ബര്‍മിംഗ്ഹാം: നികുതി വിവാദത്തില്‍ യുകെ ഉപപ്രധാനമന്ത്രി ആഞ്ജെല റെയ്നര്‍ രാജിവെച്ചത് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ക്ക് വന്‍തിരിച്ചടിയായി. വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയാണ് പുതിയ ഉപപ്രധാനമന്ത്രി. ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പറെ വിദേശകാര്യ വകുപ്പിലേക്കു മാറ്റുകയും ചെയ്തു. കൂപ്പറിന് പകരക്കാരിയായി നീതിന്യായ സെക്രട്ടറി ഷബാന മഹ്മൂദിനെയും നിയമിച്ചു.
പുതിയ വീട് വാങ്ങിയപ്പോള്‍ നികുതി അടക്കുന്നതില്‍ റെയ്നര്‍ വീഴ്ച്ച വരുത്തിയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും സ്റ്റാര്‍മറുടെ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞതോടെ അവരുടെ രാജി അനിവാര്യമായി. ഡേവിഡ് ലാമിക്ക് ഉപപ്രധാനമന്ത്രി സ്ഥാനം നല്‍കിയിട്ടുണ്ടെങ്കിലും വിദേശകാര്യ സെക്രട്ടറി സ്ഥാനം നഷ്ടമായത് അദ്ദേഹത്തിനും തിരിച്ചടിയായി.
പുതിയ വിദേശകാര്യ സെക്രട്ടറി യെവറ്റ് കൂപ്പര്‍ ലേബര്‍ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. ഷബാന മഹ്മൂദും ലേബര്‍ പാര്‍ട്ടിയില്‍ 'വിശ്വസ്തയായി' കണക്കാക്കപ്പെടുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, ഭരണത്തിന്റെ തുടക്കത്തില്‍തന്നെ ഏറ്റവും കൂടുതല്‍ മന്ത്രിമാരുടെ രാജി നേരിടേണ്ടി വന്ന പ്രധാനമന്ത്രിയാണ് സ്റ്റാര്‍മര്‍.
റെയ്നറുടെ രാജി സ്റ്റാര്‍മറിന്റെ മന്ത്രിസഭയില്‍നിന്നുള്ള എട്ടാമത്തേതാണ്. സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രി കൂടിയായിരുന്നു റെയ്നര്‍. 40,000 പൗണ്ട് നികുതി വെട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തുടക്കത്തില്‍ സ്റ്റാര്‍മര്‍ പിന്തുണ നല്‍കിയെങ്കിലും റെയ്നര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
പുതിയ സര്‍വേകളില്‍ നൈജല്‍ ഫറാജിന്റെ പോപ്പുലിസ്റ്റ് പാര്‍ട്ടിയായ റിഫോം യുകെയേക്കാള്‍ ലേബര്‍ പാര്‍ട്ടി പിന്നിലാണ്. ബര്‍മിംഗ്ഹാം നഗരത്തില്‍ നടന്ന റിഫോം പാര്‍ട്ടിയുടെ സമ്മേളനത്തിന്റെ ആദ്യ ദിവസം, റെയ്നറുടെ രാജിയെക്കുറിച്ച് സംസാരിക്കാന്‍ ഫറാജ് തന്റെ പ്രസംഗം മൂന്ന് മണിക്കൂര്‍ നേരത്തെയാക്കിയതും വാര്‍ത്തയായിരുന്നു.
വടക്കന്‍ ഇംഗ്ലണ്ടിലെ തന്റെ കുടുംബവീടിന്റെ ഓഹരി ഭിന്നശേഷിയുള്ള മക്കളിലൊരാള്ക്കായി സ്ഥാപിച്ച ട്രസ്റ്റിന് വിറ്റതിന് ശേഷം തെക്കന്‍ ഇംഗ്ലണ്ടിലെ കടലോര നഗരമായ ഹോവിലെ ഒരു പുതിയ വീട് റെയ്നര്‍ തന്റെ പ്രാഥമിക വസതിയായി രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടാമത്തെ വീട് വാങ്ങുമ്പോള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്കിലുള്ള നികുതി അടയ്ക്കേണ്ടി വരില്ലെന്ന് വിശ്വസിച്ചിരുന്നതായി റെയ്നര്‍ പറഞ്ഞു. എന്നാല്‍ 40,000 പൗണ്ട് നികുതി വെട്ടിച്ചിരിക്കാമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം, അവര്‍ കൂടുതല്‍ നിയമോപദേശം തേടുകയും തനിക്ക് തെറ്റ് പറ്റിയെന്നും അധിക നികുതി അടയ്ക്കുമെന്നും പറഞ്ഞിരുന്നു.
സ്വയം 'തനി തൊഴിലാളിവര്‍ഗ്ഗ' വനിത എന്ന് വിശേഷിപ്പിക്കുന്ന റെയ്നറുടെ കുട്ടിക്കാലം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. പതിനാറാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷത്തെ വന്‍ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ഉന്നത പദവിയിലെത്തുന്നതിന് മുമ്പ് 2015-ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആഷ്ടണ്‍-അണ്ടര്‍-ലൈന്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ എംപിയായിരുന്നു റെയ്നര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.