തിരുവനന്തപുരം : അച്ചടക്കമെന്നത് അടിമത്തമല്ലെന്നും പാര്‍ട്ടി സഖാക്കള്‍ക്കു തന്നോട് ഇപ്പോഴുമുള്ള സ്നേഹം ആലപ്പുഴയില്‍ എത്തിയപ്പോള്‍ ബോധ്യപ്പെട്ടുവെന്നും മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മായില്‍.
നേതൃത്വത്തിലല്ല പാര്‍ട്ടി സഖാക്കളിലാണു വിശ്വസിക്കുന്നതെന്നും അവരുടെ മനസില്‍ തനിക്കു ജയിച്ചാല്‍ മതിയെന്നും ഇസ്മായില്‍ ‘മനോരമ ഓണ്‍ലൈനി’നോട് പറഞ്ഞു. തന്നെ പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്ന തരത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് പാര്‍ട്ടി വേദിയില്‍ ഇരിക്കാന്‍ യോഗ്യത ഉണ്ടോ എന്ന് പാര്‍ട്ടിക്കാര്‍ക്കും സഖാക്കള്‍ക്കും ബോധ്യമുണ്ടെന്നും ഇസ്മായില്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിതാവല്ലാതിരുന്നതിനാല് സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇസ്മായില്‍ ആലപ്പുഴയില്‍ എത്തിയത്. സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ വിവാദപ്രസ്താവനയെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ ഇസ്മായിലിനെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്ഷന് കാലാവധി ഓഗസ്റ്റില്‍ കഴിഞ്ഞിട്ടും തിരിച്ചെടുക്കാന്‍ നേതൃത്വം തയാറായിട്ടില്ല.
‘‘സഖാക്കള്‍ക്ക് എന്നോട് ഇപ്പോഴും സ്നേഹവും താല്പര്യവുമുണ്ടെന്ന് ആലപ്പുഴയില്‍ എത്തിയ എല്ലാവര്ക്കും ബോധ്യപ്പെട്ട കാര്യമാണ്. നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ വിഷയമല്ല. വര്‍ഷങ്ങളായി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. അച്ചടക്കം എന്നെ പഠിപ്പിക്കേണ്ട കാര്യമില്ല. പാര്‍ട്ടിയിലെ അച്ചടക്കം നാട്ടിലെമ്പാടും പഠിപ്പിച്ചു നടന്ന ആളാണ് ഞാന്‍. അച്ചടക്കം എന്നത് അടിമത്തമല്ല. ഇക്കാലമത്രയും അച്ചടക്കത്തില്‍ ലവലേശം വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. 70 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ അച്ചടക്ക ലംഘനമുണ്ടായതായി ഒരു തരത്തിലുള്ള ആക്ഷേപവും വന്നിട്ടില്ല’’ – കെ.ഇ.ഇസ്മായില്‍ പറഞ്ഞു.
‘‘എം.എന്‍.ഗോവിന്ദന് നായര്‍, സി.അച്യുതമേനോന് തുടങ്ങിയ സെക്രട്ടറിമാരോടൊപ്പം സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനു ശേഷം എസ്.കുമാരന്, എന്‍.ഇ.ബലറാം, പി.കെ.വാസുദേവന്‍ നായര്‍, വെളിയം ഭാര്ഗവന് തുടങ്ങിയവര്‍ക്കൊപ്പവും കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. പി.കെ.വിയുടെയും വെളിയത്തിന്റെയും കൂടെ അസി. സെക്രട്ടറിയായിരുന്നു. അച്ചടക്കം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്താണെന്നും എങ്ങനെയാണെന്നും നന്നായി അറിയാം. പക്ഷെ ചില വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നന്മയ്ക്കു വേണ്ടി ചിലതു തുറന്നു പറയേണ്ടിവരും. അത് അച്ചടക്കലംഘനമല്ല. ഒന്നും പറയാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല. ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് ആയിരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ദോഷം വരുന്ന ഒന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മറ്റാരും അങ്ങനെ ചെയ്യാന്‍ സമ്മതിക്കുകയും ഇല്ല. അതിന്റെ പേരിലാണ് ചിലപ്പോള്‍ ചില വിമര്‍ശനങ്ങള്‍ നടത്തേണ്ടിവരുന്നത്. അത് പാര്‍ട്ടിക്കെതിരായ നീക്കമോ അച്ചടക്കലംഘനമോ അല്ല’’ – അദ്ദേഹം പറഞ്ഞു.
‘‘പാര്‍ട്ടിയുടെ സംഘടനാ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതിനാണ് അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഒരഭിപ്രായവും പറയേണ്ട എന്നാണെങ്കില്‍ അത് നേതൃത്വം തുറന്നു പറയട്ടേ. എനിക്കു പാര്‍ട്ടി വേദിയില്‍ ഇരിക്കാന്‍ യോഗ്യത ഉണ്ടോ എന്ന് പാര്‍ട്ടിക്കാര്‍ക്കും സഖാക്കള്‍ക്കും ബോധ്യമുണ്ട്. അവര്‍ അതില്‍ അഭിപ്രായം പറയും. ബിനോയ് വിശ്വത്തിന് വ്യക്തിപരമായി എന്നോടു ഒരു വിരോധവുമുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം ജനിക്കുന്ന സമയത്ത് ഞാന്‍ വിദ്യാര്‍ഥി പ്രവര്‍ത്തകനായിരുന്നു. അത്രത്തോളം അനുഭവങ്ങള്‍ എനിക്കുണ്ട്. കാണുമ്പോള്‍ വളരെ സ്നേഹത്തോടെ സംസാരിക്കാറുമുണ്ട്. സസ്പെന്ഷന് പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ക്കേ അറിയൂ’’ - കെ.ഇ.ഇസ്മായില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.