ബിഗ് ബോസ് താരം അഖിൽ മാരാർ നായകനായി അടുത്തിടെ പ്രദർശനത്തിനെത്തിയ ചിത്രമാണ് മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ വിമർശിച്ചുകൊണ്ട് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജോൺ.
അഖിൽ മാരാർ പറഞ്ഞകാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സംവിധായകൻ പറഞ്ഞു. സിനിമയ്ക്ക് ആളു കയറുന്നില്ല എന്നുകണ്ടപ്പോൾ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖിൽ മാരാരുടെ പ്രസ്താവനയെന്ന് ബാബു ജോൺ പറഞ്ഞു. തിരക്കഥ കേട്ടാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത്. പ്രേക്ഷകർ സിനിമ തിരസ്കരിച്ചത് അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്നും സംവിധായകൻ ആരോപിച്ചു.
മറ്റൊരാൾ നായകനായ സിനിമയിൽ തനിക്ക് വളരെ കുറച്ച് രംഗങ്ങൾ മാത്രമേയുള്ളൂ എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്. മാർക്കറ്റിങ്ങിനുവേണ്ടിയാണ് തന്നെ ഉപയോഗിച്ചത്. ഒരു കോടി രൂപ ചിലവഴിക്കേണ്ട സിനിമയുടെ മാർക്കറ്റിംഗ് താൻ ഫ്രീ ആയി ചെയ്തു കൊടുത്തു. തന്നെ പറഞ്ഞുപറ്റിക്കുകയാണ് ചെയ്തത്. പറഞ്ഞു പറ്റിക്കപ്പെട്ടിട്ടും ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ പരിഹാസത്തിനു വിധേയമാകേണ്ടി വന്നുവെന്നും അഖിൽ പറഞ്ഞിരുന്നു, ഇതിനുള്ള മറുപടിയാണ് ബാബു ജോൺ ഇപ്പോൾ നൽകിയിരിക്കുന്നത്.
ബാബു ജോണിന്റെ സോഷ്യൽ മീഡിയാ പോസ്റ്റിന്റെ പൂർണരൂപം:
അഖിൽ മാരാർക്ക് സ്റ്റാർഗേറ്റിന്റെ മറുപടി. ‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന സിനിമയെ കുറിച്ച് അഖിൽ മാരാർ ഇന്ന് പുറത്തു വിട്ട പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
1.വയനാട് വീട് വെച്ച് കൊടുക്കുന്നതിനെക്കുറിച്ച് ഒരു വിഷയവും സ്റ്റാർഗേറ്റ് പ്രൊഡക്ഷന് അറിവുള്ളതല്ല.
2. ഈ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം അദ്ദേഹം ഡബ്ബിങ്ങിന് മുന്നേ വാങ്ങിച്ചിട്ടുണ്ട്.
ജനങ്ങൾ സിനിമ ഏറ്റെടുത്തില്ല എന്നത് ശരി തന്നെയാണ്. എന്തുകൊണ്ട്? അതാണ് വിഷയം. ഞങ്ങളുടെ നിരീക്ഷണത്തിൽ മനസ്സിലായ കാര്യം, അനാവശ്യ സ്ഥലങ്ങളിൽ ഉള്ള പരാമർശംമൂലം എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും ഒരുപോലെ വെറുപ്പിച്ചു എന്നതാണ്. കശ്മീരിൽ വെടിവെപ്പിൽ ആളുകൾ മരിച്ചപ്പോൾ രാജ്യത്തിന് എതിരായി പറഞ്ഞിട്ട് കേസ് ആയി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുതെന്നു ആഹ്വാനം ചെയ്ത് പാർട്ടിക്കാരുടെ ശത്രുത നേടി. ഒടുവിൽ യുവനേതാവിനെതിരെ രംഗത്ത് വന്നു വേറേയും ശത്രുക്കൾ ഉണ്ടാക്കി. ഈ സമയത്തൊക്കെ പ്രൊഡക്ഷൻ ടീം അദ്ദേഹത്തെ വിലക്കിയിരുന്നു. അതുകൊണ്ടുതന്നെ പല സ്ഥലത്തും സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാണ് ഉണ്ടായത്. സിനിമയ്ക്ക് ആളു കയറുന്നില്ല എന്ന് കണ്ടപ്പോൾ പ്രൊഡക്ഷന്റെയും ഡയറക്ടറേയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് ഇത്തരം പ്രസ്താവനകൾ.
3. പിന്നെ കൃത്യമായി ഈ സിനിമയുടെ സ്ക്രിപ്റ്റ് കേട്ടിട്ടാണ് അദ്ദേഹം വന്നു ജോയിൻ ചെയ്തത്. വർക്ക് കംപ്ലീറ്റ് ആയി കോഴിക്കോടുള്ള സ്റ്റുഡിയോയിൽ വന്ന് പൂർണമായും സിനിമ കണ്ടു ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ട്രെയിലർ ലോഞ്ചിനുള്ള കാര്യങ്ങൾ ചെയ്തതും, ബിഗ് ബോസിൽ പോയി പ്രൊമോഷൻ നടത്തിയതും. അതും പ്രൊഡക്ഷൻ കമ്പനി എടുത്തുകൊടുത്ത ടിക്കറ്റിൽ. സിനിമ ഹിറ്റാകുമെന്നും ഒരുപാട് ഫാൻസ് ഉണ്ട് എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പ്രേക്ഷകർ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാ നിരൂപകനുമായുള്ള വിഷയത്തിൽ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതും, കൊച്ചി ആസ്ഥാനമായി സിനിമ പ്രൊമോഷൻ ചെയ്യുന്ന ഓൺലൈൻ ചാനലുകാർ എല്ലാവരേയും കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ട കാരണം അഖിൽ മാരാരിന്റെ ഒരു വീഡിയോസും അവർ കൊടുക്കില്ല എന്ന് തീർത്തു പറയുകയും അവർ പറഞ്ഞത് പ്രകാരം ട്രെയിലർ ലോഞ്ച് സമയത്തുള്ള വിഡിയോസിൽ അദ്ദേഹത്തിന്റെ മുഖം ബ്ലർ ആക്കിയിട്ടാണ് കൊടുത്തത്. അറിയപ്പെടുന്ന ചാനലുകാർ ആരും കൊടുത്തതും ഇല്ല.
സിനിമ റിലീസ് സമയത്തും അവർ പറഞ്ഞു ഞങ്ങളെ കുറ്റം പറഞ്ഞ ആളിന്റെ സിനിമയുടെ പ്രൊമോഷന് ഞങ്ങൾ വരില്ല എന്ന്. അവസാനം അഖിൽ മാരാർ അദ്ദേഹത്തിന്റെ നാട്ടിൽ കൊട്ടാരക്കരയിൽ ആണ് സിനിമ കണ്ടത്. കൊച്ചിയിൽ വനിത തിയറ്ററിൽ അദ്ദേഹം വരില്ല എന്ന് അറിഞ്ഞപ്പോൾ ഓൺലൈൻ മീഡിയയിൽ ഉള്ള എല്ലാവരും വരികയും വീഡിയോസ് എടുക്കുകയുമാണ് ഉണ്ടായത്. സത്യാവസ്ഥ ഇതൊക്കെ ആയിരിക്കെ, അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവന തികച്ചും സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം മാത്രമാണ്.
സിനിമ കണ്ട ആളുകളിൽ കൂടുതലും അദ്ദേഹത്തിനെ മാത്രം കുറ്റപ്പെടുത്തിയാണ് കമന്റുകൾ ഇട്ടത്. അത് അദ്ദേഹമായി ഉണ്ടാക്കി വച്ച രാഷ്ട്രീയത്തിലെ ശത്രുക്കളും ഓൺലൈൻ ആൾക്കാരും, ബിഗ് ബോസിൽ കൂടെ ഉണ്ടായിരുന്നവരുമൊക്കെയാണ്. നാട്ടിൽ എന്തു പ്രശ്നം ഉണ്ടായാലും അതിനെ കുറിച്ച് കണ്ടന്റ് ഉണ്ടാക്കി ശത്രുക്കളെ ഉണ്ടാക്കിയത് ഈ സിനിമ നിർമിച്ചവർ അല്ല. അവസരങ്ങൾക്കൊത്തു നിലപാടുകൾ മാറ്റുന്നത് ആർക്കും ഭൂഷണമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.