ജറുസലേം: ഗാസ നഗരത്തിൽ കനത്ത ബോംബ് ആക്രമണം തുടർന്ന് ഇസ്രയേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. പലസ്‌തീൻ വിഷയത്തിൽ അചഞ്ചലമായ പിന്തുണ ഇസ്രയേലിന് പ്രതീക്ഷിക്കാമെന്ന് റൂബിയോ അറിയിച്ചിരുന്നു. കൂടിക്കാഴ്‌ചയ്ക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്.
നഗരത്തിൽ കനത്ത ബോംബാക്രമണമാണ് ഉണ്ടായതെന്നും നിരവധി വീടുകൾ തകർന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. ഗാസ നഗരത്തിലുടനീളം ബോംബാക്രമണം ശക്തമായി തുടരുകയാണെന്നും മരണ നിരക്ക് വർധിക്കുകയാണെന്നും ഗാസ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്‌മൂദ് ബസാൽ പറഞ്ഞു.
ഇസ്രയേൽ സൈന്യം ഖാൻ യൂനിസിനെയും ആക്രമിക്കാൻ ലക്ഷ്യമിട്ടതായി ബസാൽ പറഞ്ഞു. തിങ്കളാഴ്‌ച ഉണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു. ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ചർച്ചകളെ റൂബിയോ നിസാരമായി കണ്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 2023 ഒക്ടോബർ 7 ന് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഹമാസിനെ ക്രൂര മൃഗങ്ങൾ എന്ന് റൂബിയോ വിളിച്ചിരുന്നു.
പലസ്‌തീന് രാഷ്‌ട്ര പദവി നൽകാൻ സമ്മർദം
ഫ്രാൻസ് നേതൃത്വം നൽകുന്ന ഐക്യരാഷ്‌ട്രസഭയുടെ ഉച്ചകോടിക്ക് ഒരാഴ്‌ച മുൻപാണ് മാർക്ക് റൂബിയോയുടെ ഇസ്രയേൽ സന്ദർശനം. ഇസ്രയേലിൻ്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിൽ രോഷാകുലരായ നിരവധി അമേരിക്കൻ സഖ്യകക്ഷികൾ പലസ്‌തീൻ രാഷ്ട്രമായി അംഗീകരിക്കാൻ തയാറെടുക്കുന്നതായി വിവിധ വൃത്തങ്ങൾ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കാതെ ഇസ്രയേലിന് മെച്ചപ്പെട്ട ഭാവി ആരംഭിക്കാൻ കഴിയില്ലെന്ന് റൂബിയോ പത്രസമ്മേളനത്തിൽ പറഞ്ഞു.
റൂബിയോയുടെ സന്ദർശനം അമേരിക്ക ഇസ്രയേലിനൊപ്പം നിൽക്കുന്നു എന്നതിൻ്റെ വ്യക്തമായ സന്ദേശമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിൻ്റെ ബന്ദികളായ ഇസ്രയേൽ പൗരന്മാരുടെ കുടുംബങ്ങളുമായി റൂബിയോ കൂടിക്കാഴ്‌ച നടത്തി. 2023 ഒക്ടോബറിൽ ഹമാസ് ബന്ദികളാക്കിയ 251 പേരിൽ 47 പേർ ഗാസയിൽ തന്നെ തുടരുന്നെന്നും 25 പേർ കൊല്ലപ്പെട്ടതായും ഇസ്രയേൽ സൈന്യം പറയുന്നു.
കിഴക്കൻ ജറുസലേമിൽ പര്യടനം നടത്തി മാർക്ക് റൂബിയോ
ഇസ്രയേൽ പിടിച്ചടക്കിയ കിഴക്കൻ ജറുസലേമിലെ പഴയ നഗരത്തിൽ നിന്നാണ് റൂബിയോ സന്ദർശനം ആരംഭിച്ചതെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. പലസ്‌തീൻ സമീപ പ്രദേശമായ സിൽവാനിലൂടെ തീർഥാടന കേന്ദ്രത്തിലേയ്ക്ക് എത്താനാകുന്ന തുരങ്കപാത മാർക്ക് റൂബിയോ ഉദ്‌ഘാടനം ചെയ്‌തിരുന്നു. ജൂതന്മാർക്ക് പ്രാർത്ഥിക്കാൻ അനുവാദമുള്ള ഏറ്റവും പുണ്യസ്ഥലമെന്ന് വിശ്വസിക്കുന്ന വെസ്റ്റേൺ വാളിൽ നെതന്യാഹുവിനൊപ്പം റൂബിയോയും എത്തിയതായി വിവിധ വൃത്തങ്ങൾ പറഞ്ഞു.
ഇസ്രയേലിനതിരെ ഒരുമിച്ച് നിൽക്കുമെന്ന് ദോഹ ഉച്ചകോടി
ഇസ്രയേലിനെതിരെ താക്കീത് ചെയ്‌ത് ദോഹ ഉച്ചകോടി. ഖത്തറിൻ്റെ പരമാധികാരത്തിലേയ്ക്കുള്ള ഇസ്രയേലിൻ്റെ കടന്നാക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ദോഹ ഉച്ചകോടി. ഖത്തറിൻ്റെ പരമാധികാരം ചോദ്യം ചെയ്‌ത് ഇസ്രയേൽ നടത്തിയ ആക്രമണത്തെ രാഷ്‌ട്രനേതാക്കൾ ഒന്നടങ്കം അപലപിച്ചു. അന്താരാഷ്‌ട്രതലത്തിൽ ഇസ്രയേലിനെതിരെ ഒരുമിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള പ്രമേയം ഉച്ചകോടി പാസാക്കി.
അപലപിച്ചതുകൊണ്ട് മിസൈലുകൾ നിർത്താൻ കഴിയില്ല, പ്രഖ്യാപനങ്ങൾ പലസ്‌തീനെ സ്വതന്ത്രമാക്കില്ല എന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. കഠിനവും ശിക്ഷാർഹവുമായ നടപടികൾ സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിനെ സാമ്പത്തികമായി ഞെരുക്കേണ്ടിവരുമെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു.
ഇസ്രായേലുമായി നയതന്ത്ര കരാറുകളുള്ള ചില രാജ്യങ്ങൾ ബന്ധം വിച്ഛേദിക്കാൻ താത്‌പര്യപ്പെട്ടില്ല. ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെ എന്തിനാണ് ചർച്ചകളിൽ ഏർപ്പെടുന്നതെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ചോദിച്ചു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ ഷെയ്ഖ് തമീം അപലപിച്ചു.
രാജ്യാന്തര നിയമങ്ങളുടെ ലംഘനവും അധികാരത്തിന് മേലുള്ള കടന്നുകയറ്റവും അനുവദിക്കരുതെന്ന് അറബ്, ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ യോഗം ചൂണ്ടിക്കാട്ടിയിരുന്നു. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും യോഗത്തിൽ ചർച്ച ചെയ്‌തു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.