തിരുവനന്തപുരം: മണ്ണന്തല അമ്പഴങ്ങോട് ഗുണ്ടാവിളയാട്ടം. വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുംചെയ്തു.
നിരവധി കേസുകളില്‍ പ്രതിയും നേരത്തേ ബോംബ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളുമായ ശരത്തും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രി 12:30 ഓടെയായിരുന്നു സംഭവം.
ബൈക്കില്‍ പതിയെ പോകാന്‍ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ശരത്തും കൂട്ടാളികളും രാജേഷിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. പിന്നാലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകര്‍ത്തു.
ഇതേ ഗുണ്ടാസംഘമാണ് സമീപത്ത് കടനടത്തുന്ന പൊന്നയ്യനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. കടയില്‍ കയറി പഴം കഴിച്ചതിന് ശേഷം പഴം പഴുത്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇതിനുശേഷമാണ് രാജേഷിന്റെ വീടിന് നേരേയും വാഹനങ്ങള്‍ക്ക് നേരേയും ആക്രമണം നടത്തിയത്.
അക്രമിസംഘം ആദ്യം ബീഡി വാങ്ങിയെന്നും പിന്നീട് പഴമെടുത്തപ്പോള്‍ അത് പഴുത്തില്ലെന്ന് പറഞ്ഞതോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും പരിക്കേറ്റ കടയുടമ പൊന്നയ്യന്‍ പറഞ്ഞു. ''ആദ്യം വന്നവര്‍ ബീഡി ചോദിച്ചു. കൊടുത്തപ്പോള്‍ കാശും തന്നു. രണ്ടാമത് പഴം എടുത്തപ്പോള്‍ പഴുത്തില്ല എന്ന് ഞാന്‍ പറഞ്ഞു. അതോടെ കുലയൊക്കെ വെട്ടി നശിപ്പിച്ചു. വാളും വെട്ടുകത്തിയുമായി ആക്രമിച്ചു. ഒരാള്‍ വാള് കൊണ്ടും മറ്റേയാള്‍ വെട്ടുകത്തി കൊണ്ടുമാണ് ആക്രമിച്ചത്. മുഖത്തും കയ്യിലും പരിക്കേറ്റു. ആക്രമിച്ചവരെ കണ്ടാല്‍ മനസ്സിലാകും. അവരെ ഇതുവരെ ഈ പരിസരത്ത് കണ്ടിട്ടില്ല. എട്ട് പേരുടെ സംഘമാണ് എത്തിയത്. രണ്ട് സ്കൂട്ടറിലും ഒരു ബൈക്കിലുമാണ് അവര്‍ വന്നത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം. മദ്യത്തിന്റെ മണമുണ്ടായിരുന്നു'', പൊന്നയ്യന്‍ പറഞ്ഞു.
കട അടയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഗുണ്ടാസംഘം എത്തിയതെന്ന് പൊന്നയ്യന്റെ ഭാര്യയും പ്രതികരിച്ചു. ''കട അടയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ വന്നത്. മൂന്ന് കവര്‍ പാല് ബാക്കിയുണ്ടായിരുന്നു. അതുമായി പോകാന്‍ തുടങ്ങിയപ്പോഴാണ് ഇവര്‍ വന്നത്. ഫോണ്‍പേ ഉണ്ടോന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് പറഞ്ഞു ഞാന്‍ ഫോണുമായി വന്നു. പഴം കുലയില്‍നിന്ന് ഉരിഞ്ഞെടുക്കാന്‍ തുടങ്ങിയപ്പോള്‍ പഴുത്തില്ല എന്ന് പറഞ്ഞു. ഇതോടെയാണ് ആക്രമണം തുടങ്ങിയത്. കട അടിച്ച് തകര്‍ക്കുമെന്ന് ആക്രോശിച്ചു. വല്ലാതെ പേടിച്ചു പോയി. പോലീസ് വന്നാണ് പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്'', പൊന്നയ്യന്റെ ഭാര്യ പറഞ്ഞു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.