മധ്യപ്രദേശ് : സാഗറിന്‍റെ പുലരികൾക്ക് സ്വന്തമായൊരു മായാജാലമുണ്ട്. ശാന്തമായ വയലുകളില്‍ സൂര്യന്‍റെ ആദ്യകിരണങ്ങൾ പതിക്കുമ്പോള്‍ കാറ്റിന്‍റെ മര്‍മരവും പക്ഷികളുടെ നാദവും മാത്രമല്ല ക്ലാസിക്കല്‍ സംഗീതത്തിന്‍റെ മൃദുല നാദവുമുണ്ടവിടെ. രാവിലെ അഞ്ചുമണി മുതല്‍ ഏക്കര്‍ കണക്കിന് കൃഷിയിടത്തിലാണ് ക്ലാസിക്കല്‍ ഈണങ്ങള്‍ ഒഴുകിയെത്തുന്നത്. ഇത് തൊഴിലാളികൾക്കുള്ള പശ്ചാത്തല സംഗീതമല്ല, വിളകൾക്കുള്ള ഒരു കച്ചേരിയാണ്...
കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന ഒന്നാണെങ്കിലും സൂര്യോദ സമയത്തും സൂര്യാസ്‌തമയ സമയത്തും ഈ സംഗീതം വയലേലകളില്‍ മുഴുകി കേള്‍ക്കും. മധ്യപ്രദേശിലെ സാഗറിലെ യുവ കര്‍ഷകനായ ആകാശ് ചൗരസ്യയാണ് ഈ സംഗീതം തന്‍റെ കൃഷിയിടത്തില്‍ ഒരുക്കിയിരിക്കുന്നത്. പത്ത് വര്‍ഷത്തിലേറെയായി തന്‍റെ ചെടികള്‍ക്ക് ഈ സംഗീതം പകരുന്നുണ്ട്. രാവിലെ അഞ്ചുമണി മുതല്‍ എട്ടുമണിവരെയാണ് ഈ സംഗീതം കേള്‍പ്പിക്കുക. വൈകുന്നേരം അഞ്ചുമണി മുതല്‍ ഏഴ് മണിവരെയുണ്ടാകും. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ഇത് വിളവിന്‍റെ രഹസ്യമായി മാറിയിരിക്കുകയാണ്.
കൃഷിയിടങ്ങളുടെ സ്വാഭാവികമായ സെറിനേഡ്, ബംബിൾബീകളുടെ മൂളൽ, ഇലകൾ ആടുന്ന ശബ്ദം, പക്ഷികളുടെ ശബ്‌ദം എന്നിവ ആഘോഷിക്കുന്ന ബോളിവുഡ് ട്രാക്കുകളുടെ ബാല്യകാല ഓർമ്മകളാണ് അദ്ദേഹത്തിന് ഇത്തരമൊരും പരീക്ഷണത്തിന് പ്രചോദനമായത്. ഇവ സാങ്കൽപ്പിക സിനിമാ നിമിഷങ്ങളല്ലെന്നും അവ പ്രകൃതിയുടെ യഥാർത്ഥ ശബ്‌ദട്രാക്കാണെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെയാണ് തന്‍റെ കൃഷിയിടത്തില്‍ സംഗീതം ഒരുക്കിയത്.
മ്യൂസിക്കല്‍ തെറാപ്പി
ഒരു മ്യൂസിക്കല്‍ തെറാപ്പിയിലൂടെ ആകാശ് തന്‍റെ വികളെ രോഗികളെ പോലെ ചികിത്സിക്കുകയാണ്. വിത്തുകള്‍, മുളകള്‍, വളര്‍ച്ചയിലായ ചെടികള്‍, വിളവെടുക്കാനൊരുങ്ങുന്ന സസ്യങ്ങള്‍ ഇങ്ങനെ ഓരോ ഘട്ടത്തിനും ഓരോ സംഗീതമാണ്. പ്രത്യേകം നട്ട വിത്തുകള്‍ക്ക് മൃദുവായ ക്ലാസിക്കല്‍ സംഗീതമാണ് കേള്‍പ്പിക്കുന്നത്. എന്നാല്‍ വിളവെടുത്ത് സമയത്ത് വിജയത്തിന്‍റെ ആഘോഷം പോലെ സംഗീതം വീണ്ടും മാറി മറിയാറുണ്ട്.
ഒരേ മണ്ണിലും ഒരേ വിത്തുകളിലും പരീക്ഷണം നടത്തി. വ്യത്യാസം സംഗീതം മാത്രമായിരുന്നു. പക്ഷേ സംഗീതം കേട്ട വിളകൾ വേഗത്തിൽ വളർന്നു നേരത്തെ പാകമായി, 15–20% അധിക വിളവ് നൽകി. കറുത്ത മഞ്ഞളിൽ നടത്തിയ പരീക്ഷണത്തിൽ രോഗപ്രതിരോധശേഷിയും കുർക്കുമിൻ ഉള്ളടക്കവും കൂടുതലാണെന്ന് കണ്ടെത്തി. സംഗീതം പശുക്കളുടെയും മണ്ണിരകളുടെയും ജീവിതത്തിലും പുതുമ നിറച്ചു. സംഗീതം കേട്ട പശുക്കൾ അധികം പാൽ നൽകി, മണ്ണിരകൾ മണ്ണിൽ കൂടുതൽ സജീവമായി.
"ഒരേ മണ്ണ് അതേ പരിചരണം അതേ സാഹചര്യങ്ങള്‍ സംഗീതം മാത്രമായിരുന്നു വ്യത്യസ്‌തമായിട്ടുള്ളത്. ഇത് നിങ്ങള്‍ക്ക് തന്നെ കാണാന്‍ കഴിയും", ആകാശ് ആകാംക്ഷയോടെ പറഞ്ഞു.
പ്രകൃതി കൃഷി ആരോഗ്യകരമായ അന്തരീക്ഷത്തിൽ ആണ് വളരുന്നത്. സംഗീതം മനുഷ്യരുടെ മനസ്സ് ശാന്തത നല്‍കുന്നുവെങ്കില്‍ വിളകൾക്കും അതിന്റെ പ്രതിഫലം അനുഭവിക്കാതെ ഇരിക്കില്ല.”കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ആശിഷ് ത്രിപാഠി പറയുന്നു “
സ്വപ്‌നവും പ്രതീക്ഷയും
ആകാശിന് വിളവിനേക്കാള്‍ പ്രധാനം മനുഷ്യന് പ്രകൃതിയുമായി നഷ്‌ടപ്പെട്ട ബന്ധം വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണിത്. സന്ധ്യയിൽ വയലിലൂടെ നടക്കുമ്പോൾ, സംഗീതത്തോടൊപ്പം തലോടുന്ന പച്ചപ്പിലേക്കു നോക്കി അദ്ദേഹം പറഞ്ഞു, “ഇത് വിളകളെക്കുറിച്ചല്ല, ജീവിതത്തെ വീണ്ടും കേൾക്കാനുള്ള ഒരു അവസരമാണ്.”
അങ്ങനെ പ്രകൃതിയുടെ സ്വന്തം താളത്തില്‍ ഓരോ പുലരിയും ഒരു പുതിയ കച്ചേരിക്കായി കാതോര്‍ക്കും... വയലുകളിലൂടെ അവ കേള്‍ക്കും വളര്‍ച്ചയുടെ ആ ഗാനം...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.