കഠ്മണ്ഡു ;അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം.
പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പിൽ 16 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്കു പരുക്കുണ്ട്. പരുക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷം നിയന്ത്രിക്കാൻ തലസ്ഥാനത്തു കരസേനയെ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചു. കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികൾ നടക്കുകയാണ്. റാലികൾക്കു നേരെ പൊലീസ് ജലപീരങ്കികളും കണ്ണീർ വാതകവും പ്രയോഗിക്കുന്നുണ്ട്.ദേശീയ ഗാനം ആലപിച്ചും ദേശീയ പതാകകൾ വീശിയും അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനും എതിരെ മുദ്രാവാക്യങ്ങൾ വിളിച്ചും ആയിരക്കണക്കിനു യുവാക്കളാണ് പാർലമെന്റ് മന്ദിരത്തിനു നേരേ മാർച്ച് നടത്തിയത്. പാർലമെന്റിനു പുറത്തെ നിയന്ത്രിത മേഖലയിലേക്കു കടക്കുംമുൻപ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടാകുകയായിരുന്നു.
കണ്ണീർവാതകം പ്രയോഗിച്ചതിനു പിന്നാലെ നടത്തിയ വെടിവയ്പിലാണ് മരണങ്ങളുണ്ടായത്.ഈ മാസം നാലിനാണ് ഫെയ്സ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം, വാട്സാപ്, യുട്യൂബ്, ലിങ്ക്ഡ്ഇൻ എന്നിവയടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ നേപ്പാൾ സർക്കാർ നിരോധിച്ചത്. സമൂഹമാധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങൾ റജിസ്റ്റർ ചെയ്യണമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്റ്റംബർ 4 വരെ സമയവും നൽകി. ആ സമയപരിധി കഴിഞ്ഞും റജിസ്റ്റർ ചെയ്യാതിരുന്ന പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്.
അതേസമയം, നേപ്പാളിലെ രാഷ്ട്രീയക്കാരുടെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിൽ ഉയരുന്ന പ്രതിഷേധവും പരിഹാസവും അധികാരികളെ അസ്വസ്ഥരാക്കിയെന്നും അതിനു തടയിടാനാണ് റജിസ്ട്രേഷന്റെ പേരു പറഞ്ഞുള്ള നിരോധനമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
രാഷ്ട്രീയക്കാരുടെ മക്കളുടെ ജീവിതശൈലിയെ പരിഹസിച്ചും അതുമായി സാധാരണ യുവാക്കളുടെ ജീവിതത്തെ താരതമ്യപ്പെടുത്തിയും ‘നെപ്പോകിഡ്സ്’ തുടങ്ങിയ ഹാഷ്ടാഗുകളിൽ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ധാരാളം പോസ്റ്റുകൾ പ്രചരിച്ചിരുന്നു.
സമൂഹമാധ്യമ നിരോധനം പ്രതിഷേധത്തിനു കാരണമാണെങ്കിലും അതു മാത്രമല്ല നേപ്പാളിലെ ചെറുപ്പക്കാരെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചതെന്നു സമരക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാഷ്ട്രീയക്കാരുടെ അഴിമതിക്കും സർക്കാരിന്റെ അധീശത്വ മനോഭാവത്തിനുമെതിരെയാണ് സമരമെന്നും ഇക്‌ഷമ തർമക് എന്ന വിദ്യാർഥിനി എഎഫ്പിയോടു പറഞ്ഞു. ‘‘ഞങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഇത്രയും കാലം ജനങ്ങൾ ഇതു സഹിക്കുകയായിരുന്നു. പക്ഷേ ഞങ്ങളുടെ തലമുറയോടെ ഇത് അവസാനിക്കണം’’ – ഇക്‌ഷമ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.