ചെന്നൈ: ശ്രീലങ്കൻ കലാപവേളയിൽ ഇന്ത്യയിൽ അഭയംതേടിയ മാതാപിതാക്കളുടെ മകനായ 34-കാരൻ രാജ്യമില്ലാത്തവനായി മുദ്രകുത്തപ്പെട്ടു. ഇതേത്തുടർന്ന് ഇദ്ദേഹം നീതിതേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
തമിഴ്‌നാട്ടിൽ ജനിച്ചുവളർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിനേടിയ ചെന്നൈ രാമപുരത്തു താമസിക്കുകയായിരുന്ന ആർ. ബഹിസണെയാണ് ചെന്നൈ കളക്ടറേറ്റിൽനിന്ന് രാജ്യമില്ലാത്തവനായി ഔദ്യോഗികമായി മുദ്രകുത്തിയത്; അതും 34 വർഷങ്ങൾക്കുശേഷം.
ഇന്ത്യൻ പാസ്പോർട്ട്, ആധാർകാർഡ്, പാൻ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയവയൊക്കെ കൈവശമുണ്ടായിട്ടും സ്വന്തം രാജ്യമെന്നു കരുതി ഇവിടെ താമസിച്ച തനിക്കു നേരിടേണ്ടിവന്ന അനീതി ചൂണ്ടിക്കാട്ടിയായിരുന്നു ബഹിസണിന്റെ ഹർജി.
ഇതിൽ വാദംകേട്ട കോടതി, ഒക്ടോബർ എട്ടുവരെ ഇദ്ദേഹത്തിനെതിരേ നിർബന്ധിത നടപടിയെടുക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ഇയാളുടെ പൗരത്വം സംബന്ധിച്ച് വിശദീകരണം നൽകണമെന്നും ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.
ശ്രീലങ്കയിലെ വംശീയകലാപത്തിനിടെ ബഹിസണിന്റെ മാതാപിതാക്കളായ വി. രവീന്ദ്രനും ഗർഭിണിയായ ഭാര്യ ആർ. ജയയും ട്രിങ്കോമാലിയിൽനിന്ന് പലായനംചെയ്ത് 1991-ൽ ഇന്ത്യയിലെത്തുകയായിരുന്നു. രാമേശ്വരത്തിനടുത്ത മണ്ഡപം ശ്രീലങ്കൻ അഭയാർഥിക്യാമ്പിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. 1991 സെപ്റ്റംബർ 21-ന് ബഹിസൺ ജനിച്ചു. എന്നാൽ, അക്കാലത്ത് ക്യാമ്പുകളിൽ ചിലത് അടച്ചിട്ടതിനാൽ കുടുംബത്തിന് മറ്റെവിടെയെങ്കിലും താമസിക്കാനുള്ള അനുമതി ലഭിച്ചു.
അപ്പോഴും അവർ ഇമിഗ്രേഷൻ അധികൃതരുടെ നിരീക്ഷണത്തിൽ തുടർന്നു. പിന്നീട്, ആ കുടുംബം ചെന്നൈയിലെത്തി. ബഹിസൺ സ്വകാര്യ കോളേജിൽനിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനിയറിങ് ബിരുദം നേടി സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. 2024-ൽ ഒരു ശ്രീലങ്കക്കാരിയെ വിവാഹം കഴിച്ചു. ഭാര്യക്ക് ഇന്ത്യയിൽ തന്നോടൊപ്പം താമസിക്കാനായി അവരുടെ പേര് ഉൾപ്പെടുത്തി ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ചു. 2025 മാർച്ച് 27-ന് ജീവിതപങ്കാളിയായി ഉൾപ്പെടുത്തി പാസ്പോർട്ട് നൽകി.
എന്നാൽ, പോലീസ് പരിശോധനാറിപ്പോർട്ട് പ്രതികൂലമായതോടെ ബഹിസണിന്റെ പ്രയാസങ്ങൾ തുടങ്ങി. 1986-ലെ പൗരത്വനിയമഭേദഗതി പ്രകാരം ജനനംകൊണ്ട് ഇന്ത്യൻ പൗരത്വം അവകാശപ്പെടാൻ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. 1987 ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽവന്ന ഭേദഗതിപ്രകാരം മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യക്കാരാണെങ്കിൽ മാത്രമേ ജനനംകൊണ്ട് പൗരത്വം അവകാശപ്പെടാൻ കഴിയൂ. 1991-ൽ ജനനസമയത്ത് അച്ഛനും അമ്മയും വിദേശികളായിരുന്നതിനാൽ പൗരത്വത്തിന് അർഹതയില്ലെന്നും പോലീസ് വാദിച്ചു.
ഇതേത്തുടർന്ന് 2025 മേയ് എട്ടിന് ബഹിസൺ പൗരത്വം ആവശ്യപ്പെട്ട് ചെന്നൈ കളക്ടർക്ക് അപേക്ഷ നൽകി. ഇതോടെയാണ് ‘രാജ്യമില്ലാത്തവൻ’ എന്ന് മുദ്രകുത്തപ്പെട്ടത്. തുടർന്ന്, ചെന്നൈയിലെ സെൻട്രൽ ക്രൈംബ്രാഞ്ച് വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പാസ്പോർട്ട് ലഭിക്കുന്നതിനു തെറ്റായ രേഖകൾ സമർപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ബഹിസണിന്റെ പേരിൽ കേസെടുത്തു. അതേദിവസംതന്നെ അറസ്റ്റുംചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാദിവസവും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ എഗ്‌മോറിലെ മെട്രപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് 29-ന് ജാമ്യമനുവദിച്ചു. തുടർന്ന്, തിരുച്ചിറപ്പള്ളിയിലെ വിദേശികൾക്കുള്ള ക്യാമ്പിൽ പാർപ്പിക്കാൻ നിർദേശിച്ചു. ഇതേത്തുടർന്നാണ് ബഹിസൺ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.