മുംബൈ : സ്വീഡനില്‍നിന്ന് താമസം മാറിയശേഷം ഇന്ത്യയിലെ ഓഫീസിലെ തന്റെ ആദ്യ ദിവസത്തെ കുറിച്ച് ഇന്ത്യന്‍ ടെക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയാകുന്നു. തൊഴില്‍ സംസ്കാരത്തിലെ പ്രകടമായ വ്യത്യാസങ്ങള്‍ തുറന്നുകാട്ടുന്നതാണ് ഈ വീഡിയോ. ദേവ് വിജയ് എന്ന യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
യൂറോപ്പിലെ തന്റെ ഔദ്യോഗിക ജീവിതത്തെ ഇന്ത്യയിലെ പുതിയ ദിനചര്യയുമായി താരതമ്യം ചെയ്യുകയാണ് ദേവ്. ഓഫീസിലേക്ക് പോകാനുള്ള വാഹനം എത്താത്തതിനെ തുടര്‍ന്ന് നിരാശയോടെയാണ് ദേവിന്റെ ദിവസം തുടങ്ങുന്നത്. 20 മിനിറ്റ് എടുക്കേണ്ട യാത്രയ്ക്ക് ഒരു മണിക്കൂര്‍ വേണ്ടി വന്നുവെന്നും യുവാവ് പറയുന്നു.
ഓഫീസിലെത്തിയപ്പോള്‍ അവിടേയുള്ള സുരക്ഷാപരിശോധന വിമാനത്താവളത്തിലുള്ളത് പോലെയായിരുന്നുവെന്ന് ദേവ് ചൂണ്ടിക്കാണിക്കുന്നു. ഓഫീസ് വൈ-ഫൈ കണക്ട് ചെയ്യാനായി സുഹൃത്തുക്കള്‍, ഐടി, അഡ്മിന്, എച്ച്ആര്‍ ഡിപാര്ട്മെന്റുകള്ക്കിടയില് നടക്കേണ്ടി വന്നുവെന്നും ഉച്ചഭക്ഷണ സമയമായിട്ടും അത് ശരിയായില്ലെന്നും ദേവ് ചൂണ്ടിക്കാണിക്കുന്നു.
ഇതിനിടയിലും ചില്ല നല്ല കാര്യങ്ങള്‍ സംഭവിച്ചുവെന്നും യുവാവ് പറയുന്നു. കാന്റീനിലെ ഭക്ഷണം രുചികരമായിരുന്നുവെന്നും ഇന്ത്യന്‍ ഓഫീസുകളിലെ ഉച്ചഭക്ഷണം മികച്ചതാണെന്നും ദേവ് അഭിപ്രായപ്പെട്ടു. സ്വീഡനില്‍ പതിവായി കഴിക്കുന്ന ഹോട്ട് ചോക്ലേറ്റിന് പകരം ചായ കുടിച്ച് ഇന്ത്യയിലെ സംസ്കാരവുമായി പൊരുത്തപ്പെട്ടെന്നും യുവാവ് പറയുന്നു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ദേവിന്റെ തീരുമാനത്തെ ചില ഉപയോക്താക്കള്‍ ചോദ്യം ചെയ്തു. 'എന്തിനാണ് നിങ്ങള്‍ തിരികെ വന്നത്?' എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, 'ഇപ്പോള്‍ നിങ്ങള്‍ക്ക് ഇന്ത്യയും സ്വീഡനും തമ്മിലുള്ള വ്യത്യാസം കാണാം' എന്ന് മറ്റൊരാള്‍ പറഞ്ഞു.
'ഓരോ രാജ്യത്തിനും അതിന്റേതായ നല്ലതും ചീത്തയുമുണ്ട്. സ്വീഡനെയും ഇന്ത്യയെയും നേരിട്ട് താരതമ്യം ചെയ്യുന്നത് ശരിയല്ല, കാരണം ഇന്ത്യയ്ക്ക് സ്വീഡനേക്കാള്‍ ഏകദേശം ഏഴ് മടങ്ങ് വിസ്തൃതിയും 130 മടങ്ങിലധികം ജനസംഖ്യയുമുണ്ട്. ഇതൊക്കെയാണെങ്കിലും, ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല (63 ലക്ഷം കിലോ മീറ്റർ), ഇരുപതിലധികം നഗരങ്ങളില്‍ ആധുനിക മെട്രോ സംവിധാനങ്ങള്‍, ലോകോത്തര വിമാനത്താവളങ്ങള്‍ എന്നിവ ഇന്ത്യയിലുണ്ട്. 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ഇവിടുത്തെ സുരക്ഷാ പരിശോധനകള്‍ അത്യാവശ്യമാണ്. അതിനാല്‍ ഇത് കാണിച്ച് നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുത്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. '
'യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതിന് പകരം ഇന്ത്യക്കാര്‍ ക്ഷുഭിതരാകുകയാണ്' എന്നാണ് യുവാവിനെ പിന്തുണച്ച് ഒരാള്‍ കമന്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.