ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതിമാരാണ് വിരാട് കോലിയും അനുഷ്കാ ശര്‍മയും. ഒരാള്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമാണെങ്കില്‍ മറ്റേയാള്‍ ബോളിവുഡിലെ താരറാണിയാണ്. 'വിരുഷ്ക' എന്ന ഓമനപ്പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. കോലിയുടെ മത്സരങ്ങള്‍ കാണാനായി എത്തുന്ന അനുഷ്കയും മത്സരത്തിന് ശേഷമുള്ള ഇവരുടെ സ്നേഹപ്രകടനവുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
ഇപ്പോഴിതാ ഇരുവരേയും കുറിച്ചുള്ള മറ്റൊരു രസകരമായ സംഭവമാണ് വാര്‍ത്തയായിരിക്കുന്നത്. ന്യൂസിലാന്‍ഡിലെ ഒരു കഫേയിലുണ്ടായ ഈ സംഭവം പങ്കുവെച്ചത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ ജെമീമാ റോഡ്രിഗസാണ്. മാഷബിള്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലിലെ ദി ബോംബെ ജേണി എന്ന പരിപാടിയിലാണ് ജെമീമ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിരാടിനും അനുഷ്കയ്ക്കുമൊപ്പം ജെമീമയും മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരമായ സ്മൃതി മന്ദാനയും ന്യൂസിലാന്‍ഡിലെ കഫേയിലുണ്ടായിരുന്നു. നാലുപേരും സമയം പോകുന്നത് അറിയാതെ സംസാരത്തില്‍ മുഴുകിയിരുന്നു. മണിക്കൂറുകളോളമാണ് സംസാരം നീണ്ടതെന്ന് ജെമീമ പറയുന്നു. അവസാനം കഫേയിലെ ജീവനക്കാര്‍ നാലുപേരോടുമായി പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ജെമീമ പറഞ്ഞു.
'ഒരിക്കല്‍ ന്യൂസിലാന്‍ഡില്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ ഒരേ ഹോട്ടലിലാണ് താമസിച്ചത്. ബാറ്റിങ്ങിനെ കുറിച്ച് നമുക്ക് അല്‍പ്പം സംസാരിച്ചാലോ എന്ന് സ്മൃതിയും ഞാനും വിരാടിനോട് ചോദിച്ചു. അദ്ദേഹം സമ്മതം മൂളി. അങ്ങനെ ഞങ്ങള്‍ അവിടെയുള്ള കഫേയില്‍ പോയിരുന്നു. അനുഷ്കയും അവിടെ ഉണ്ടായിരുന്നു.' -ജെമീമ പറഞ്ഞു.
'ആദ്യത്തെ അരമണിക്കൂര്‍ ഞങ്ങള്‍ ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിച്ചത്. 'നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്, ആ മാറ്റം ഞാന്‍ കാണുന്നുണ്ട്' എന്ന് എന്നോടും സ്മൃതിയോടുമായി അദ്ദേഹം പറഞ്ഞു. അതിനുശേഷം ഞങ്ങള്‍ ജീവിതത്തെ കുറിച്ച് സംസാരിച്ചു. വേര്‍പിരിഞ്ഞുപോയ സുഹൃത്തുക്കള്‍ ഒരുപാട് കാലത്തിന് ശേഷം കണ്ടുമുട്ടിയപ്പോള്‍ സംസാരിക്കുന്നത് പോലെയാണ് ഞങ്ങളുടെ സംസാരം എനിക്ക് തോന്നിയത്.'
'നാല് മണിക്കൂര്‍ സമയമാണ് ഞങ്ങള്‍ എന്തെല്ലാമോ സംസാരിച്ചിരുന്നത്. അവസാനം കഫേ ജീവനക്കാര്‍ ഞങ്ങളെ പുറത്താക്കുകയായിരുന്നു. 11:30 ആയി, കഫേ അടയ്ക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞാണ് അവര്‍ ഞങ്ങളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത്.' -ജെമീമാ റോഡ്രിഗസ് ഓര്‍ത്തെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.