കോഴിക്കോട് ;പൊലീസിന്റെ അടി കിട്ടി വർഷം രണ്ടാകുമ്പോഴും ആ മർദനം എന്തിനായിരുന്നുവെന്നത് അറിയില്ലെന്ന് മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും വ്യാപാരിയുമായ സി.മാമുക്കോയ.
പരാതിക്ക് പിന്നാലെ മൊഴിയെടുപ്പുണ്ടായെങ്കിലും പിന്നീട് ഈ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായില്ല. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റ ദൃശ്യങ്ങൾ വാർത്തയായതോടെയാണ് പഴയ പരാതി വീണ്ടും ഉന്നയിക്കുന്നതെന്നും മാമുക്കോയ പറഞ്ഞു.2023 ൽ തനിക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വീണ്ടും പരാതി നൽകും. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും മുസ്‌ലിം ലീഗ് കുറ്റിക്കാട്ടൂർ വാർഡ് ജനറൽ സെക്രട്ടറി കൂടിയായ മാമുക്കോയ പറഞ്ഞു.2023 ഡിസംബർ 23 ന് ആയിരുന്നു പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. കുറ്റിക്കാട്ടൂർ മുസ്‌ലിം ഓർഫനേജിലെ ഭൂമി കയ്യേറ്റ പ്രശ്നത്തിലെ പരാതി അന്വേഷിക്കാനാണു അന്നു പൊലീസെത്തിയത്.കുറ്റിക്കാട്ടൂർ ക്യാംപസിന് നൂറ്റമ്പതു മീറ്ററോളം അപ്പുറത്തുള്ള കുറ്റിക്കാട്ടൂർ ബീലൈൻ പബ്ലിക് സ്‌കൂൾ ക്യാംപസിലായിരുന്നു ഞാൻ. ഈ പ്രശ്‌നവുമായി എനിക്കൊരു ബന്ധവുമില്ലായിരുന്നു. അതിനിടെയാണ് എസിപി കെ.സുദർശനും സിഐ ബെന്നി ലാലും ബീലൈൻ സ്കൂൾ പരിസരത്തെത്തി പേരു ചോദിച്ചത്. പേരു ഞാൻ പറഞ്ഞതിനു പിന്നാലെ സ്റ്റേഷനിൽ വരണമെന്നായി. സ്റ്റേഷനിൽ വരണമെങ്കിൽ അതിന്റെ സമൻസോ വാറന്റോ ഉണ്ടോ എന്നു ചോദിച്ചു.സമൻസ് ഉണ്ടെങ്കിലേ താൻ വരുകയുള്ളോ എന്നായി പിന്നീട് പൊലീസിന്റെ ചോദ്യം. പൊലീസുകാരെ നിയമം പഠിപ്പിക്കുകയാണോടാ എന്നായിരുന്നു ചോദ്യം. പൊതുപ്രവർത്തകനാണെന്നും എടാ പോടാ വിളി വേണ്ടെന്നും പറഞ്ഞതോടെ പൊലീസ് അടിച്ചു. ആദ്യം എസിപിയും പിന്നീട് ഇൻസ്പെക്ടറും തലയ്ക്കും മുഖത്തും തല്ലി. പിന്നീട് പൊലീസുകാർ ലാത്തി കൊണ്ടു കാലിനു കുത്തി. ഒരുപാട് പേർ നോക്കി നിൽക്കെയായിരുന്നു ഇതെല്ലാം. ഓർഫനേജിനു സമീപത്തുനിർത്തിയ വാഹനത്തിൽ എത്തുംവരെ പലപ്പോഴായി മർദിച്ചു.
വാഹനത്തിൽ കയറ്റിയശേഷം വീണ്ടും മർദിച്ചു.അടിയേറ്റു ചെവിക്കു സാരമായ പരുക്കു പറ്റി. ചെവിയിൽ വെള്ളം കയറാതിരിക്കാൻ ഒരു മാസത്തോളം തല കുളിച്ചില്ല. കേൾവിക്കും തകരാർ സംഭവിച്ചു. പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിക്കാൻ സ്റ്റേഷനിലെ പിആർഒ തയാറായില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പരാതി ഫാക്സ് ചെയ്യുകയും മാനാഞ്ചിറയിൽ പൊലീസ് കമ്മിഷണർ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകുകയുമായിരുന്നു. കമ്മിഷണർ ഓഫിസിൽ പരാതി നൽകിയതിന്റെ ഭാഗമായി പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും തുടർനടപടിയൊന്നുമുണ്ടായില്ല.ഒരു തെറ്റും ചെയ്യാതെയാണ് പൊലീസിന്റെ മർദനത്തിന് ഇരയായത്. ഇതിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്. വിഷയത്തിൽ നീതി നടപ്പാകുക തന്നെ വേണം.’’ – മാമുക്കോയ പറഞ്ഞു.അതേസമയം, കോടതി ഉത്തരവു നടപ്പാക്കാൻ സ്ഥലത്തെത്തിയ പൊലീസിന്റെ ജോലി തടസ്സപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ചപ്പോഴാണു മാമുക്കോയയെ കസ്റ്റഡിയിലെടുത്തതെന്ന് അന്നത്തെ മെഡിക്കൽ കോളജ് എസിപി കെ.സുദർശൻ പ്രതികരിച്ചു.
നിലവിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പിയാണ് സുദർശൻ. മാമുക്കോയയെ കസ്റ്റഡിയിലെടുത്ത സമയത്ത് സമീപത്തുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ ഇതിനിടെ വീണ്ടും പുറത്തുവന്നിരുന്നു. ഇതിൽ മാമുക്കോയയെ പൊലീസ് മുഖത്തടിക്കുന്നതും മറ്റും വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.