃതിയായുള്ള വൃത്തിയാക്കലിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വലിയരീതിയില്‍ പ്രചരിക്കുകയാണ്.
"ചര്‍ച്ചകള്‍ക്ക് പിന്നാലെ ഉത്തരകൊറിയന്‍ ഭരണാധികാരിയെ അനുഗമിച്ച അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ കിമ്മിന്റെ സാന്നിധ്യത്തിന്റെ എല്ലാ അടയാളങ്ങളും സൂക്ഷ്മമായി നീക്കം ചെയ്തു, റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ അലക്സാണ്ടര്‍ യുനഷേവ് അദ്ദേഹത്തിന്റെ ചാനലിലൂടെ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം കുടിച്ച ഗ്ലാസ് അവിടെ നിന്ന് കൊണ്ടുപോയി. അദ്ദേഹമിരുന്ന കസേരയും അദ്ദേഹം സ്പര്‍ശിച്ച മറ്റ് ഫര്‍ണിച്ചറും അപ്പോള്‍ തന്നെ തുടച്ച് വൃത്തിയാക്കി", യുനഷേവ് കൂട്ടിച്ചേര്‍ത്തു.
വൃത്തിയാക്കല്‍ 'ഗംഭീര'മായിരുന്നെങ്കിലും കിമ്മും പുതിനും തമ്മിലുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നാണ് സൂചന. ഇരുവരും ഒന്നിച്ചുള്ള ചായസത്കാരത്തിനുമുന്പ് ഏറെ സംതൃപ്തരായി കാണപ്പെട്ടുവെന്നും യുനഷേവ് പറഞ്ഞു.
കിമ്മിന്റെ ഫോറന്‍സിക്-തല മുന്‍കരുതലുകളുടെ കാരണം അവ്യക്തമാണ്. റഷ്യയുടെ സുരക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ചോ ചൈനയുടെ നിരീക്ഷണത്തെ കുറിച്ചോ ഉള്ള ഭീതിയാകാം ഇതിനുപിന്നിലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ കിം മാത്രമല്ല ഇത്തരത്തിലുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നത്. ഡിഎന്‍എ മോഷണം ഒഴിവാക്കാനുള്ള നടപടികള്‍ പുതിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. സന്ദര്ശനത്തിനുപോകുന്ന സ്ഥലങ്ങളില്‍ നിന്ന് പുതിന്റെ വിസര്‍ജ്യവസ്തുക്കള്‍ സുരക്ഷാഉദ്യോഗസ്ഥര്‍ പ്രത്യേക ബാഗുകളില്‍ ശേഖരിക്കുന്നത് 2017 മുതല്‍ തുടര്‍ന്നുവരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.