മലപ്പുറം: മഴക്കാലം തുടങ്ങിയതോടെ പാടത്തും പറമ്പിലുമെല്ലാം പാമ്പുകളെ കൂടുതലായി കാണാറുണ്ട്. പാമ്പുകളുടെ പ്രജനനകാലം കൂടിയാണ് മഴക്കാലം എന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ പ്രധാനിയാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ്. വീടിന്‍റെ പരിസരത്ത് നിന്നും കോഴിക്കൂട്ടില്‍ നിന്നുമൊക്കെ മലമ്പാമ്പിനെ പിടികൂടുന്നത് നിത്യസംഭവമായിരിക്കുകയാണ്.
ഇപ്പോഴിതാ മലമ്പാമ്പിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റര്‍ക്ക് കടിയേറ്റു എന്ന വാര്‍ത്തയാണ് വരുന്നത്. പേടിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മലപ്പുറം തിരൂര്‍ പുറത്തൂരിലാണ് സ്നേക്ക് മാസ്റ്റര്‍ മുസ്‌തഫ തിരൂരിന് മലമ്പാമ്പിന്‍റെ കടിയേറ്റത്.
മുസ്‌തഫയുടെ കൈയിലാണ് കടിയേറ്റത്. കയ്യിൽ കടിയേറ്റിട്ടും പാമ്പിനെ പിടികൂടിയതിന് ശേഷമാണ് അദ്ദേഹം പ്രാഥമിക ചികിത്സ തേടിയത്. ഇന്നലെ (സെപ്‌റ്റംബര് 16) രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പുറത്തൂർ സ്വദേശി ബാബുവിന്‍റെ വീട്ടിൽ വിറകുപുരയ്ക്ക് സമീപമാണ് രാത്രിയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പാമ്പിനെ പിടികൂടി ഒരു ചാക്കിലാക്കി കോഴിക്കൂട്ടിൽ അടച്ചു. എന്നാല്‍ പാമ്പ് ഇതിനോടകം ചാക്കില്‍ നിന്ന് പുറത്ത് വന്നിരുന്നു.
രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുസ്‌തഫ കൂട്ടിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. പാമ്പിന്‍റെ വാലിൽ പിടിച്ച് പുറത്തേക്കെടുക്കാൻ ശ്രമിക്കുന്നതിനിടെ മലമ്പാമ്പ് മുസ്‌തഫയ്ക്ക് നേരെ ചീറിയടുക്കുകയും കൈവിരലിനും സമീപത്തും കടിച്ച് പിടിക്കുകയുമായിരുന്നു.
15 അടിയോളം നീളമുള്ള മലമ്പാമ്പാണിത്. മുസ്‌തഫ മലമ്പാമ്പിന്‍റെ വാലില്‍ പിടിച്ച് പുറത്തേക്ക് എടുക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടയില്‍ പാമ്പ് പെട്ടെന്ന് ചീറിയടുക്കുന്നതും കയ്യില്‍ കടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പലതവണ പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചാക്കിലേക്ക് കയറ്റുന്നതിനിടയിലും പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്.
കടിയേറ്റുവെങ്കിലും പതറാതെ പാമ്പിനെ പിടികൂടി ചാക്കിലാക്കിയ ശേഷമാണ് മുസ്‌തഫ ചികിത്സ തേടിയത്. നാട്ടുകാർ പാമ്പിനെ പിടിക്കുന്നതിൽ വൈദഗ്ദ്യമില്ലാതെ പിടിക്കൂടാൻ ശ്രമിക്കുന്നതിനിടെ സ്വാഭാവികമായും പാമ്പിന് വേദനിച്ചിട്ടുണ്ടാവും കാണും. ഇതാവും ഒരുപക്ഷേ പാമ്പിനെ പ്രകോപിപ്പിച്ചതും അക്രമകാരിയാക്കിയതും.
പാമ്പിനെ മനസിലാക്കാൻ സ്നേക്ക് മാസ്റ്റർക്ക് കഴിയണം എന്നില്ല. ഇതാണ് അപകടത്തിന് വഴിയായത് എന്നാണ് മുസ്തഫ പറയുന്നത്. മലമ്പാമ്പിന് വിഷമില്ലാത്തതിനാൽ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറി.
പെരുമ്പാമ്പ് കടിക്കുമോ
മലമ്പാമ്പ് കടിക്കുമോ ഇല്ലയോ എന്നത് പലരുടെയു സംശയമാണ്. എന്നാല്‍ മലമ്പാമ്പ് കടിക്കും. പക്ഷേ വിഷമില്ല. ഇതുകൊണ്ട് കടിച്ചാലും പ്രശ്‌നമില്ലെന്ന് ധരിക്കരുത്. നല്ല ബലമുള്ള പല്ലുകള്‍ ആയതിനാല്‍ കടിയുടെ ആഘാതം വളരെ വലുതായിരിക്കും. മുറിവില്‍ അണുബാധയുണ്ടാകാന്‍ ഇടയുണ്ട്. മുറിവില്‍ പച്ചമരുന്നുകള്‍ വച്ചുകെട്ടുന്നതും മറ്റ് രീതികളും ഒഴിവാക്കുക. കടിയേറ്റ ആളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് വേണ്ട ചികിത്സ തേടേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.