മുംബൈ: തട്ടിക്കൊണ്ടുപോകൽ കേസിൽ ഉൾപ്പെട്ട വാഹനം പിടിച്ചെടുക്കാനായി പോലീസ് എത്തിയപ്പോൾ തടഞ്ഞതുമായി ബന്ധപ്പെട്ട്, സസ്‌പെൻഷനിലുള്ള ഐഎഎസ് ഓഫിസർ പൂജ ഖേദകറുടെ കുടുംബം വീണ്ടും വിവാദത്തിൽ. പൂജയുടെ അമ്മ മനോരമ ഖേദ്കറാണ് പോലിസിനെ തടഞ്ഞത്.
നവി മുംബൈ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ പ്രഹ്‌ളാദ് കുമാർ ഓടിച്ചിരുന്ന മിക്‌സർ ട്രക്ക്, മുളുന്ദ്-ഐരോളി റോഡിൽ വെച്ച് കാറുമായി കൂട്ടിയിടിച്ചതോണ് സംഭവത്തിന്റെ തുടക്കം. ചെറിയ അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പ്രഹ്‌ളാദിനെ വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കി 150 കിലോമീറ്റര്‍ അകലെ പുണെയിലെ ഒരു വീട്ടിലെ മുറിയില്‍ അടച്ചിട്ടു.
എന്നാല്‍ പ്രഹ്‌ളാദ് തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു. പ്രഹ്‌ളാദ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തി. സംഭവത്തിൽ ഉൾപ്പെട്ട വാഹനം പൂണെയിലാണെന്നും സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വസതിയിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും മനസ്സിലായി. പോലീസ് സംഘം അവിടെനിന്ന് പ്രഹ്‌ളാദ് കുമാറിനെ രക്ഷപ്പെടുത്തി.
എന്നാൽ, മനോരമ ഖേദ്കർ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും വാതിൽ തുറക്കാൻ വിസമ്മതിക്കുകയും പോലീസിനോട് മോശമായി പെരുമാറി ജോലി തടസ്സപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിനായി റബാലെ പോലീസിന് മുന്നിൽ ഹാജരാകാൻ മനോരമയ്ക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനം, ഖേദ്കർ കുടുംബവുമായി ബന്ധമുള്ള പൂജ ഓട്ടോമൊബൈൽ എന്ന സ്ഥാപനത്തിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, പ്രഹ്‌ളാദ് കുമാറിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്.
മഹാരാഷ്ട്ര കേഡറിലെ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ ഖേദ്കറെ അച്ചടക്കമില്ലായ്മയും അധികാര ദുർവിനിയോഗവും കാരണം പൂണെയിൽനിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ വർഷമാദ്യം, അവകാശങ്ങൾ ദുരുപയോഗം ചെയ്തതിനും സർവീസ് രേഖകളിലെ പൊരുത്തക്കേടുകൾക്കും പൂജ ഖേദ്കറിനെ സിവിൽ സർവീസിൽനിന്ന് സസ്‌പെൻഡും ചെയ്തിരുന്നു.
തന്റെ ആഡംബര ഓഡി കാറിൽ അവർ അനധികൃതമായി ബീക്കണും മഹാരാഷ്ട്ര സർക്കാരിന്റെ ചിഹ്നവും സ്ഥാപിച്ചിരുന്നു. ഇതും വിവാദമായി. ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി ആനുകൂല്യങ്ങളും ഭിന്നശേഷിക്കാർക്കുള്ള ഇളവുകളും പൂജ അനർഹമായി നേടിയെടുത്തതായും ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.