ഡെറാഡൂൺ: ബാബ രാം ദേവിന്റെ സഹായിക്ക് മസൂറിയിലെ 142 ഏക്കർ 'പൈതൃക' ഭൂമി ഉത്തരാഖണ്ഡ് സർക്കാർ ഒരു കോടി രൂപ വാർഷിക വാടകയ്ക്ക് നൽകിയതായി ആരോപിച്ച് കോൺഗ്രസ്.
ജോർജ്ജ് എവറസ്റ്റ് എസ്റ്റേറ്റിലെ 30,000 കോടി രൂപയിലധികം വിലമതിക്കുന്ന ഭൂമിയാണ് ആചാര്യ ബാലകൃഷ്ണ എന്നറിയപ്പെടുന്ന ആളുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് വാടകയ്ക്ക് നൽകിയതായി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരൺ മഹാര ഇതിനെ "സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതി" എന്നാണ് വിശേഷിപ്പിച്ചത്. ജോർജ്ജ് എവറസ്റ്റ് എസ്റ്റേറ്റിന്റെ ടൂറിസം വികസന പദ്ധതിയിലെ "അഴിമതി" ബിജെപിയുടെ കുത്തക മുതലാളിത്തത്തിന്റെ വ്യക്തമായ തെളിവാണിതെന്നും കരൺ മഹാര പറഞ്ഞു.
ബിജെപി സർക്കാർ ഉത്തരാഖണ്ഡിനെ കൊള്ളക്കാരുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് തെരുവുകളിൽ നിന്ന് സഭയിലേക്ക് പോരാടുകയും ജനങ്ങൾക്ക് നീതി ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. "ജോർജ്ജ് എവറസ്റ്റ് ഭൂമി കുംഭകോണത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും മഹാര ആവശ്യപ്പെട്ടു.
2022 ഡിസംബറിൽ ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്‌മെന്റ് ബോർഡ് നൽകിയ ടെൻഡറിൽ രാജാസ് എയ്‌റോസ്‌പോർട്‌സ് ആൻഡ് അഡ്വഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഭരുവ അഗ്രി സയൻസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതി ഓർഗാനിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ പങ്കെടുത്തിരുന്നു. ഈ മൂന്ന് കമ്പനികളേയും രാംദേവിന്റെ സഹപ്രവർത്തകൻ ബാലകൃഷ്ണ നേരിട്ട് നിയന്ത്രിച്ചിരുന്നതായാണ് ആരോപണം. ഇത് ടെൻഡർ നിയമങ്ങളുടെയും ഗൂഢാലോചന വിരുദ്ധ നിയമത്തിന്റെയും "നഗ്നമായ ലംഘനമാണെന്നും കോണഗ്രസ് നേതാവ് ആരോപിച്ചു.
രാജാസ് എയ്‌റോസ്‌പോർട്‌സ് ആൻഡ് അഡ്വഞ്ചർ പ്രൈവറ്റ് ലിമിറ്റഡിന് 15 വർഷത്തേക്ക് ഒരു കോടി രൂപ വാർഷിക വാടകയ്ക്ക് നൽകിയ ജോർജ്ജ് എവറസ്റ്റ് എസ്റ്റേറ്റിന്റെ 142 ഏക്കർ ഭൂമി, നേരത്തെ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ (എഡിബി) നിന്ന് 23.5 കോടി രൂപ വായ്പയെടുത്താണ് സർക്കാർ വികസിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ, ഉത്തരാഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യയും വിഷയത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു പാനൽ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. "ഇത് ഏതുതരം വികസന മാതൃകയാണെന്ന് സർക്കാരിനും ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിലെ കഴിവുള്ള ഉദ്യോഗസ്ഥർക്കും മാത്രമേ പറയാൻ കഴിയൂ," എന്നായിരുന്നു ആര്യയുടെ വാക്കുകൾ.
എന്നാൽ ആരോപണങ്ങൾക്ക് മറുപടിയായി, ജോർജ്ജ് എവറസ്റ്റ് എസ്റ്റേറ്റിലെ ടൂറിസം പ്രവർത്തനങ്ങൾക്കുള്ള അനുമതി പ്രക്രിയ നിയമപരമാണെന്ന് ഭരണകക്ഷിയായ ബിജെപി പ്രതികരിച്ചു, അനുവദിച്ച സ്ഥലത്തിന് ചുറ്റുമുള്ള ആളുകളുടെ പ്രവർത്തനങ്ങളും തടസമില്ലാതെ തുടരുന്നുവെന്നും അവർ അവകാശപ്പെട്ടു. ആരോപണങ്ങൾ നുണകളുടെ ഒരു കെട്ടാണെന്ന് വിശേഷിപ്പിച്ച ബിജെപിയുടെ സംസ്ഥാന മാധ്യമ ചുമതലയുള്ള മൻവീർ സിംഗ് ചൗഹാൻ, “ജോർജ്ജ് എവറസ്റ്റ് എസ്റ്റേറ്റിൽ ടൂറിസം പ്രവർത്തനങ്ങൾക്കായി ഭൂമി അനുവദിച്ചതിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട്” എന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.