ന്യൂഡൽഹി : ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. ഇന്നലെയായിരുന്നു സംഭവം.
വ്യോമയാന പ്രോട്ടോക്കോൾ അനുസരിക്കാത്ത യാത്രക്കാരനെ കൊൽക്കത്തയിൽ എത്തിയതിനുപിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയതെന്ന് ഇൻഡിഗോ അറിയിച്ചു. ക്യാബിൻ ക്രൂവിനോടും സഹ യാത്രികരോടും ഇയാൾ മോശമായി പെരുമാറി.
സംഭവം ഇങ്ങനെ : 31ഡി സീറ്റിലിരുന്ന യാത്രക്കാരൻ മദ്യപിച്ചിരുന്നു. ഇയാൾ വിമാനത്തിൽ കയറിയതിനുപിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു. സഹയാത്രികരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാൾ തർക്കിച്ചു.
വിമാനം പറന്നുയർന്നതിനുപിന്നാലെ ഇയാൾ ശീതളപാനീയത്തിന്റെ ഒരു കുപ്പി ഒളിപ്പിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. മദ്യം മണക്കുന്ന ഇയാളെ ജീവനക്കാർ ചോദ്യംചെയ്തതോടെ ആ കുപ്പിയിൽനിന്ന് ഇയാൾ പെട്ടെന്ന് കുടിച്ചു. ഇതോടെ കൊൽക്കത്തയിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറുകയായിരുന്നു.
അതേസമയം, ഹര ഹര മഹാദേവ എന്ന ചോല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതേയുള്ളൂവെന്നാണ് യാത്രക്കാരന്റെ നിലപാട്. മതപരമായ ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും യാത്രയ്ക്കിടയിൽ മദ്യപിച്ചിരുന്നില്ലെന്നും ഇയാൾ പറയുന്നു. ഡൽഹി വിമാനത്താവളത്തിൽനിന്നു വിമാനത്തിൽ കയറുന്നതിനു മുൻപ് ബീയർ കുടിച്ചിരുന്നുവെന്നും അതിന്റെ റെസീറ്റ് കയ്യിൽ ഉണ്ടെന്നും ഇയാൾ വാദിക്കുന്നു. ജീവനക്കാരും ഇയാളും പരസ്പരം പരാതി കൊടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.