കോട്ടയം: യുവാവിന് ആറുമാസംമുമ്പ് ഏറ്റുമാനൂര്‍ പോലീസിന്റെ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത് വീണ്ടും ചര്‍ച്ചയായി. സമൂഹമാധ്യമങ്ങളില്‍ മുമ്പ് പ്രചരിച്ച ദൃശ്യങ്ങളാണ് കുന്നംകുളം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മുന്‍ പോലീസുകാരന്റെ മകനാണ് ദുരനുഭവമുണ്ടായത്.
ഏറ്റുമാനൂര്‍ പാറോലിക്കല്‍ ശ്രീനന്ദനം വീട്ടില്‍ എസ്.കെ. രാജീവിന്റെ മകന് അഭയ് എസ്. രാജീവി(25)നാണ് മര്‍ദനമേറ്റത്. ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സിലിന്റെ നേതൃത്വത്തില്‍ ആറുമാസം മുമ്പ് യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും ഫോണ്‍ നിലത്തെറിഞ്ഞു തകര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അഞ്ചുവര്‍ഷം എ.ആര്. ക്യാമ്പിലായിരുന്ന, അഭയ് എസ്.രാജീവിന്റെ അച്ഛന്, രാജീവ് ഇപ്പോള്‍ കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ്. കഴിഞ്ഞ മാര്‍ച്ച് 20-ന് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. പഴയ എംസി റോഡിലൂടെ അമിത വേഗത്തിലെത്തിയ സ്വകാര്യബസ് യുവാവിന്റെ ബൈക്കില്‍ തട്ടുമെന്ന നിലയില്‍ കടന്നുപോയി.
അപകടകരമായി ബസ് ഓടിച്ചതിനെ ചോദ്യംചെയ്യാന്‍ ഇയാള്‍ സ്റ്റാന്‍ഡിലെത്തി ബസ് ജീവനക്കാരെ ചോദ്യംചെയ്തു. ബസ് ഡ്രൈവര്‍ പോലീസിലറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ വളഞ്ഞ് ലാത്തിയുപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനു പകരം സ്റ്റേഷനടുത്തുള്ള ജനമൈത്രി മീഡിയേഷന് സെന്ററില്‍ കൊണ്ടുപോയി മകനെ ക്രൂരമായി അടിച്ചെന്നും അച്ഛന് രാജീവ് പറയുന്നു.
യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്, എസ്സി-എസ്ടി കമ്മിഷന് എന്നിവര്‍ക്ക് വീട്ടുകാര്‍ പരാതി നല്കി. എന്നാല്‍ പ്രതികാര നടപടിയുമായി പോലീസ് മുന്നോട്ടുപോകുകയായിരുന്നു.
യുവാവിനെതിരെ ജൂലായില്‍ കാപ്പ ചുമത്തി. അച്ഛന് രാജീവ് ഹൈക്കോടതിയെ സമീപിച്ചതോടെ കാപ്പ റദ്ദാക്കി. അവിടെയും തീര്‍ന്നില്ല. ജോലി നേടുന്നതിന് രാജീവും സഹോദരനും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചതെന്ന് കാണിച്ച് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.
വിജിലന്‍സിന്റെയും കിര്‍ത്താഡ്സിന്റെയും അന്വേഷണത്തെത്തുടര്‍ന്ന് തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ഈ കേസെടുത്തത്. ഹൈക്കോടതിയില്‍നിന്ന് സ്റ്റേ നേടിയാണ് ഇപ്പോള്‍ ജോലിയില്‍ തുടരുന്നതെന്ന് രാജീവ് പറഞ്ഞു.
ഈയാഴ്ച തന്നെ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും രാജീവ് പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും യുവാവ് നിരവധി കേസുകളില്‍ പ്രതിയാണെന്നും ഏറ്റുമാനൂര്‍ പോലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.