മഡ്രിഡ്: സാമൂഹികമാധ്യമമായ ടിക്‌ടോക്കിൻറെ കാര്യത്തിലുള്ള തർക്കം പരിഹരിക്കാൻ ചൈനയുമായി പ്രാഥമിക കരാറുണ്ടാക്കിയെന്ന് യുഎസ് തിങ്കളാഴ്ച അറിയിച്ചു. അതനുസരിച്ച് ടിക്‌ടോക് യുഎസ് നിയന്ത്രിത ഉടമസ്ഥതയിലേക്കു മാറുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. എന്നാൽ, വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്‌ടോക് യുഎസ് കമ്പനിക്ക് വിൽക്കുന്നതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സർക്കാർ നൽകിയ സമയം ബുധനാഴ്ച അവസാനിക്കാനിരിക്കേയാണിത്. സമയപരിധിക്കുള്ളിൽ വിൽപ്പന നടന്നില്ലെങ്കിൽ ടിക്‌ടോക് നിരോധിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ടിക്‌ടോക്കിന്റെ കാര്യത്തിൽ കരാർരൂപരേഖയായെന്ന വിവരം ‘ട്രൂത്ത് സോഷ്യലി’ലൂടെ ട്രംപ്‌തന്നെയാണ് ആദ്യം അറിയിച്ചത്. വെള്ളിയാഴ്ച ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി താൻ സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു. യുഎസ്-ചൈന തീരുവപ്രശ്നം പരിഹരിക്കുന്നതിനും വ്യാപാരക്കരാറുണ്ടാക്കുന്നതിനുമുള്ള ചർച്ചകൾ സ്പെയിനിലെ മഡ്രിഡിൽ നടന്നവേളയിലാണ് പ്രഖ്യാപനമെത്തിയത്.
മഡ്രിഡിലെ ചർച്ചയിൽ യുഎസ് പ്രതിനിധിസംഘത്തെ നയിച്ച ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, ചൈനീസ് വൈസ് പ്രീമിയർ ഹി ലൈഫെങ്ങുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് ടിക്‌ടോക്കിന്റെ കാര്യത്തിൽ ധാരണയായത്. ട്രംപും ഷിയും വെള്ളിയാഴ്ച നടത്തുന്ന സംഭാഷണത്തിൽ കരാറിന് പൂർണരൂപമാകുമെന്നും ബെസന്റ് അറിയിച്ചു.
രാജ്യസുരക്ഷയുടെ പ്രശ്നം പറഞ്ഞാണ് യുഎസ് ടിക്‌ടോക് നിരോധിക്കാൻ ഒരുമ്പെട്ടത്. ഒന്നുകിൽ യുഎസ് കമ്പനിക്കു വിൽക്കുക, അല്ലെങ്കിൽ നിരോധനം നേരിടുകയെന്നതായിരുന്നു ടിക്‌ടോക്കിനുമുന്നിലെ വഴി. ജനുവരി 19 ആയിരുന്നു ഇതിനുള്ള അവസാനതീയതി. എന്നാൽ, ജനുവരി 20-ന് പ്രസിഡന്റായെത്തിയ ട്രംപ് ടിക്‌ടോക്കിന് സമയം നീട്ടിനൽകുകയായിരുന്നു.ഇറക്കുമതിത്തീരുവയുടെയും വ്യാപാരക്കരാറിന്റെയും കാര്യത്തിൽ മഡ്രിഡ് ചർച്ചയിൽ തിങ്കളാഴ്ച തീരുമാനമായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.