മലപ്പുറം: രാഷ്ട്രീയ സാമൂഹ്യ വ്യവസായ രംഗങ്ങളിലെ പ്രമുഖനായ സി. പി. ബാവ ഹാജി തന്റെ പിതാവ് ചന്തപ്പറമ്പിൽ അലവി ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 'അലവി ഹാജി ജനപ്രഭ പുരസ്‌കാരം' മുൻ വിദ്യാഭ്യാസ മന്ത്രിയും പാർലമെന്റ് അംഗവുമായ ഇ. ടി. മുഹമ്മദ് ബഷീറിന് നൽകും. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേരളത്തിലും ഉത്തരേന്ത്യയിലുമായി ഇ.ടി. മുഹമ്മദ് ബഷീർ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് വിധിനിർണ്ണയ സമിതി ചെയർമാൻ പി. സുരേന്ദ്രനും അംഗങ്ങളായ ടി.പി. ചെറുപ്പ, ബഷീർ രണ്ടത്താണി എന്നിവരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1921-ലെ മലബാർ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നിലകൊണ്ടതിന്റെ പേരിൽ അന്തമാനിലേക്ക് നാടുകടത്തപ്പെട്ട സ്വാതന്ത്ര്യസമര സേനാനി ചന്തപ്പറമ്പിൽ മമ്മിയുടെ മകനാണ് അലവി ഹാജി. 1946-ൽ ബ്രിട്ടീഷ് പട്ടാളത്തിലെ സേവനം ഉപേക്ഷിച്ച് കാർഷികവൃത്തിയിലേക്ക് തിരിഞ്ഞ അദ്ദേഹം പിന്നീട് സാമൂഹിക സേവനരംഗത്ത് സജീവമായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് എല്ലാ വർഷവും ഈ പുരസ്‌കാരം സമ്മാനിക്കും.
തിരുവനന്തപുരം, ചൂലൂർ, തിരൂർ എന്നിവിടങ്ങളിലെ സി. എച്ച്. സെന്ററുകളുടെ ശിൽപ്പിയും ചെയർമാനുമായ ഇ.ടി. മുഹമ്മദ് ബഷീർ, ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന 'ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ'യുടെയും ചെയർമാനാണ്.
ഈ മാസം 20-ന് കുറ്റിപ്പുറത്തിനടുത്തുള്ള മാണൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമ്മാനിക്കും. തുടർന്ന്, ട്രസ്റ്റിന്റെ ഈ വർഷത്തെ ജീവകാരുണ്യ പദ്ധതികൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് സി. പി. ശിഹാബ് പ്രഖ്യാപിക്കും. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും. ദേശീയ മാധ്യമരംഗത്തെ പ്രമുഖനും സാംസ്കാരിക പ്രവർത്തകനുമായ വെങ്കിടേഷ് രാമകൃഷ്ണൻ മുഖ്യാതിഥിയായി സംസാരിക്കും. ഡോ: എം.പി. അബ്ദുസ്സമദ് സമദാനി എം.പി., കെ. മുരളീധരൻ എം.എൽ.എ., എ.പി. അനിൽ കുമാർ എം.എൽ.എ., ഹമീദ് മാസ്റ്റർ എം.എൽ.എ. എന്നിവരും ചടങ്ങിൽ പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി. പി. ബാവ ഹാജി, സ്വാഗതസംഘം ചെയർമാൻ എം. അബ്ദുള്ളക്കുട്ടി, കൺവീനർ പത്തിൽ അഷ്‌റഫ്, രക്ഷാധികാരികളായ ടി.പി. ഹൈദരലി, ഇബ്രാഹിം മൂതൂർ, കോർഡിനേറ്റർ അയ്യൂബ് ആലക്കൽ എന്നിവർ പങ്കെടുത്തു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.