ലണ്ടൻ : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെത്തി. ചാൾസ് രാജാവിന്റെ അതിഥിയായാണു ട്രംപിന്റെ സന്ദർശനം. ഭാര്യ മെലാനിയയോടൊപ്പം രാത്രിയാണ് ട്രംപ് എയർഫോഴ്സ് വൺ വിമാനത്തിൽ ലണ്ടൻ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ ഇറങ്ങിയത്.
ട്രംപിന്റെ ബ്രിട്ടനിലെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. 2019ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനം. നാളെ വിൻഡ്‌സർ കൊട്ടാരത്തിൽ വച്ച് ചാൾസ് മൂന്നാമൻ രാജാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. ‘നാളെ ഒരു വലിയ ദിവസമായിരിക്കും’ എന്നാണ് ബ്രിട്ടൻ സന്ദർശനത്തിന് എത്തിയ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
രാജാവും ഭരണകൂടവും ചുവപ്പു പരവതാനി വിരിച്ച് സ്വീകരണം ഒരുക്കുമ്പോൾ ട്രംപിനെ എതിർക്കുന്നവർ കനത്ത പ്രതിഷേധവുമായി തെരുവിലുണ്ട്. ശക്തമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിട്ടും എഴുപതോളം വരുന്ന പ്രതിഷേധക്കാർ ഇന്നലെ രാത്രി തന്നെ വിൻസർ കൊട്ടാരത്തിനു മുന്നിൽ ട്രംപിനെതിരെ പ്ലക്കാർഡുകളും പ്രതിഷേധ മുദ്രാവാക്യങ്ങളുമായെത്തി. ലണ്ടൻ മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള ട്രംപിന്റെ വിമർശകരും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.
സ്റ്റാൻസ്റ്റഡിൽ നിന്നും ഹെലികോപ്റ്ററിൽ ലണ്ടനിലെത്തിയ ട്രംപും മെലാനിയയും യുഎസ് അംബാസിഡറുടെ വസതിയായ വിൻഫീൽഡ് ഹൗസിലാണ് രാത്രി തങ്ങിയത്. ഇന്ന് മുതലാണ് വിൻസർ കൊട്ടാരത്തിലെ രണ്ടു ദിവസം നീളുന്ന ഔദ്യോഗിക സ്വീകരണ പരിപാടികളും വിരുന്നും ആരംഭിക്കുക. ട്രംപിനോടുള്ള ആദര സൂചകമായി മിലിട്ടറി പരേഡും എയർഫോഴ്സിന്റെ വ്യോമാഭ്യാസ പ്രകടനവും രാത്രിയിൽ അത്താഴ വിരുന്നും ഒരുക്കും. ട്രംപ് കൊട്ടാരത്തിലേക്ക് പ്രവേശിക്കുമ്പോൾ വിൻസറിലും ടവർ ഓഫ് ലണ്ടനിലും ആചാരവെടികൾ മുഴങ്ങും. ഉച്ചയ്ക്ക് പ്രസിഡന്റിനോടുള്ള ആദരസൂചകമായി ലണ്ടൻ നഗരത്തിൽ യുഎസ് - ബ്രിട്ടീഷ് വ്യോമസേനകൾ ഒരുമിച്ച് നടത്തുന്ന ഫ്ലൈ പാസ്റ്റ് പരേഡും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.