ബെയ്ജിങ്; ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ.
ടിയാൻജിനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു അസിം മുനീർ. ഉഭയകക്ഷി, തദ്ദേശീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ പറഞ്ഞു.തദ്ദേശീയമായ സമാധാനവും വികസനവും ഉറപ്പു വരുത്താൻ ശക്തമായ ചൈന–പാക്ക് ബന്ധം ആവശ്യമാണെന്ന് ഷി കൂടിക്കാഴ്ചയിൽ പറഞ്ഞു. ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ കൊണ്ടുവരാനും പാക്കിസ്ഥാനൊപ്പം ചേർന്നു പ്രവർത്തിക്കാൻ ചൈന തയാറാണ്.
പാക്കിസ്ഥാനിലെ ചൈനീസ് പൗരന്മാർക്കും സ്ഥാപനങ്ങൾക്കും നിർമാണ പദ്ധതികൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷി പറഞ്ഞതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടി പൂർത്തിയാക്കി മടങ്ങിയതിനു തൊട്ടടുത്ത ദിവസമാണ് അസിം മുനീർ–ഷി കൂടിക്കാഴ്ച. ഉച്ചകോടിക്കിടെ ഷിയുമായി മോദി ഉഭയകക്ഷി ചർച്ച നടത്തുകയും ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തെയും ഭീകരവാദത്തെയും അപലപിച്ചുകൊണ്ട് ഉച്ചകോടിയുടെ അവസാനം സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഏപ്രിലിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്നത് ഇന്ത്യ ലോകവേദികളിൽ പലകുറി ആവർത്തിച്ചിരുന്നു.രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ ചൈന പരാജയപ്പെടുത്തിയതിന്റെ 80ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച നടക്കുന്ന പരേഡിലും അസിം മുനീർ പങ്കെടുക്കും. ചൈനീസ് സൈന്യത്തിന്റെ പക്കലുള്ള അത്യാധുനിക ആയുധങ്ങൾ ഈ പരേഡിൽ പ്രദർശിപ്പിക്കുന്നുണ്ട്.പാക്കിസ്ഥാൻ സൈന്യത്തിന്റെ ആയുധങ്ങളിൽ 80 ശതമാനവും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതായതിനാൽ പരേഡിൽ പാക്കിസ്ഥാന് പ്രത്യേക താൽപര്യമുണ്ട്.അസിം മുനീറിന്റെ രണ്ടാം ചൈനീസ് യാത്രയാണിത്. ജൂലൈയിലും മുനീർ ചൈന സന്ദർശിച്ചിരുന്നു. അന്ന് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച സാധ്യമായിരുന്നില്ലെങ്കിലും വൈസ് പ്രസിഡന്റ് ഹാൻജെങ്ങുമായി മുനീർ ചർച്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിരുന്നിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു അന്ന് മുനീർ ചൈനയിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.